ചേര്‍ത്തലയില്‍ റെയില്‍വേ ട്രാക്മെഷീന്‍ പാളം തെറ്റി

March 4, 2013 കേരളം

ചേര്‍ത്തല: ചേര്‍ത്തലയില്‍ റെയില്‍വേ ട്രാക്മെഷീന്‍ പാളം തെറ്റി. തിങ്കളാഴ്ച പുലര്‍ച്ചെ 3.40-തിനാണ് സംഭവം. റെയില്‍വേ പാളത്തില്‍ മെറ്റല്‍ അരിച്ച് ഇടുന്ന ബിസിഎം എന്ന മെഷീനാണ് പാളം തെറ്റിയത്. ചേര്‍ത്തല റെയില്‍വേ സ്റേഷനിലെ മൂന്നാം നമ്പര്‍ പ്ളാറ്റ്ഫോമിലാണ് അപകടം. പാളം പണിനടക്കുന്ന മാരാരിക്കുളം ഭാഗത്തേക്ക് മെഷീന്‍ കൊണ്ടുപോകുന്നവഴി സ്റേഷനു തെക്കു ഭാഗത്തായിരുന്നു അപകടം. ചേര്‍ത്തല റെയില്‍വേ സ്റേഷനിലെ സിഗ്നല്‍ സിസ്റത്തിന്റെ കേബിളുകളും പോട്ടിച്ചാണ് ബിസിഎം മെഷീന്‍ നിന്നത്. ഇതോടെ ചേര്‍ത്തല റെയില്‍വേ സ്റേഷനിലെ സിഗ്നനലുകള്‍ തകരാറിലായി. എറണാകുളത്തു നിന്നും റെയില്‍വേ ഉദ്യോഗസ്ഥരെത്തി പാളം തെറ്റിയ ബിസിഎം മെഷീന്‍ ജാക്കി ഉപയോഗിച്ചു ഉയര്‍ത്തി തിരിച്ച് പാളത്തില്‍ തന്നെയാക്കി. എന്നാല്‍ കേബിള്‍ തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ചേര്‍ത്തല റെയില്‍വേ സ്റേഷനിലെ നാലു പ്രധാന കേബിളുകളാണ് പൊട്ടിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് ശരിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. സിഗ്നല്‍ തകരാറിലായതോടെ ട്രെയിനുകള്‍ പല സ്ഥലങ്ങളിലും പിടിച്ചിട്ടു. തീരദേശപാതയില്‍ ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഇതോടെ രാവിലെ തീരദേശപാതയിലെ ട്രെയിന്‍ യാത്രക്കാര്‍ ദുരിതത്തിലായി. ട്രെയിനില്ലാത്തതിനാല്‍ പലരും ജോലിക്കു പോകാനാകാതെ തിരിച്ച് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം