സൂര്യനെല്ലിക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ മാറ്റി

March 4, 2013 കേരളം

കൊച്ചി: സൂര്യനെല്ലിക്കേസിലെ 17 പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 15-ലേക്ക് മാറ്റി. ജസ്റ്റിസ് കെ.ടി.ശങ്കരന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി മാറ്റിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു. പ്രതികള്‍ നടത്തിയത് ഹീനമായ കുറ്റകൃത്യമാണ്. ഇവര്‍ നിരപരാധികളാണെന്ന് കരുതാനാവില്ലെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.ആസിഫലി കോടതിയില്‍ സമര്‍പ്പിച്ച പത്രികയില്‍ പറയുന്നു. പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി അസാധുവാക്കിയെന്നും ഈ സാഹചര്യത്തില്‍ സൂര്യനെല്ലി കേസ് പരിഗണിച്ച കോട്ടയത്തെ പ്രത്യേക കോടതിയുടെ ശിക്ഷ നിലനില്‍ക്കുന്നുവെന്നും, പ്രതികള്‍ കീഴടങ്ങിയ ശേഷം മാത്രമേ ജാമ്യം നല്‍കാവുവെന്നും ഡിജിപി കോടതിയെ അറിയിച്ചു. സുപ്രീം കോടതി വിധിക്കെതിരേ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഏപ്രില്‍ രണ്ടിനു പരിഗണിക്കും. കഴിഞ്ഞ തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചിരുന്നുവെങ്കിലും കേസുമായി ബന്ധപ്പെട്ട ഉത്തരവുകളും മറ്റു രേഖകളും ലഭ്യമായിരുന്നില്ല. തുടര്‍ന്ന് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 35 പ്രതികളാണുണ്ടായിരുന്നത്. കോട്ടയത്തെ പ്രത്യേക കോടതി പ്രതികള്‍ കുറ്റക്കാരെന്ന് കണ്െടത്തി ശിക്ഷിച്ചിരുന്നു. എന്നാല്‍ കേസിലെ പ്രതിയായ ധര്‍മരാജനൊഴികെ മറ്റുള്ളവരെ ഹൈക്കോടതി പ്രതികളെ വെറുതെവിട്ടു. തുടര്‍ന്ന് സുപ്രീം കോടതി കേസ് പരിഗണിച്ച് ഹൈക്കോടതിയുടെ വിധി അസാധുവാക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം