ഗണേഷ് വിഷയത്തില്‍ പക്ഷം പിടിക്കില്ല: എന്‍എസ്എസ്

March 7, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

പെരുന്ന: മന്ത്രി ഗണേഷ്കുമാറിനെതിരേ ഉയര്‍ന്ന ആരോപണത്തില്‍ പക്ഷം പിടിക്കില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ഗണേഷ് രാജിവെച്ചാലും രാജിവെച്ചില്ലെങ്കിലും തനിക്ക് പ്രശ്നമില്ല. പ്രശ്നം ന്യായമായി പരിഹരിക്കണമെന്നല്ലാതെ തനിക്ക് പ്രത്യേക താല്‍പര്യമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഇന്നലെ സുകുമാരന്‍ നായരെ ഗണേഷ് സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ രാവിലെ സംഘടനാ ആസ്ഥാനമായ പെരുന്നയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സുകുമാരന്‍ നായര്‍ നിലപാട് വ്യക്തമാക്കിയത്. ആര് മന്ത്രിയാകണമെന്നോ ആര് രാജിവെയ്ക്കണമെന്നോ താന്‍ പറയുന്നില്ല. അത് യുഡിഎഫിനെയും അതിലെ ഘടകകക്ഷികളെയും ബാധിക്കുന്ന വിഷയമാണ്. പ്രശ്നം പരിഹരിക്കാനുളള ധാര്‍മിക ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനുമുണ്ട്. ഗണേഷിനെതിരായ ആരോപണത്തില്‍ യാഥാര്‍ഥ്യം അറിയാതെ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. അച്ഛനും മകനും തമ്മിലുള്ള വിഷയത്തിന്റെ തുടര്‍ച്ചയാണിതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. വിഷയം തീര്‍ക്കണമെന്ന ആഗ്രഹത്തിലാണ് ആദ്യം എന്‍എസ്എസ് ഇടപെട്ടിരുന്നതെന്നും എന്നാല്‍ എന്‍എസ്എസിന്റെ കൈയില്‍ നില്‍ക്കാതെ വന്നപ്പോള്‍ മുഖ്യമന്ത്രിയോടും കെപിസിസി പ്രസിഡന്റിനോടും പ്രശ്നം പരിഹരിക്കണമെന്ന് പറഞ്ഞിരുന്നതായും സുകുമാരന്‍ നായര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം