ഷാവേസിന്റെ മരണകാരണം ഹൃദയാഘാതം

March 7, 2013 രാഷ്ട്രാന്തരീയം

കാരക്കാസ്: വെനസ്വേലിയന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ മരണകാരണം ഹൃദയാഘാതമാണെന്ന് വെളിപ്പെടുത്തല്‍. പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിന്റെ മേധാവി ജനറല്‍ ജോസ് ഓര്‍ണേലയാണ് ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. അര്‍ബുദത്തെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്ന ഷാവേസിന് ഏറ്റവുമൊടുവില്‍ ശ്വാസകോശ അണുബാധയും പിടിപെട്ടിരുന്നു. ഇതുമൂലമാണ് മരണം സംഭവിച്ചതെന്നായിരുന്നു വെനസ്വേലയുടെ ഇന്നലത്തെ വിശദീകരണം. മരണസമയത്ത് ഷാവേസിന് ഒപ്പമുണ്ടായിരുന്ന വ്യക്തിയാണ് ജോസ് ഓര്‍ണേല. അവസാന നിമിഷങ്ങളില്‍ ഷാവേസ് സംസാരിച്ചിരുന്നെങ്കിലും ശബ്ദം പുറത്തുവന്നില്ലെന്ന് ഓര്‍ണേല പറഞ്ഞു. തനിക്ക് മരിക്കേണ്ടെന്നും തന്നെ മരണത്തിലേക്ക് വിടരുതെന്നും അവസാന നിമിഷങ്ങളിലും ഷാവേസ് മന്ത്രിക്കുന്നതായി ചുണ്ടുകളുടെ ചലനങ്ങളില്‍ നിന്നും വ്യക്തമായിരുന്നെന്നും ഓര്‍ണേല അഭിമുഖത്തില്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം