ധാക്കയില്‍ രാഷ്ട്രപതി താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ സ്ഫോടനം

March 4, 2013 പ്രധാന വാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

pranab-mukherjee_2.gifധാക്ക: ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ സ്ഫോടനം. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. നാടന്‍ ബോംബാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സ്ഫോടനസമയത്ത് രാഷ്ട്രപതി ഹോട്ടലില്‍ ഉണ്ടായിരുന്നോ എന്ന കാര്യവും വ്യക്തമായിട്ടില്ല. രണ്ടു ദിവസത്തെ ബംഗ്ളാദേശ് സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഞായറാഴ്ചയാണ് ധാക്കയിലെത്തിയത്. ഇന്ന് രാവിലെ ബംഗ്ളാദേശ് സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. സ്ഫോടനമുണ്ടായ കാരണത്താല്‍ രാഷ്ട്രപതിയുടെ ബംഗ്ളാദേശ് പര്യടനം വെട്ടിച്ചുരുക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കനത്ത സുരക്ഷ മറികടന്നാണ് ഹോട്ടലിന് മുന്നില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തെ തുടര്‍ന്ന് രാഷ്ട്രപതിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഹോട്ടലിന് മുന്നില്‍ കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. യുദ്ധക്കുറ്റം ചുമത്തി കഴിഞ്ഞ ദിവസം ബംഗ്ളാദേശില്‍ ജമാ അത്തെ ഇസ്ലാമി നേതാവ് ധല്‍വാര്‍ ഹുസൈന്‍ സയ്യിദിയെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇതേതുടര്‍ന്ന് ജമാ അത്തെ ഇസ്ലാമി രാജ്യത്ത് രണ്ടു ദിവസത്തെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍