കണ്ഠദര്‍ശനം

March 5, 2013 സനാതനം

തിരുമാന്ധാംകുന്ന് കേശാദിപാദം (ഭാഗം – 17)

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍

സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍

ഗളഗളിതഗരളമതു മമൃതമയമാക്കിയോ-
രതിമൃദുല കണ്ഠസ്ഥലം കൈതൊഴുന്നേന്‍.

പാലാഴിമഥനവേളയില്‍ വാസുകിയുടെ ഗളത്തില്‍നിന്നു പ്രവഹിച്ച കാളകൂടവിഷത്തെ അമൃതമയമാക്കിയ കണ്ഠമാണ് ശിവന്റേത്. ശിവന്റെ കഴുത്തിലണിഞ്ഞിരിക്കുന്ന ആഭരണമാണ് വാസുകി. അതിനെയായിരുന്നു മന്ഥനക്കയറായി പാലാഴിമഥന വേളയില്‍ ഉപയോഗിച്ചത്.

ഗരളമെന്നത് പ്രാണനെ അപഹരിക്കുന്ന പദാര്‍ത്ഥമാകുന്നു. അതു ജീവന്മാര്‍ക്ക് മരണഭയമുണ്ടാക്കുന്നു. അതിനെപ്പോലും അമൃതമാക്കാന്‍ ശിവനില്‍ തിളങ്ങുന്ന സാമര്‍ത്ഥ്യമാണ് ഇവിടെ വര്‍ണ്ണ്യം. മരണരഹിതമായ അവസ്ഥയാണു അമൃതത്വം. അമൃതം അതു കൈവരിക്കാന്‍ ശക്തിപകരുന്ന ദിവ്യൗഷധമാകുന്നു.

sivam1ജീവജാലങ്ങള്‍ക്ക് മരണ ഭയമുളവാക്കുന്ന കാളകൂടമേതാണ്? ആത്മജ്ഞാനത്തിന്റെ അഭാവം തന്നെ. സ്വ സ്വരൂപമമറിയാത്തവര്‍ താന്‍ ശരീരമാണെന്നു തെറ്റിദ്ധരിക്കുന്നു. ശരീരത്തിനു രോഗവും വാര്‍ദ്ധക്യവും മരണവുമെല്ലാം ഉള്ളതുകൊണ്ട് അതെല്ലാം തന്റേതാണെന്നു ഭ്രമിച്ച് ജീവന്മാര്‍ ഭയക്കുന്നു. എന്നാല്‍ ഞാന്‍ ശരീരമോ മനസ്സോ ബുദ്ധിയോ അല്ല; ആത്മാവുതന്നെയാണെന്ന് മനസ്സിലാക്കിയാലോ മരണവും അതോടെ തീരുന്നു. ഉപനിഷത്തുക്കളുടെയെല്ലാം സിംഹഗര്‍ജ്ജനം ‘അതു നീയാകുന്നു’ എന്നതത്രെ. ഉദ്ദാലകാരുണി ശ്വേതകേതുവിനു നല്‍കുന്ന ഈ ഉപദേശം സമസ്ത ജീവരാശിയ്ക്കും വേണ്ടിയുള്ളതാണ്.

*ഛാന്ദോഗ്യോപനിഷത്.

ഏക്കറുകള്‍ പടര്‍ന്നു പന്തലിക്കുന്ന ആല്‍വൃക്ഷം നന്നേ ചെറിയ വിത്തില്‍നിന്നു വളര്‍ന്നുവന്നതാണ്. അതിനര്‍ത്ഥം ആല്‍വിത്തിനുള്ളില്‍ അതിന്റെ സൂക്ഷ്മരൂപം ഉണ്ടെന്നാകുന്നു. നഗ്നനേത്രങ്ങള്‍ക്ക് ആല്‍വിത്തിനുള്ളില്‍ യാതൊന്നും കാണാന്‍ കഴിഞ്ഞില്ലെങ്കിലും ആലിന്റെ സൂക്ഷ്മരൂപം അതിനുള്ളിലില്ലെന്നു പറയാനാവുകയില്ല. എന്തെന്നാല്‍ അതില്ലെങ്കില്‍ വിത്തില്‍നിന്നു വൃക്ഷം ഉണ്ടാകുമായിരുന്നില്ല. അതേപോലെ ഇക്കാണായ ലോകത്തിനും ഒരു സൂക്ഷ്മരൂപമുണ്ട്. അതാണു പ്രപഞ്ചത്തിന്റെ മൂലകാരണം. അതാണു ബ്രഹ്മം. അതു നീയാകുന്നു. (തത്ത്വമസി) എന്ന് ആരുണി ഉപദേശിക്കുന്നു. മനുഷ്യന്‍ ശരീരമനോബുദ്ധികളല്ല; മരിച്ച് അജരവും അമരവുമായ സൂക്ഷ്മരൂപമാണ് അഥവാ ആത്മാവാണെന്ന് അതുകൊണ്ടു സിദ്ധിക്കുന്നു. അതറിഞ്ഞാല്‍ ദുഃഖങ്ങളും ഭയങ്ങളും അസ്തമിച്ചു. മരണവും അവസാനിച്ചു. ആത്മാവിനു മരണമില്ല. അതിനെ ആയുധങ്ങള്‍ക്കു മുറിവേല്‍പ്പിക്കാനാവുകയില്ല. തീയ്ക്കു ദഹിപ്പിക്കാനാവുകയില്ല. വെള്ളത്തിനു നനയ്ക്കാനാവുകയില്ല. കാറ്റിന് ഉണക്കാനാവുകയുമില്ല. നിത്യനും എങ്ങും വ്യാപിച്ചിരിക്കുന്നവനും മാറ്റങ്ങളില്ലാത്തവനുമാണ് ആത്മാവ്. ഈ അറിവാണ് അമൃതം.

‘അശബ്ദ മ സ്പര്‍ശ മ രൂപമവ്യയം
തഥാരസം നിത്യമഗന്ധവച്ചയത്,
അനാദ്യനന്തം മഹതഃപരം ധ്രുവം
നീചായ്യതം മൃത്യുമഖാത് പ്രമുച്യതേ.’

ശബ്ദസ്പര്‍ശരൂപ രസഗന്ധങ്ങളില്ലാത്തതും ഒരിക്കലും മാറ്റമില്ലാത്തതും നിത്യവും ആദ്യന്തങ്ങളില്ലാത്തതും പ്രാണനുമപ്പുറം കുടികൊള്ളുന്നതും നിര്‍വികാരവുമായ പരമാത്മാവാണുതാനെന്ന് അനുഭവിച്ചറിയുമ്പോള്‍ മരണത്തിന്റെ വായില്‍നിന്നു മുക്തിനേടുന്നുവെന്ന് കഠോപനിഷത് വ്യക്തമാക്കിയിരിക്കുന്നതു കാണുക. കാതിനു കേള്‍ക്കുവാനുള്ള ശക്തിയായും മനസ്സിനു ചിന്തിക്കാനുള്ള ശക്തിയായും വാഗിന്ദ്രിയത്തിനു പറയാനുള്ള ശക്തിയായും യാതൊരു ചൈതന്യമാണോ നമ്മില്‍കുടികൊള്ളുന്നത് അതാണു പ്രാണനുചലനശേഷിയായും കണ്ണിനു കാണാനുള്ള ശക്തിയായും വിളങ്ങുന്നത്. ഈ തത്ത്വം മനസ്സിലാക്കുന്നവര്‍ ശരീരമനോബുദ്ധികളാണു ഞാനെന്ന തെറ്റിദ്ധാരണ നീങ്ങി മരണരഹിതരായിത്തീരുന്നു എന്നു കേനോപനിഷത്തും പ്രതിപാദിക്കുന്നു.

* ശ്രോത്രസ്യശ്രോത്രം മനസോമനോയദ്
വാചോഹ വാചം സ ഉ പ്രാണസ്യപ്രാണഃ
ചക്ഷുഷഃ ചക്ഷുഃ അതിമുച്യധീരാഃ
പ്രേത്യാസ്മല്ലോകാദമൃതാ ഭവന്തി
കേനോപനിഷത്

ആത്മജ്ഞാനമാണ് അമൃതമെന്നുചുരുക്കം. അജ്ഞാനം വിഷവും.

മൂലാധാരത്തിലിരിക്കുന്ന കുണ്ഡലിനി അദ്ധ്യാത്മസാധനകൊണ്ടുണര്‍ന്ന് വിശുദ്ധിചക്രത്തിലെത്തി നില്‍ക്കുന്നതാണ് ശിവന്‍ കഴുത്തിലണിഞ്ഞിരിക്കുന്ന വാസുകി. മൂലാധാരത്തില്‍ നിന്നുയര്‍ന്ന് സ്വാധിഷ്ഠാനം മണിപൂരകം അനാഹതം എന്നീ ച്ക്രങ്ങള്‍ കടന്നാണ് വിശുദ്ധിയിലെത്തുന്നത്. ഈ യാത്രയ്ക്കിടയില്‍ സ്വാധിഷ്ഠാനത്തിലെ ബ്രഹ്മഗ്രന്ഥിയെയും മണിപൂരകത്തിലെ വിഷ്ണുഗ്രന്ഥിയെയും ഭേദിച്ചിരിക്കും. ബ്രഹ്മഗ്രന്ഥി സൃഷ്ടിവാസനയും വിഷ്ണുഗ്രന്ഥി സ്ഥിതിവാസനയുമാകുന്നു. ഇവരണ്ടും ഭേദിക്കപ്പെടുന്നതോടെ ജീവന്റെ അജ്ഞാനം പൂര്‍ണ്ണമായി നശിച്ച് ജനനമരണവികാരങ്ങള്‍ അതീതമായ അവസ്ഥയിലെത്തുന്നു. അതാണു കഴുത്തിലണിഞ്ഞിരിക്കുന്ന വാസുകി.

മൂലാധാരം പൃഥ്വി തത്ത്വവും സ്വാധിഷ്ഠാനം അഗ്നിതത്ത്വവും മണിപൂരകം ജലതത്ത്വവും അനാഹതം വായുതത്ത്വവും വിശുദ്ധി ആകാശതത്ത്വവും ആജ്ഞാചക്രം മനസ്തത്വവുമാകുന്നു. പഞ്ചഭൂതങ്ങളുടെ ഉത്പത്തിക്രമം നേരത്തേ വിവരിച്ചുവല്ലോ. താമസിയുടെ വിക്ഷേപശക്തിയില്‍നിന്ന് ആകാശവും ആകാശത്തില്‍നിന്നു വായുവും അതില്‍നിന്ന് അഗ്നിയും അഗ്നിയില്‍നിന്നു അപ്പും അതില്‍നിന്നു പ്രത്ഥ്വിയും ഉണ്ടാകുന്നു എന്നു പ്രസിദ്ധമാണ്. ജീവന്‍ ആകാശതത്ത്വമായ വിശുദ്ധിയില്‍ നിന്നു താഴേയ്ക്കുവരുന്തോറും അജ്ഞാനം കൂടിക്കൂടി വരുന്നു. ഇതാണു ഗളഗളിതമായ ഗരളം. (കണ്ഠത്തില്‍നിന്നു പ്രവഹിച്ച വിഷം). കുണ്ഡലിനി മൂലാധാരത്തില്‍ തലകീഴായിരിക്കുന്നത് അതിനാലാണ്. പദാര്‍ത്ഥബന്ധനരൂപമായ ഈ ഗരളത്തിന്റെ ഫലത്താല്‍ കുണ്ഡലിനിയുടെ ആത്മഭാവം മറഞ്ഞ് ചൈതന്യം പ്രസരിയ്ക്കാതിരിക്കുന്നു. എന്നാല്‍ കുണ്ഡലിനി ഉണര്‍ന്ന് തലയുയര്‍ത്തി വീണ്ടും വിശുദ്ധിയിലെത്തുമ്പോള്‍ വിഷം നീങ്ങി അമൃതത്വം തെളിയും. അതിനുമേല്‍ പഞ്ചഭൂതങ്ങള്‍ക്കും അവയുടെ ഉത്പന്നമായ ഭൗതിക ദൃശ്യങ്ങള്‍ക്കും സാധകനെ ബന്ധിക്കാനാവുകയില്ല. എന്തെന്നാല്‍ അജ്ഞാനത്തിന്റെ ഗ്രന്ഥികളെ അയാള്‍ കടന്നിരിക്കുന്നു. ജീവന്റെ ബന്ധനത്തിനും തദ്വാരാമരണഭയത്തിനും കാരണമായ പഞ്ചഭൂതങ്ങളെ ജയിച്ചടക്കിയ ഈ അവസ്ഥയാണ് വിശുദ്ധിചക്രസ്ഥിതമായ വാസുകി. കുണ്ഡലിനിയുടെ തല കുനിഞ്ഞിരിക്കുമ്പോള്‍ വാസുകിയുടെ തല ഉയര്‍ന്നിരിക്കുന്നത് അതുകൊണ്ടാകുന്നു.

വസു അഥവാ രത്‌നം ശിരസ്സിലുള്ളവന്‍ വസുകന്‍. അയാളുടെ മകന്‍ വാസുകി. വസു എന്നത് സൂര്യതുല്യം പ്രകാശിക്കുന്ന ആജ്ഞാചക്രമാകുന്നു. വാസുകി തലയുയര്‍ത്തി നില്‍ക്കുന്ന വിശുദ്ധി ചക്രത്തിനുമുകളിലാണു ആജ്ഞാചക്രമെന്നത് മറക്കാതിരിക്കുക. വാസുകി വെറുമൊരു പാമ്പല്ല. നാഗമാണ്. നാഗങ്ങളുടെ വര്‍ണ്ണം സ്വര്‍ണ്ണത്തിന്റേതാണെന്നും ശിരസ്സില്‍ രത്‌നമുണ്ടായിരിക്കുമെന്നുള്ള പ്രസിദ്ധി ഇതില്‍നിന്നു വന്നതാകുന്നു. വാസുകി എന്ന പേര് പ്രസ്തുത നാഗരാജാവിനു വീണതിനു ഹേതുവും വേറൊന്നല്ല. അമൃതത്വലബ്ദ്ധിയ്ക്കായി അനുഷ്ഠിക്കുന്ന അദ്ധ്യാത്മസാധനയാണ് പാലാഴിമഥനം. തന്മൂലം ജീവനില്‍ അടങ്ങിയിരിക്കുന്ന രജസ്സും തമസ്സും ദൂരീകൃതമാകുന്നതാണ് കാളകൂടത്തിന്റെ വമനം. അജ്ഞാനത്തെ നിരസിച്ച് അമര്‍ത്ത്യതയിലെത്തുന്ന കുണ്ഡലിനിയാണു വാസുക.

ശിവനു നീലകണ്ഠനെന്നും ശിതികണ്ഠനെന്നുമെല്ലാം പേരു ലഭിച്ചത് ജീവനെ അജ്ഞാനത്തിന്റെ പിടിയില്‍നിന്നു മോചിപ്പിക്കാനായി രജസ്തമസ്സുകളെ സ്വയം ഏറ്റെടുത്തതുകൊണ്ടാണ്. അതാകട്ടെ ശിവനു ദോഷം വരുത്താതെ കഴുത്തിനു ആഭരണമായി പരിണമിച്ചുമരിക്കുന്നു. പ്രകൃതി ശിവന്റെ ഇച്ഛയ്ക്കു വിധേയയാകയാല്‍ പ്രകൃതിഗുണങ്ങളായ രജസ്സിനും തമസ്സിനും ശിവന്റെ ജ്ഞാനത്തെ മറയ്ക്കാനാവുകയില്ല. ജീവന്മാരുടെ ദുഃഖമോചനത്തിനു വഴിയൊരുക്കുന്ന ശിവകണ്ഠം അതിനാല്‍ ആദരണീയമാകുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം