ഊര്‍ജ്ജപ്രതിസന്ധി അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം – വൈദ്യുതിമന്ത്രി

March 7, 2013 കേരളം

കോട്ടയം : സംസ്ഥാനത്ത് വൈദ്യുതി ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ പ്രതിസന്ധിയെ അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഇടയിരിക്കപ്പുഴയില്‍ പത്തനാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയയിരുന്നു അദ്ദേഹം.

സൌരോര്‍ജ്ജം, കാറ്റ് തുടങ്ങിയവയില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ സൌരോര്‍ജ്ജത്തില്‍ നിന്ന് 350 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുവേണ്ടി ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ ജനങ്ങളുടെ സഹകരണത്തോടുകൂടി മാത്രമേ വിജയിക്കൂ. അനാവശ്യമായ വൈദ്യുതി ഉപയോഗം ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. കങ്ങഴ ഗ്രാമപഞ്ചായത്തിന്റെ കാനം ഒഴികെയുള്ള നാല് വാര്‍ഡുകളും വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തിലെ കടയണിക്കാട്, കൂടത്തിങ്കല്‍, വെള്ളാവൂര്‍, കോയിപ്പുറം പ്രദേശങ്ങളും നെടുംകുന്നം പഞ്ചായത്തിലെ ഏഴ്, എട്ട്, ഒമ്പത് വാര്‍ഡുകളും പത്തനാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരും. 8,026 ഉപഭോക്താക്കള്‍ ഈ ഓഫീസിനു കീഴിലുണ്ട്.

എന്‍. ജയരാജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. വൈദ്യുതി ബോര്‍ഡംഗം അഡ്വ. ബി. ബാബു പ്രസാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍, വാഴൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍സമ്മ സജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ചന്ദ്രലേഖ മോഹന്‍ (കങ്ങഴ), ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.കെ. സുരേഷ് കുമാര്‍, ഉഷ വിജയന്‍, ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ മിനു രാജു, സുരേഷ് ഇലഞ്ഞിപ്പുറം, കങ്ങഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. മാത്യു, ഗ്രാമപഞ്ചായത്തംഗം അനിയന്‍ ആറ്റുകുഴി, രാഷ്ട്രീയ പാര്‍ട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈദ്യുതിബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ (ഡിസ്ട്രിബ്യൂഷന്‍ സൌത്ത്) എസ്. ദാസപ്പന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈദ്യുതി ബോര്‍ഡംഗം ദയാപ്രതീപ് സ്വാഗതവും ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ കോട്ടയം) മോഹനനാഥപ്പണിക്കര്‍ നന്ദിയും പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം