പൈപ്പ് പൊട്ടല്‍ അന്വേഷണ സമിതിയുടെ ആദ്യയോഗം ചേര്‍ന്നു

March 7, 2013 കേരളം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസം അരുവിക്കരയില്‍ നിന്നുളള പൈപ്പ് പൊട്ടിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ ആദ്യ യോഗം ചേര്‍ന്നു. മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അന്വേഷണകമ്മിറ്റി യോഗത്തില്‍ എ.ഡി.ജി.പി. പി.ചന്ദ്രശേഖര്‍, ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ എബ്രഹാം ജേക്കബ്, ചീഫ് എന്‍ജിനിയര്‍ ടി.സി.സുബ്രന്‍ എന്നിവര്‍ പങ്കെടുത്തു.

കേരള വാട്ടര്‍ അതോറിറ്റി, പൊങ്കാലയ്ക്ക് മുന്‍പായി സുഗമമായ ജലവിതരണത്തിന് സ്വീകരിച്ചിരുന്ന നടപടികളും പൈപ്പ് പൊട്ടിയതിനെക്കുറിച്ചുളള അവരുടെ വിശദീകരണവും കേള്‍ക്കുന്നതിനായി മാര്‍ച്ച് 18 ന് രാവിലെ അന്വേഷണ കമ്മിറ്റി വീണ്ടും യോഗം ചേരും. ഈ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങളും തെളിവുകളും നല്‍കാന്‍ താല്‍പര്യമുളളവരില്‍ നിന്ന് വിവരങ്ങള്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമുളള സാക്ഷികളെ നേരില്‍ കേള്‍ക്കണമെന്നും തീരുമാനിച്ചു. സമിതി മാര്‍ച്ച് 22 ന് സ്ഥലം സന്ദര്‍ശിക്കുകയും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും ചെയ്യും.

റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കുന്നതിന് മുമ്പ് സാങ്കേതിക വിദഗ്ദരുമായി കമ്മിറ്റിയുടെ നിഗമനങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും കെ.ജയകുമാര്‍ അറിയിച്ചു. ഒരു മാസത്തിനുളളില്‍ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാനാവുകമന്ന് ചെയര്‍മാന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം