പാകിസ്ഥാനില്‍ രണ്ടിടത്ത് സ്‌ഫോടനം: 45 മരണം

March 4, 2013 രാഷ്ട്രാന്തരീയം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കറാച്ചിയില്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 45 പേര്‍ കൊല്ലപ്പെട്ടു. ഷിയാ വിഭാഗക്കാരുടെ ജനവാസ കേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങള്‍. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക.

രണ്ട് സ്‌ഫോടനങ്ങള്‍ തീര്‍ത്ത ആഘാതത്തില്‍ കറാച്ചി നഗരം മുഴുവന്‍ നടുങ്ങി വിറച്ചു. കറാച്ചിയില്‍ ഷിയ വിഭാഗക്കാര്‍ കൂടുതല്‍ എത്തുന്ന പള്ളിയ്ക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. 45 പേരുടെ മരണം സ്ഥീരികരിച്ചിട്ടുണ്ടെങ്കിലും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ഔദ്യോഗിക അറിയിപ്പ്. 150ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

വൈകുന്നേരം നിസ്‌കാര പ്രാര്‍ത്ഥന കഴിഞ്ഞ സമയത്തായിരുന്നു സ്‌ഫോടനം. വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയെ തുടര്‍ന്ന് നഗരത്തില്‍ പുകപടലം നിറഞ്ഞു. തൊട്ടുപിറകേ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതോടെ രക്ഷാപ്രവര്‍ത്തനവും മന്ദഗതിയിലായി. ഏറെ സമയമെടുത്താണ് രക്ഷാപ്രവര്‍ത്തനം ആരംഭിക്കാനായത്. ആദ്യ സ്‌ഫോടനം നടന്നു തൊട്ടുപിറകേ എന്താണു സംഭവിച്ചതെന്ന് മനസിലാക്കും മുമ്പ് തന്നെ രണ്ടാമത്തെ സ്‌ഫോടനവും ഉണ്ടായി. ചാവേര്‍ ആക്രമണമാണോ എന്ന് പോലീസ് അന്വേഷിച്ചു വരുന്നു. കഴിഞ്ഞമാസം ഷിയകള്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ 200 പേര്‍ കൊല്ലപ്പെട്ടിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം