ശാരി മരിച്ചിട്ട്‌ ആറു വര്‍ഷം; കിളിരൂര്‍ പീഡനക്കേസ്‌ അന്വേഷണം മരവിച്ചു

November 12, 2010 കേരളം,മറ്റുവാര്‍ത്തകള്‍

ചങ്ങനാശേരി: കിളിരൂര്‍ പീഡനക്കേസ്‌ അന്വേഷണം മരവിച്ചു. കിളിരൂര്‍ പീഡനക്കേസിനിരയായ ശാരി മരിച്ചിട്ട്‌ നാളെ ആറു വര്‍ഷം. കേസിന്റെ പുനരന്വേഷണം ആവശ്യപ്പെട്ട്‌ ശാരിയുടെ മാതാപിതാക്കളായ സുരേന്ദ്രന്‍, ശ്രീദേവി, ശാരിയുടെ ആറുവയസുള്ള മകള്‍ സ്‌നേഹ എന്നിവര്‍ നാളെ സെക്രട്ടേറിയേറ്റു നടയില്‍ ഉപവാസം അനുഷ്‌ഠിക്കും.
അധികാരത്തിലെത്തിയാല്‍ സ്‌ത്രീപീഡനക്കേസിലെ പ്രതികളെ കൈയാമംവച്ച്‌ കല്‍ത്തുറങ്കില്‍ അടയ്‌ക്കുമെന്നും കിളിരൂര്‍ പീഡനക്കേസിലെ വിഐപികളെ ജയിലഴി എണ്ണിക്കുമെന്നും പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയായി നാലരവര്‍ഷം പിന്നിട്ടിട്ടും കിളിരൂര്‍ കേസിനെക്കുറിച്ചു കാര്യമായി അന്വേഷിച്ചില്ലെന്നാരോപിച്ചാണ്‌ ശാരിയുടെ മാതാപിതാക്കളും മകളും സെക്രട്ടേറിയേറ്റ്‌ പടിക്കല്‍ ഉപവാസം അനുഷ്‌ഠിക്കുന്നത്‌. കിളിരൂര്‍ കേസിന്റെ ആക്‌ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ രാജു പുഴങ്കരയുടെ നേതൃത്വത്തിലാണു സമരപരിപാടി.
പീഡനത്തിരയായ ശാരി 2004 ഓഗസ്റ്റ്‌ 14-നാണ്‌ സ്‌നേഹയ്‌ക്കു ജന്മം നല്‍കിയത്‌. ആഴ്‌ചകളോളം അബോധാവസ്ഥയില്‍ കഴിഞ്ഞ ശാരി 2004 നവംബര്‍ 13-നാണ്‌ മരിച്ചത്‌. തൃക്കൊടിത്താനം ആരമലയിലുള്ള വീട്ടുവളപ്പിലാണു ശാരിയുടെ മൃതദേഹം സംസ്‌കരിച്ചത്‌. കേസന്വേഷണം കാര്യമായി നടന്നില്ലെന്നു മാത്രമല്ല ശാരിയുടെ മരണത്തെക്കുറിച്ചു പുനരന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ നിവേദനങ്ങളും കേസിന്റെ ഫയലുകളും മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന്‌ അപ്രത്യക്ഷമാവുകയും ചെയ്‌തിരുന്നു. ഫയലുകള്‍ കാണാതായ വിവരം മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്ന സുരേഷ്‌കുമാറാണ്‌ വെളിപ്പെടുത്തിയത്‌. സിബി ഐ അന്വേഷിച്ച കിളിരൂര്‍ പീഡനക്കേസ്‌ ഇപ്പോള്‍ സിബിഐ കോടതിയിലാണ്‌. സിബിഐയുടെ അഭിഭാഷകന്‍ ഹാജരാകാത്തതുമൂലം കേസ്‌ വിചാരണ നടക്കാതെ നീണ്ടുപോകുകയാണ്‌. കേസ്‌ വാദിക്കാന്‍ പ്രത്യേക പ്രോസിക്യൂട്ടറെ നിയോഗിക്കണമെന്ന ആക്‌ഷന്‍ കൗണ്‍സിലിന്റെ ആവശ്യവും ചെവിക്കൊണ്ടിട്ടില്ല. കഴിഞ്ഞവര്‍ഷം ഈ ആവശ്യമുന്നയിച്ച്‌ ക്ലിഫ്‌ഹൗസിനു മുന്നില്‍ ഉപവാസമനുഷ്‌ഠിച്ച ശാരിയുടെ മാതാപിതാക്കളെ പോലീസ്‌ അറസ്റ്റുചെയ്‌തു നീക്കുകയായിരുന്നു. ഇക്കാര്യങ്ങളടങ്ങിയ നിവേദനം നാളെയും മുഖ്യമന്ത്രിക്കു സമര്‍പ്പിക്കുമെന്നു സുരേന്ദ്രനും ശ്രീദേവിയും പറഞ്ഞു.
ശാരിയുടെ മകള്‍ സ്‌നേഹ ഇപ്പോള്‍ തൃക്കൊടിത്താനം ബയാസ്‌ സ്‌കൂളിലെ ഒന്നാം ക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌. സീരിയലില്‍ അഭിനയിക്കാന്‍ അവസരം വാഗ്‌ദാനം ചെയ്‌തു കൊണ്ടുപോയ ശാരിയെ ഉന്നതരടക്കം ഒട്ടേറെപ്പേര്‍ക്കു കാഴ്‌ചവച്ചതായും ലൈംഗികപീഡനത്തിനിരയായ ശാരി മാരകരോഗം ബാധിച്ചു മരണപ്പെട്ടതായുമാണ്‌ കേസ്‌. കേസിലെ ഏതാനും പേരെ അറസ്റ്റുചെയ്‌തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം