പഞ്ചായത്ത് പദ്ധതി നിര്‍വഹണം; ധനവിനിയോഗത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണം: മന്ത്രി എം.കെ.മുനീര്‍

March 7, 2013 കേരളം

തിരുവനന്തപുരം: പഞ്ചായത്ത് പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട ചെലവുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് പഞ്ചായത്ത്-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍. തെക്കന്‍ ജില്ലകളായ കോട്ടയം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിലെ പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതി 2012-13 അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് പദ്ധതി നിര്‍വഹണത്തിലുള്ള പഞ്ചായത്തുകളുടെ വിശദീകരണം ലഭിച്ചതിനുശേഷം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ പ്രശ്നപരിഹാരത്തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടര്‍വത്ക്കരിച്ചത് ആദ്യഘട്ടത്തില്‍ ചില പ്രശ്നങ്ങള്‍ സൃഷ്ടിച്ചെങ്കിലും പിന്നീട് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന് സഹായിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ പദ്ധതി ചെലവ് കഴിഞ്ഞ വര്‍ഷത്തേക്കാളും മെച്ചമാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു. പദ്ധതികളുടെ പ്രവര്‍ത്തനം വേഗത്തില്‍ നടപ്പാക്കുന്നതിലും ധനവിനിയോഗത്തിലും കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് ദിവസേനയോ ആഴ്ചയിലോ പഞ്ചായത്ത് തലത്തില്‍ വിശകലനം നടത്തണം. ഇതിനുപുറമെ കളക്ടറുടെ നേതൃത്വത്തിലും ആഴ്ചയില്‍ അവലോകനം നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായര്‍ അധ്യക്ഷയായിരുന്നു. ചടങ്ങില്‍ പഞ്ചായത്ത് ഡയറക്ടര്‍ എസ്.ലളിതാംബിക, ഡപ്യൂട്ടി ഡയറക്ടര്‍ സെയ്ദ്, സ്റേറ്റ് പെര്‍ഫോമന്‍സ് ഓഫീസര്‍ ദിവാകരന്‍ പിള്ള, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സജീവ് ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം