ശിവരാത്രിക്കായി ആലുവ മണപ്പുറത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

March 9, 2013 കേരളം

ആലുവ: ശിവരാത്രിക്കായി ആലുവ മണപ്പുറം ഒരുങ്ങി.  വിപുലമായ തയ്യാറെടുപ്പുകളാണ് വിശ്വാസികള്‍ക്കായി ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ക്ഷേത്രം തന്ത്രി പാങ്കോട് ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെയും മുല്ലപ്പിള്ളി സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടിന്റെയും നേതൃത്വത്തിലാണ് ശിവക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടക്കുക.  വിശ്വാസികള്‍ക്ക് തമ്പടിക്കുന്നതിനായി തെക്കേ മണപ്പുറത്ത്  ദേവസ്വം ബോര്‍ഡ് സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.  പോലീസ്, ഫയര്‍ ഫോഴ്‌സ്, ആംബുലന്‍സ് എന്നിവയ്ക്കായി പ്രത്യേക പാതയും ഒരുക്കിയിട്ടുണ്ട്.

ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള പുഴയോട് ചേര്‍ന്ന് പ്രദേശത്തെ വൈദ്യുതീകരണം പൂര്‍ത്തിയായിട്ടുണ്ട്.  ജനറേറ്റര്‍ ഉപയോഗിച്ചാണ്  ഈ പ്രദേശത്ത് വെളിച്ചം എത്തിക്കുന്നത്. കെ.എസ്.ആര്‍.ടി.സി വിവിധ സ്ഥലങ്ങളില്‍നിന്ന് ആലുവയിലേക്ക്  പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വടക്കെ മണപ്പുറത്തായിരിക്കും കെ.എസ്.ആര്‍.ടി.സിയുടെ താല്‍ക്കാലിക സ്റ്റാന്‍ഡ്  പ്രവര്‍ത്തിക്കുന്നത്.

250 ബലിത്തറകളാണ് ഇപ്രാവശ്യം ഒരുക്കിയിരിക്കുന്നത്. പോലീസിന്റെ എന്‍.ഒ.സി. സര്‍ട്ടഫിക്കറ്റുകളും താന്ത്രികപഠന സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കുന്ന പുരോഹിതന്മാര്‍ക്ക് കര്‍ശന നിബന്ധനകളോടെയാണ് ഇപ്രാവശ്യം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം