ഭക്ഷ്യപൊതുവിതരണരംഗം : സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടും – മന്ത്രി അനൂപ് ജേക്കബ്ബ്

March 5, 2013 കേരളം

തിരുവനന്തപുരം: കേരളത്തിന്റെ ഭക്ഷ്യപൊതുവിതരണ-ഉപഭോക്തൃ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ച പ്രതീക്ഷാര്‍ഹമാണെന്ന് ഉപഭോക്തൃകാര്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഉപഭോക്തൃ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന ഏകദിന ശില്‍പശാല മാസ്ക്കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ നിന്നും ഭക്ഷ്യപൊതുവിതരണ മേഖലയ്ക്ക് ലഭിക്കുന്ന അലോട്ട്മെന്റ് കൃത്യമായി ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളുമായും ഓരോ താലൂക്കിലെയും ഡിപ്പോയുമായും സഹകരിച്ച് ഇന്റര്‍മീഡിയറ്റ് ഗോഡൌണ്‍ നിര്‍മ്മിക്കും. കേരളത്തില്‍ ഭക്ഷ്യ സുരക്ഷാ ബില്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഒരു പുത്തന്‍ ഉപഭോക്തൃ സംസ്ക്കാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്തൃ ബോധവത്ക്കരണത്തിന്റെ ഭാഗമായി സ്കൂളുകളില്‍ കണ്‍സ്യൂമര്‍ ക്ളബ്ബുകള്‍ ആവിഷ്കരിക്കണം. നിലവില്‍ നാല് ജില്ലകളിലാണ് സ്കൂളുകളില്‍ കണ്‍സ്യൂമര്‍ ക്ളബ്ബുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം ക്ളബ്ബുകള്‍ മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതോടെ ഉപഭോക്തൃ മേഖലയിലെക്കുറിച്ച് പൊതുജനത്തിന് കൂടുതല്‍ അറിവ് ലഭിക്കും. സ്കൂളുകളില്‍ ഉപഭോക്തൃനിയമം പഠനവിഷയമാക്കണമെന്നും അദ്ദേഹംപറഞ്ഞു. ഉപഭോക്തൃമേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന് ഡയറക്ടറേറ്റ് രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. ഹോട്ടലുകളിലും കടകളിലും ഭക്ഷ്യ സാധനങ്ങളുടെ വില ഏകീകരണത്തിന് നിയമം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കടകളില്‍ ഭക്ഷണ സാധനങ്ങളുടെ വിലയും അളവും നിര്‍ബന്ധമായും പ്രസിദ്ധീകരിക്കണമെന്നും വീഴ്ചവരുത്തുന്നവര്‍ത്തെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിയന്ത്രണവിധേയമാക്കുന്നതിലും ഉപഭോക്തൃമേഖലകള്‍ നേരിടുന്ന മറ്റ് പ്രശ്നങ്ങളെക്കുറിച്ചും വിശദമായ പഠനം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

കെ.മുരളീധരന്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. പൊതുവിതരണ വകുപ്പ് ഡയറക്ടര്‍ എസ്.ജഗന്നാഥന്‍, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി അനില്‍ എക്സ് തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം