സാഹോദര്യ സന്ദേശം

March 4, 2013 ഉത്തിഷ്ഠത ജാഗ്രത

സത്യാനന്ദപ്രകാശം-8 (ഹനുമത്പ്രഭാവനായ സ്വാമി വിവേകാനന്ദന്‍)
ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍
പരിധികള്‍ നിര്‍ണ്ണയിക്കാനരുതാത്തവിധം വിസ്തൃതമായ അര്‍ത്ഥമണ്ഡലങ്ങളോടുകൂടിയ സംബോധനയായിരുന്നു സ്വാമി വിവേകാനന്ദനില്‍നിന്നു ലോകം അന്നു കേട്ടത്. മഹാത്മാക്കളായ ഋഷിമാരുടെ വാക്കിനു പിന്നാലെ അര്‍ത്ഥം ഓടിയെത്തുമെന്ന പ്രാചീനവചസ്സിനെ – ‘ഋഷിണാം പുനരാദ്യാനാം വാചമര്‍ത്ഥോനുധാവതി’ – അതു പ്രത്യക്ഷമായി അനുഭവപ്പെടുത്തുന്നു. അമേരിക്കയിലെ സഹോദരീ സഹോദരന്മാരേ എന്ന സംബോധന കേള്‍ക്കുമ്പോള്‍ വളരെ ലളിതമെന്നു ആര്‍ക്കും തോന്നിപ്പോകും. പക്ഷേ ഒരുനിമിഷം ഏകാഗ്രമായ് ചിന്തിക്കുമ്പോഴാണ് അനുക്ഷണം വര്‍ദ്ധിക്കുന്ന ഗാംഭീര്യത്തിനു അതു വഴിമാറുന്നതു തിരിച്ചറിയാനാവുക. അതിനു സമാനമായൊന്ന് വിശ്വചരിത്രത്തില്‍ ഉണ്ടാവുകവയ്യതന്നെ. ഭാരതീയ സംസ്‌കൃതിയുടെ ആധാരതത്ത്വങ്ങളെ എല്ലാറ്റിനെയും അതു ഹൃദയത്തില്‍ വഹിക്കുന്നതു കാണുമ്പോള്‍ ആരും അത്ഭുതപ്പെട്ടുപോകും.

വിശ്വസാഹോദര്യത്തിന്റെയും സര്‍വസമത്വത്തിന്റെയും മാനവമഹത്വത്തിന്റെയും ഊഷ്മളമായ മഹാപ്രഖ്യാപനമാണ് അത്. ഇതിലെന്തു വിശേഷമിരിക്കുന്നു എന്ന് ചിലരെങ്കിലും ഇക്കാലത്തു ചിന്തിച്ചുപോകാം. സമത്വാദര്‍ശങ്ങളെപ്പറ്റി ഏറിയപങ്കും പൊള്ളയായ പ്രസംഗങ്ങള്‍ ആഘോഷപൂര്‍വം അരങ്ങുതകര്‍ത്തുകൊണ്ടിരിക്കുന്ന ഈ യുഗത്തില്‍ സ്വാമിജിയുടെ വാക്കുകളുടെ മഹിമ പലര്‍ക്കും തെളിഞ്ഞുകിട്ടിയെന്നു വരികയില്ല. ഒരു ഋഷിവര്യന്റെ സ്‌നേഹമസൃണമായ വചസ്സുകളെന്ന ബഹുമതി മാത്രം ചാര്‍ത്തിവച്ച് അധികമാളുകളും തൃപ്തിനേടുകയും ചെയ്യും. വരാനിരിക്കുന്ന യുഗങ്ങളില്‍ പ്രകാശം ചൊരിയേണ്ട ആ വാക്കുകളുടെ സാംഗത്യത്തെ ഇങ്ങനെ ചുരുക്കിക്കളയുന്നത് വന്‍നഷ്ടം തന്നെയായിരിക്കും. അതു സംഭവിക്കാതിരിക്കാന്‍ ആ കാലഘട്ടത്തെ അടുത്തു പഠിക്കണം. കോളനിവല്‍ക്കരണവും അതിനു വേണ്ടിയുള്ള യുദ്ധ കോലാഹലങ്ങളും വര്‍ണ്ണവിവേചനവും ചൂഷണങ്ങളും അടിച്ചമര്‍ത്തലുകളും അംഗീകൃതമായ അവകാശാധികാരങ്ങളായി ആസുരതാണ്ഡവമാടിയിരുന്ന കാലഘട്ടത്തിലാണ് വിശ്വമനസ്സാക്ഷിയുടെ കണ്ണുതുറപ്പിക്കുവാന്‍ സ്വാമിജിയില്‍നിന്ന് ഈ വാക്കുകള്‍ പുറപ്പെട്ടത്.

അന്നു നടമാടിയിരുന്ന മനുഷ്യത്വ ലംഘനങ്ങളുടെ ക്രൂരത തിരിച്ചറിയണമെങ്കില്‍ വിശ്വചരിത്രമോ ഭാരതചരിത്രമോ തെല്ലൊന്നു മറിച്ചുനോക്കണം. ജാലിയന്‍ വാലാബാഗില്‍ സമാധാനപൂര്‍ണ്ണമായി ഒത്തുചേര്‍ന്ന സ്വാതന്ത്രോപാസകര്‍ കൂട്ടക്കൊലചെയ്യപ്പെട്ടതും ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കംപാര്‍ട്ടുമെന്റില്‍ പ്രവേശിച്ചതിനു മഹാത്മജി ഭീകരമായി മര്‍ദ്ദിക്കപ്പെട്ടതും അങ്ങനെ അനന്ത ദുര്‍ഘടങ്ങളും പില്‍ക്കാലത്തു സംഭവിച്ചവയാണ്. അതില്‍നിന്നു വിവേകാനന്ദന്റെ  കാലഘട്ടത്തിലെ സാഹചര്യം ഊഹിക്കാവുന്നതേയുള്ളു. സമത്വവും സ്വാതന്ത്ര്യവുമെല്ലാം വിലക്കപ്പെട്ടിരുന്ന യുഗത്തിനു നടുവില്‍ നിന്നുകൊണ്ടാണ് ആ മഹാപുരുഷന്‍ വിശ്വസാഹോദര്യം വിളംബരം ചെയ്തത്. അടിമയാക്കപ്പെട്ട ജന്മനാട്ടില്‍നിന്നു വളരെയകലെ അസ്ഥികളെപ്പോലും കാര്‍ന്നുതിന്നുന്ന പട്ടിണിയുടെയും തണുപ്പിന്റെയും കടന്നാക്രമണങ്ങളില്‍ ആശ്രയമേതുമില്ലാതെ ചിക്കാഗോ റയില്‍വേ ഗുഡ്‌സ്‌യാഡില്‍ ചരക്കുകള്‍ നിറയ്ക്കാനുള്ള വാഗണുകള്‍ക്കൊന്നിനുള്ളില്‍ ഒഴിഞ്ഞ തകരപ്പാട്ടകള്‍ക്കുനടുവില്‍ തലേന്നു രാത്രി വിറച്ചുകിടന്ന നിഷ്‌കിഞ്ചനനായ ഒരു ഭാരതപുത്രന്റെ ഹൃദയത്തിനുള്ളില്‍ നിന്നു ബഹിര്‍ഗമിച്ച ആ വാക്കുകളില്‍ സമകാലയാഥാര്‍ത്ഥ്യങ്ങളും മാനവജാതി കൈക്കൊള്ളേണ്ട മഹത്തായ ജീവിതാദര്‍ശവും പ്രവൃത്തിപഥവും പെരുമ്പറമുഴക്കവുമായിരുന്നു. നിസ്വാര്‍ത്ഥമായ ഹൃദയത്തില്‍നിന്ന് അനുഭവങ്ങളുടെ ചൂരും ചൂടും പേറി പ്രവഹിക്കുന്ന വാക്കുകള്‍ക്കു ശക്തി വര്‍ദ്ധിക്കുന്നതില്‍ അദ്ഭുതപ്പെടേണ്ട കാര്യമേയില്ല.

അമേരിക്കയിലെയും യൂറോപ്പിലെയും ജനങ്ങള്‍ ഒരു യഥാര്‍ത്ഥ ഭാരതീയനെ അന്നു നടാടെ നേരില്‍ കാണുകയായിരുന്നു. നിലവിലുണ്ടായിരുന്ന ധാരണകളെയെല്ലാം തന്മൂലം മാറ്റിമറിക്കുന്ന അനുഭവമായിരുന്നു അത്. മറ്റുനാടുകളിലെയും  ഭൂഖണ്ഡങ്ങളിലെയും ജനങ്ങളെയും സംസ്‌കൃതികളെയും നേരില്‍ പരിചയിക്കാനും വിലയിരുത്താനും അവസരമില്ലാതിരുന്ന അക്കാലത്ത് വിവേകാനന്ദ ദര്‍ശനവും ശ്രമവും ഭാരതീയ ദര്‍ശനത്തെ പരിചയപ്പെടുത്തിക്കൊടുത്തു. അതിലൂടെ മാനവികതയുടെ മഹാദര്‍ശം അവര്‍ തിരിച്ചറിഞ്ഞു. ഭാരതീയരെല്ലാം അപരിഷ്‌കൃതരായ കാട്ടാളന്മാരാണെന്ന കൊളോണിയല്‍ നേതൃത്വങ്ങളുടെ പ്രചാരണം നുണമാത്രമാണെന്ന് പ്രബുദ്ധരായ ജനത മനസ്സിലാക്കി. പോരാത്തതിനു ആദ്ധ്യാത്മികതയെന്നാലെന്തെന്ന് അവര്‍ തിരിച്ചറിയുകയായിരുന്നു. ആയിരം കോടി സൂര്യന്മാരെപ്പോലും വെല്ലുന്ന ആദ്ധ്യാത്മികതയുടെ ദിവ്യതേജസ്സ് ഭാരതീയരുടെ ഇരുണ്ട തൊലിക്കുള്ളില്‍ തിളങ്ങി നില്ക്കുന്നതുകണ്ട് അവര്‍ അദ്ഭുതപ്പെട്ടു. അതിനുമുന്നില്‍ അവര്‍ ശിരസ്സുകൊണ്ടു നമിച്ചു. അതിന്റെ ആനന്ദാരവങ്ങളായിരുന്നു നാം അന്ന് കണ്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - ഉത്തിഷ്ഠത ജാഗ്രത