വ്യാസന്റെ നീതിപീഠത്തിനു മുന്നില്‍ – ഒരു നിരപരാധി ശിക്ഷിക്കപ്പെടുന്നു – ഭാഗം 3

March 8, 2013 സനാതനം

ഡോ.അദിതി
ഇവിടെ എടുത്തുകാട്ടിയ കുറ്റത്തിനും കൊടുത്ത ശിക്ഷയിലും ഒരു പ്രത്യേകതയുണ്ട്. രാജപാലകനും രാജാവുമാണ് ഒരു നിരപരാധിയെ ശൂലത്തില്‍ ഏറ്റിയത്. എന്നാല്‍ രാജാവിനെയും ഭൃത്യന്മാരെയും ശപിക്കുന്നതിനുപകരം ഇവിടെ ശപിച്ചിരിക്കുന്നത് യമധര്‍മ്മനെയാണ്. ഇത് യുക്തമാണോ? രാജാവിനെയും ഭൃത്യന്മാരെയും അണിമാണ്ഡവ്യന് ശിക്ഷകൊടുത്തതിലെ ധര്‍മ്മദേവന്റെ ഉപകരണങ്ങളായിട്ടേ കണക്കാക്കിയിട്ടുള്ളൂ. അതുകൊണ്ട് അവരെ ശപിച്ചിട്ടില്ല.

എന്നാല്‍ വീണ്ടും ഒരു ചോദ്യം? എന്തുകൊണ്ടാണ് അണിമാണ്ഡവ്യന്‍ ശിക്ഷിച്ചപ്പോള്‍തന്നെ ധര്‍മ്മദേവനെ ശപിക്കാതിരുന്നത്? അദ്ദേഹം അപ്പോള്‍ മൗനവൃതത്തിലായിരുന്നു. എന്നാല്‍ ശൂലം മുറിച്ച് അദ്ദേഹത്തെ പോകാന്‍ അനുവദിച്ചല്ലോ. ആ സമയത്തെങ്കിലും ഇദ്ദേഹം ധര്‍മ്മദേവനെ ശപിക്കാതിരുന്നതെന്ത്?

ഇതിനൊരു സമാധാനമേ ഉള്ളൂ. ന്യായമായ തെളിവെടുപ്പുകള്‍ നടത്താതെ ശിക്ഷിക്കപ്പെടാന്‍ പാടില്ല. അത് ചെയ്തില്ലെങ്കില്‍ നിരപരാധി ശിക്ഷിക്കപ്പെടും. അണിമാണ്ഡവ്യന്‍തന്നെ അത്തരത്തിലൊരു രക്തസാക്ഷിയാണ്. ധര്‍മ്മദേവനെ ശാപശിക്ഷ കൊടുക്കണമെങ്കില്‍ അദ്ദേഹത്തില്‍നിന്നും ശരിയായ മൊഴി എടുത്തേതീരൂ. ധര്‍മ്മദേവന്‍ യമപുരിയിലാകയാല്‍ അണിമാണ്ഡവ്യന് ഇപ്പോള്‍ വിശദീകരണം തേടാന്‍പറ്റുകയില്ല. അതുകൊണ്ട് ഭൗതികശരീരം ഉപേക്ഷിച്ച് യമപുരിയില്‍ എത്തുന്നതുവരെ അദ്ദേഹം കാത്തിരുന്നു.

യമപുരയിലെത്തിയ അണിമാണ്ഡവ്യന്‍ ധര്‍മ്മദേവനെ ചോദ്യംചെയ്തു. അപ്പോഴാണ് ഋഷിചെയ്തകുറ്റം വെളിപ്പെടുത്തിയത്. ധര്‍മ്മശാസ്ത്രമനുസരിച്ച് ഒരു ശിശുചെയ്യുന്ന ഇത്തരം കാര്യം ശിക്ഷാര്‍ഹമല്ല. അതിനാല്‍ ശിശുവായിരിക്കുമ്പോള്‍ അണിമാണ്ഡവ്യന്‍ ചെയ്തകുറ്റം ധര്‍മ്മശാസ്ത്രമനുസരിച്ച് കുറ്റമല്ല. ആകയാല്‍ കുറ്റംചെയ്യാത്ത അണിമാണ്ഡവ്യനെയാണ് ശൂലത്തിലേറ്റിയത്. വിവേകമില്ലാത്തവന്‍ ശൂദ്രനാണ്. ധര്‍മ്മദേവനില്‍ അവിവേകംകണ്ട മുനി അദ്ദേഹത്തെ ശൂദ്രനാകാന്‍ ശപിച്ചത് യോഗ്യംതന്നെ. ശാപഫലമായി യമധര്‍മ്മന്‍ വിദൂരരായി ജനിച്ചു. ശപിക്കപ്പെടുന്നത് ഒരു ശിക്ഷയല്ലെ? ശപിക്കപ്പെട്ടവന് അതുകൊണ്ടൊരു ദുഃഖംവേണ്ടേ? വിദുരുര്‍ ശൂദ്രനായാലെന്ത്? അയാള്‍ വ്യാസന്റെ ഭൃത്യാനായി കൊട്ടാരത്തിലല്ലേ പിറന്നത്.

മഹാവിദ്വാനായിരുന്ന അദ്ദേഹത്തെ എല്ലാവരും ആശ്രയിക്കുകയും അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ഈ പദവി ശാപംപിടിച്ചുവാങ്ങുകയല്ലേ എന്നൊരു സംശയം. എന്നാല്‍ ഉള്ളിലേക്ക് കടന്നുചെന്നാല്‍ അധര്‍മ്മത്തിന്റെ അഗ്നിവലയത്തില്‍ വെന്തുനീറുന്ന ധര്‍മ്മത്തിന്റെ ഇരിപ്പിടമായ വിദുരരെകാണാം. തന്റെ കണ്‍മുമ്പില്‍നടക്കുന്ന അത്യന്തം ഹീനമായ കാര്യങ്ങള്‍ കണ്ട് പ്രതികരിക്കാന്‍ കഴിവില്ലാത്തവനായി ദുഃഖം വിഴുങ്ങി അദ്ദേഹത്തിന് കഴിയേണ്ടിവന്നു. അധര്‍മ്മം താണ്ഡവനൃത്തം ചെയ്യുന്ന ഒരു കുലാംഗനയുടെ വസ്ത്രാക്ഷേപത്തിനുപോലും മൂകസാക്ഷിയായിരുന്ന അദ്ദേഹത്തിന് നെടുവീര്‍പ്പിടേണ്ടിവന്നിട്ടുണ്ട്. അന്ന് നിലവിലുണ്ടായിരുന്ന നിയമം അനുസരിച്ച് രാജാവാകേണ്ടവനായിരുന്നെങ്കിലും ശൂദ്രത്വം ആരോപിച്ച് അത് നിഷേധിക്കപ്പെട്ടു. ഒരിക്കല്‍ ധര്‍മ്മം പറഞ്ഞുപോയതിന് അദ്ദേഹത്തെ കൊട്ടാരത്തില്‍നിന്നും ഇറക്കിവിട്ടിട്ടുണ്ട്. ധര്‍മ്മവിരുദ്ധമായ എത്രകൊലപാതകങ്ങള്‍ക്കാണ് അദ്ദേഹം സാക്ഷിയായിട്ടുള്ളത്. വേദനിപ്പിക്കുന്ന നെഞ്ചകത്തോടെ ഇതെല്ലാം അദ്ദേഹം സഹിക്കേണ്ടിവന്നു. ദുരന്തങ്ങളുടെ നിലയ്ക്കാത്ത പ്രവാഹത്തിന് ധര്‍മ്മസ്വരൂപനായ വിദുരര്‍ മൂകസാക്ഷിയാകേണ്ടിവന്നു. ഒരു ധാര്‍മ്മികന് വേദനിക്കാന്‍ ഇതില്‍കൂടുതല്‍ എന്താണ് വേണ്ടത്.? ആ നിലയില്‍ നോക്കുമ്പോള്‍ കൂടുതല്‍ കഷ്ടപ്പെടുത്താനാണ് വിദുരരെ കൊട്ടാരത്തില്‍ ജനിപ്പിച്ചതെന്ന് പറയേണ്ടിയിരിക്കുന്നു. ഇപ്രകാരം അണിമാണ്ഡവ്യന്റെ ശാപം ധര്‍മ്മരാജന്‍ ചെയ്ത കുറ്റത്തിന് യോഗ്യം തന്നെ.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം