കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ പിടിയില്‍

March 3, 2013 കേരളം

തൃശൂര്‍: ചാലക്കുടിയില്‍ നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബന്ധുക്കളായ രണ്ട് പേര്‍ പൊലീസ് പിടിയില്‍. അന്നമനട സ്വദേശിയായ ഗിരീഷും അയാളുടെ അമ്മാവന്‍ വിനോദുമാണ് പിടിയിലായത്. പണത്തിനു വേണ്ടിയാണ് തട്ടിക്കൊണ്ടു പോകലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇവരെ സഹായിച്ച നാലുപേരെയുംകസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും കണ്ടെടുത്തിട്ടുണ്ട്. മോചനദ്രവ്യം ആവശ്യപ്പെട്ട് പ്രതികള്‍ വിളിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

തട്ടിക്കൊണ്ട് പോയ കുട്ടിയുടെ അച്ഛന്‍ സ്വര്‍ണപ്പണിക്കാരനാണ്. പിടിയിലായ വിനോദിന്റെ ബന്ധുവായ സ്ത്രീ ജോലി ചെയ്യുന്ന കടയിലാണ് അദ്ദേഹം സ്വര്‍ണം നിര്‍മ്മിച്ചു നല്‍കുന്നത്. ബന്ധുവില്‍ നിന്ന് മധുവിനെപ്പറ്റി കേട്ടറിഞ്ഞ വിനോദ് പണത്തിന് ആവശ്യം വന്നപ്പോള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയി പണം ആവശ്യപ്പെടുകയായിരുന്നു.

ദിവസങ്ങളോളെ ആസൂത്രണം നടത്തിയ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകല്‍ നടപ്പാക്കിയത്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ കുട്ടിയെ ഉപേക്ഷിച്ച് ഇരുവരും രക്ഷപ്പെടുകയായിരുന്നു. ഇവരെ സഹായിച്ചവരും പൊലീസ് പിടിയിലായിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം