പൈപ്പ് പൊട്ടി: തിരുവനന്തപുരത്ത് വീണ്ടും കുടിവെള്ള വിതരണം മുടങ്ങി

March 3, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി. അരുവിക്കരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വെള്ളമെത്തിക്കുന്ന പൈപ്പ്‌ലൈന്‍ കുമ്മിയിലാണ് പൊട്ടിയത്. ഇതേത്തുടര്‍ന്ന് പമ്പിങ് നിര്‍ത്തിവെച്ചു. മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജലവിതരണം മുടങ്ങി. ഇതുവരെ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

കഴിഞ്ഞ തിങ്കളാഴ്ച പൊട്ടിയ അതേ പൈപ്പില്‍ തന്നെയാണ് വീണ്ടും ചോര്‍ച്ച കണ്ടെത്തിയത്. ഇനിയും പൈപ്പ് പൊട്ടാന്‍ സാധ്യതയുണ്ടെന്ന് ജലഅതോറിറ്റി അറിയിച്ചു. നേരത്തെ പൊട്ടിയ ഭാഗത്തെ ചോര്‍ച്ചയാണ് വീണ്ടും പൈപ്പ് പൊട്ടാന്‍ കാരണം.

നാല് പൈപ്പ് ലൈനുകളില്‍ ഒന്നാണ് പൊട്ടിയത്. മെഡിക്കല്‍ കോളേജ്, സ്റ്റാച്യു, ഉള്ളൂര്‍, വഴുതക്കാട്, എയര്‍പോര്‍ട്ട്, കണ്ണമ്മൂല, പാറ്റൂര്‍ എന്നിവിടങ്ങളില്‍  കുടിവെള്ള വിതരണം മുടങ്ങി. ഇതേസമയം കുടിവെള്ള വിതരണത്തിലെ തകരാര്‍ പരിഹരിക്കാന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. വൈകുന്നേരത്തിനകം താല്‍ക്കാലിക പരിഹാരം കാണാനാകുമെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്നുള്ള പ്രതിസന്ധി മറിക്കടക്കാന്‍ തിരുവനന്തപുരം മേയര്‍ അടിയന്തര യോഗം വിളിച്ചു. ആറ്റുകാല്‍ പൊങ്കാല നടക്കുന്ന ദിവസം കുടിവെള്ള വിതരണം മുടങ്ങിയത് നഗരവാസികളെ ദുരിതത്തിലാക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം