ശ്രീ ശങ്കരന്‍ ലൗകീക ദൃഷ്ടാന്തങ്ങളിലൂടെ – 15

March 7, 2013 സനാതനം

പണ്ഡിതരത്നം ഡോ. കെ. ചന്ദ്രശേഖരന്‍ നായര്‍

മായയാല്‍ ആത്മജ്ഞാനം മറയ്ക്കപ്പെടുന്നു എന്നകാര്യം സൂര്യഗ്രഹണദൃഷ്ടാന്തത്തിലൂടെ ശ്രീ ശങ്കരന്‍ നമുക്കു ധരിപ്പിച്ചുതരുന്നതാണ് പ്രകൃതത്തിലുള്ള ദൃഷ്ടാന്തം.

സമാവൃണോതി …. രാഹുരിവാര്‍ക്ക ബിംബം
(വിവേകചൂഡാമണി.  141)
സൂര്യബിംബത്തെ രാഹു മറയ്ക്കുന്നതുപോലെ

അജ്ഞാനത്തിന് രണ്ടുതരം ശക്തികളുണ്ടെന്നാണ് വേദാന്തികള്‍ പറയുന്നത്. അതു ആവരണശക്തിയും വിക്ഷേപശക്തിയുമാണ്. നിത്യവും സര്‍വ്വവ്യാപിയുമായ ആത്മാവിനെ അജ്ഞാനത്തിന്റെ ഈ ആവരണശക്തി മറയ്ക്കുന്നു. മറഞ്ഞിരിക്കുന്നു എന്ന കാരണത്താല്‍ ഒന്നിന്റെ ഉണ്മ ഇല്ലാതാകുന്നില്ല. അതുകൊണ്ട് മായയുടെ ആവരണശക്തി ബ്രഹ്മജ്ഞാനത്തെ മറച്ചുവയ്ക്കുന്നെങ്കിലും അതിന്റെ അസ്ഥിത്വത്തിന് ദോഷം വരുന്നില്ല.

ബുദ്ധിക്ക് വിഷയമാകാത്തത് താല്‍ക്കാലികമറവുകൊണ്ടാണ്. മായ (അജ്ഞാനം) നിത്യമല്ലാത്തതുകൊണ്ട് ഇന്ന് അല്ലെങ്കില്‍ നാളെ അതു മാറുകതന്നെചെയ്യും അതുകൊണ്ട് ബ്രഹ്മജ്ഞാനത്തിന്റെ ഇപ്പോഴത്തെ അപ്രാപ്യത താല്‍ക്കാലികം മാത്രമെന്നാണ് ശ്രീശങ്കരമതം. ഈ ആത്മജ്ഞാനത്തിന്റെ താല്‍ക്കാലികമായ മറവിന് ഇവിടെ സൂര്യഗ്രഹണത്തിന്റെ ദൃഷ്ടാന്തംകൊണ്ട് സമര്‍ത്ഥിച്ചിരിക്കുകയാണ്.

നാം അധിവസിക്കുന്ന ഭൂഭാഗം സൂര്യന് അഭിമുഖമായി ഇരിക്കുന്നതാണല്ലോ നമ്മുടെ പകല്‍. ഈ സമയം സൂര്യന്‍ ഉദിച്ചിരിക്കുന്നസമയം എന്ന് നാം പൊതുവേ പറയുന്നു. സൂര്യന്‍ ഉദിക്കുന്നുമില്ല അസ്തമിക്കുന്നുമില്ല. അതു നിത്യമായും ഒരേസ്ഥലത്തുനിന്നുകൊണ്ട് പ്രകാശംപ്രസരിപ്പിക്കുന്നവെന്നത് ഒരു പ്രപഞ്ചസത്യം.

ചില സമയത്ത് സൂര്യാഭിമുഖമായിരിക്കുന്ന ഭാഗത്തുള്ളവരാണെങ്കിലും സൂര്യനെ പെട്ടെന്നു കാണാന്‍ പറ്റാതെവരുന്നു. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ നമ്മുടെ ദൃഷ്ടിപദത്തെ മറയ്ക്കുന്നതുകൊണ്ടാണ് അതു സാദ്ധ്യമാകാതെപോകുന്നത്. ഇതിനെ സൂര്യഗ്രഹണം എന്നാണ് വ്യവഹരിക്കാറ്. സൂര്യനെ ചന്ദ്രന്‍ മറയ്ക്കുന്നതിനെ സൂര്യഗ്രഹണം എന്ന് പറയുന്നെങ്കിലും സൂര്യനെ ആരും ഗ്രഹിക്കുന്നില്ല. എന്നാല്‍ ഗ്രഹിക്കുന്നു എന്നാണ് പൗരാണികമതം. ഇത് ഒരു സാങ്കല്പിക ചിന്തയാണ്.

ഈ സൂര്യഗ്രഹണസമയത്ത് സൂര്യനെ കാണാന്‍ പറ്റുന്നില്ലെങ്കിലും സൂര്യന്‍ ഇല്ലാ എന്നുവരുന്നില്ല. താല്‍ക്കാലികമായി അനുഭവപ്പെടുന്ന സൂര്യന്റെ ഈ അന്തര്‍ദ്ധാനം വസ്തുനിഷ്ഠമായിട്ടുള്ള സൂര്യന്റെ അന്തര്‍ദ്ധാനമല്ല. സൂര്യനെ കാണാന്‍ സാധിക്കുന്നില്ല എന്നത് സൂര്യന്‍ ഇല്ലാതായി എന്നതിനു തെളിവുമല്ല. നമ്മുടെ ദൃഷ്ടിപദത്തില്‍ സൂര്യന്‍ ഇല്ലെന്നേ അതിനര്‍ത്ഥമുള്ളൂ. പ്രകൃത ദൃഷ്ടാന്തത്തില്‍ നിത്യമായ ആ പരമാത്മാവിനെ സൂര്യബിംബമായി കണക്കാക്കുന്നു. ഈ പരമാത്മാവിനെ അജ്ഞാനം മറയ്ക്കുന്നു എന്നാണ് വേദാന്തമതം.

ഈ മായയായ അജ്ഞാനം നിലനില്‍ക്കുന്നിടത്തോളം കാലം ബ്രഹ്മജ്ഞാനം ഉണ്ടാവുകയില്ല. രാഹു അജ്ഞാനത്തിന്റെ പ്രതീകമാണ്. അജ്ഞാനത്തിന്റെ നിഴല്‍ (മറയ്ക്കല്‍) മാറുമ്പോള്‍ ബ്രഹ്മജ്ഞാനമുണ്ടാകുന്നു. സൂര്യനെ രാഹു വിഴുങ്ങുന്നെന്നും വിഴുങ്ങലില്‍ നിന്ന് മോചിതനാകുമ്പോള്‍ സൂര്യനെ കാണാന്‍ സാധിക്കുന്നതുപോലെയാണ് മായമാറുമ്പോള്‍ ബ്രഹ്മജ്ഞാനമുണ്ടാകുന്നത്.

രാഹു സൂര്യനെ വിഴുങ്ങുന്നത് ഒരു പൗരാണിക സങ്കല്പമാണ്. മോഹിനീവേഷംപൂണ്ട വിഷ്ണു ദേവന്മാര്‍ക്ക് അസുരന്മാരില്‍നിന്ന് അമൃതം വീണ്ടെടുത്തുകൊടുത്തു. ആ അമൃത്‌വിളമ്പിക്കൊണ്ടിരുന്നപ്പോള്‍ അസുരനായ സൈംഹികേയന്‍ ബ്രാഹ്മണവേഷധാരിയായി അവിടെയെത്തി. അമൃതിന്റെ ഒരു ഭാഗം വാങ്ങിക്കഴിച്ചു. ദ്വാരകാപാലന്മാരിയി നിന്നിരുന്ന സൂര്യനും ചന്ദ്രനും പെട്ടെന്ന് സൈംഹികനെ തിരിച്ചറിഞ്ഞു. അവര്‍ അക്കാര്യം വിഷ്ണുവിനെ അറിയിച്ചു. വിഷ്ണു ഒട്ടും വൈകാതെ തന്റെ ചക്രായുധംകൊണ്ട് സൈംഹികന്റെ ശിരച്ഛേദം ചെയ്തു. ഇപ്രകരാം ച്ഛേദിക്കപ്പെട്ടെങ്കിലും കഴുത്തിന് മുകളിലുള്ള ഭാഗത്തിനും താഴ്ഭാഗത്തിനും അമൃതിന്റെ അംശം ഉണ്ടായിരുന്നതിനാല്‍ ശരീരഭാഗങ്ങള്‍ ജീവനുള്ളതായിത്തന്നെ ഇരുന്നു. ആ രണ്ടുഭാഗങ്ങളും രാഹവും കേതുവുമായി മാറി.

സൈംഹികനെ തിരിച്ചറിഞ്ഞ് വിഷ്ണുവിനോട് പറഞ്ഞുകൊടുത്തതിനുള്ള ക്രോധം രാഹു കേതുക്കള്‍ക്ക് ഇന്നും ചന്ദ്രനോടും സൂര്യനോടും ഉണ്ട് അതുകൊണ്ട് അവസരം ഒക്കുമ്പോഴെല്ലാം രാഹു സൂര്യനേയും ചന്ദ്രനേയും വിഴുങ്ങും. രാഹുവിന്റെ കണ്ഠം മുറിഞ്ഞുപോയതുകൊണ്ട് വിഴുങ്ങിയാലും കണ്ഠത്തിലുള്ള ദ്വാരത്തിലൂടെ സൂര്യനും ചന്ദ്രനും പുറത്തുവരാന്‍ സാധിക്കുന്നു. അതുകൊണ്ട് എത്രതവണ വിഴുങ്ങിയാലും നമുക്ക് സൂര്യചന്ദ്രന്മാരെ തിരിച്ചുകിട്ടുന്നു. ഈ പുരാണകഥയെ അടിസ്ഥാനമാക്കിയുള്ളതാണ് രാഹു സൂര്യനെ വിഴുങ്ങുന്ന ശ്രീശങ്കരന്റെ പ്രകൃത ദൃഷ്ടാന്തം.

 

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം