സഹകരണ ആഡിറ്റ് സെപ്റ്റംബര്‍ 30 നകം പൂര്‍ത്തിയാക്കണം – മന്ത്രി. സി.എന്‍.

March 8, 2013 കേരളം

തൃശൂര്‍: അപ്പക്സ് സംഘങ്ങള്‍ ഉള്‍പ്പെടെ എല്ലാ സഹകരണ സ്ഥാപനങ്ങളുടെയും മുന്‍വര്‍ഷങ്ങളിലേത് ഉള്‍പ്പെടെ ആഡിറ്റ് സെപ്റ്റംബര്‍ 30 നകം പൂര്‍ത്തിയാക്കി സഹകരണ ആഡിറ്റ് സമകാലികമാക്കുന്നതിന് സമയബന്ധിത പരിപാടി ആവിഷ്ക്കരിച്ചതായി സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അറിയിച്ചു. എല്ലാ സഹകരണ സംഘങ്ങളുടെയും ആഡിറ്റ് അതത് കൊല്ലം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇതോടൊപ്പം ആഡിറ്റ് സര്‍ട്ടിഫിക്കറ്റ് പൊതുയോഗം ചേര്‍ന്ന് വിശകലനം ചെയ്യുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയു ചെയ്യേണ്ടത് ഭരണ സമിതിയുടെയും പൊതുയോഗത്തിന്റെയും നിയമപരമായ ഉത്തരവാദിത്വമാക്കിയിട്ടുണ്ടെന്നും അദ്ദേഹം തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സഹകരണ മേഖലയില്‍ നടപ്പിലാക്കിയ ആശ്വാസ് 2012 പദ്ധതിയിലൂടെ കുടിശ്ശികയായി നിന്നിരുന്ന 5,01,916 വായ്പകളില്‍ മുതലിനത്തില്‍ 1,50,668 . 61 ലക്ഷ രൂപയും പലിശയിനത്തില്‍ 48,892 . 55 ലക്ഷം രൂപയും ചേര്‍ത്ത് ആകെ 1, 99, 561 . 16 ലക്ഷം രൂപ പിരിഞ്ഞു കിട്ടി. വായ്പക്കാര്‍ക്ക് 5348 . 38 ലക്ഷം രൂപയുടെ ഇളവുകള്‍ അനുവദിച്ചു. പലിശരഹിത കാര്‍ഷിക വായ്പ അനുവദിക്കുന്നതിന് 31 കോടി രൂപയുടെ ഭരണാനുമതി നല്‍കി. ആദ്യഘട്ടമായി 3 കോടി രൂപ നല്‍കി. വായ്പ തിരിച്ചടക്കാന്‍ കഴിയാത്ത അശരണരായ വായ്പക്കാര്‍ക്ക് ആശ്വാസം പകരുന്ന പ്രത്യേക പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സഹകരണമന്ത്രി പറഞ്ഞു. വടക്കാഞ്ചേരിയില്‍ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു. വടക്കാഞ്ചേരിയില്‍ ചക്ക, മാങ്ങ സംസ്ക്കരണ യൂണിറ്റ് ആരംഭിക്കും.

തൃശൂരിലെ ഫാര്‍മസി കോളേജ് ഏപ്രിലില്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കര്‍ഷക സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാനത്തെ തെരഞ്ഞെടുത്ത 40 ബ്ളോക്കുകളില്‍ കര്‍ഷക സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കുവാന്‍ 10 കോടി രൂപ ചെലവഴിക്കുന്നതിനുള്ള ഭരണാനുമതി നല്‍കിയിട്ടുണ്ട്. കേരള സ്റേറ്റ് കോ -ഓപ്പറേറ്റീവ് എംപ്ളോയീസ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗങ്ങളായ സഹകരണ സംഘം ജീവനക്കാരുടെ മക്കളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ – പ്ളസ് ലഭിച്ച എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കും 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയ പ്ളസ് ടൂ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള ക്യാഷ് അവാര്‍ഡുകള്‍ 5,000 രൂപയില്‍ നിന്നും 10,000 രൂപയായും വി.എച്ച്.എസ്.ഇ, എച്ച്.ഡി.,സി , ബി.എം. , ജെ.ഡി.സി. പരീക്ഷകളില്‍ സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനത്തിന് 10,000 രൂപയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 7,000 രൂപയും 5,000 രൂപയും ആയി വര്‍ധിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം