ഗണേഷ് രാജിവയ്ക്കേണ്ടെന്ന് കോണ്‍ഗ്രസ്

March 6, 2013 കേരളം

തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കെ.ബി.ഗണേഷ്കുമാര്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടെന്ന് കോണ്‍ഗ്രസ്-സര്‍ക്കാര്‍ ഏകോപന സമിതി യോഗം തീരുമാനിച്ചു. രാജിവേണ്ട എന്നാണ് യോഗത്തില്‍ ഉണ്ടായ പൊതുധാരണ. വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെയും കെപിസിസി അധ്യക്ഷനെയും യോഗം ചുമതലപ്പെടുത്തി. വിഷയം മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ല. അതിനാല്‍ ഗണേഷ് രാജിവയ്ക്കേണ്ട് സാഹചര്യമില്ല. വിഷയത്തില്‍ ഇരുവരെയും ദോഷമായി ബാധിക്കാത്ത രീതിയില്‍ തീരുമാനമെടുക്കണമെന്നും ഒന്നര മണിക്കൂര്‍ നീണ്ട യോഗത്തില്‍ ധാരണയായി. വിഷയത്തില്‍ രേഖാമൂലമുള്ള പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യോഗത്തില്‍ പറഞ്ഞു. പരാതി ലഭിക്കാതെ ഒരു മന്ത്രിക്കെതിരേ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗണേഷ് രാജിവയ്ക്കേണ്ട എന്ന തീരുമാനത്തില്‍ യോഗം എത്തിയതോടെ വ്യാഴാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിലും കോണ്‍ഗ്രസ് രാജി ആവശ്യം ഉന്നയിക്കില്ല. ഇതോടെ വ്യാഴാഴ്ച ഗണേഷ് രാജിവയ്ക്കില്ലെന്ന കാര്യം ഏകദേശം ഉറപ്പായിരിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം