മഅദനിക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിച്ചു

March 7, 2013 ദേശീയം

ബാംഗളൂര്‍: ബാംഗളൂര്‍ സ്ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിച്ചു. അഞ്ച് ദിവസത്തേക്കാണ് മഅദനിക്ക് ബാംഗളൂരിലെ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. നാളെ മുതല്‍ പന്ത്രണ്ടാം തീയതി വരെയാണ് ജാമ്യം. ഇത്തരത്തില്‍ ഇടക്കാല ജാമ്യം അനുവദിക്കുന്നത് പുറത്ത് മറ്റാരും അറിയാന്‍ പാടില്ലെന്നും രഹസ്യമായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജാമ്യത്തിന് അപേക്ഷിച്ചിട്ടുള്ള ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തുപോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഈ മാസം 10 നാണ് മഅദനിയുടെ മകളുടെ വിവാഹം. വിവാഹത്തില്‍ പങ്കെടുക്കാനും സുഖമില്ലാതിരിക്കുന്ന പിതാവിനെ സന്ദര്‍ശിക്കാനും ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മഅദനി കോടതിയെ സമീപിച്ചിരുന്നത്. നേരത്തെ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് പുറത്തുള്ള ആശുപത്രിയില്‍ ചികിത്സ നടത്താന്‍ മഅദനിയെ കോടതി അനുവദിച്ചിരുന്നു. കഴിഞ്ഞ മാസമാണ് ചികിത്സയ്ക്ക് ശേഷം അദ്ദേഹം വീണ്ടും ജയിലില്‍ പോയത്. അറസ്റിലായി രണ്ടര വര്‍ഷത്തിന് ശേഷം ആദ്യമായാണ് മഅദനിക്ക് ജാമ്യം അനുവദിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം