സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു

March 3, 2013 കേരളം

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ സൂപ്രണ്ടുമാര്‍ അടക്കമുള്ള ഡോക്ടര്‍മാര്‍ രണ്ടുദിവസമായി നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് ഒത്തു തീര്‍ന്നു. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറുമായി സമരം നടത്തുന്ന കേരള ഗവണ്‍മെന്റ് മെഡിക്കല്‍ അസോസിയേഷന്റെ നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടിനെ അകാരണമായി സ്ഥലം മാറ്റിയെന്നാരോപിച്ചാണ് ഡോക്ടര്‍മാര്‍ നിസഹകരണ സമരം തുടങ്ങിയത്. സൂപ്രണ്ടിനെ സ്ഥലം മാറ്റിയ സംഭവം സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി .മന്ത്രി നല്‍കിയ ഉറപ്പില്‍ സമരം തല്‍ക്കാലത്തേക്ക് അവസാനിപ്പിക്കുകയാണെന്നു ഡോക്ടര്‍മാരുടെ സംഘടനാ നേതാക്കള്‍ അറിയിച്ചു. രണ്ടുദിവസമായി ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം സംസ്ഥാനത്തൊട്ടാകെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം