ഹെല്‍മറ്റ് വേട്ടയ്ക്കിടെ ബൈക്ക് ബസിനടിയില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു

March 10, 2013 കേരളം

കോഴിക്കോട്‌: പോലീസിന്റെ ഹെല്‍മറ്റ് വേട്ടയ്ക്കിടെ ബൈക്ക് കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. അരക്കിണര്‍ സ്വദേശികളായ രാജേഷ്, മഹേഷ് എന്നിവരാണ് മരിച്ചത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ തിരുവണ്ണൂര്‍ ജംഗ്ഷന്‍ ഉപരോധിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു.

ഹെല്‍മറ്റ് വേട്ടയ്ക്കായി മറഞ്ഞു നിന്ന പോലീസിനെ കണ്ട് ഭയന്ന യുവാക്കള്‍ക്ക് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ്സിന്റെ അടിയില്‍പ്പെട്ടു. അപകടത്തില്‍പ്പെട്ട രാജേഷിനെയും മഹേഷിനെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവാക്കളുടെ മരണ വാര്‍ത്ത അറിഞ്ഞതോടെ നാട്ടുകാര്‍ കുപിതരായി.

കെഎസ്ആര്‍ടിസി ബസ്സ് അടിച്ചുതകര്‍ത്ത നാട്ടുകാര്‍ തിരുവണ്ണൂര്‍ റോഡ് ഉപരോധിച്ചു. ഇവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശിയെങ്കിലും പിരിഞ്ഞുപോകാന്‍ നാട്ടുകാര്‍ തയ്യാറായില്ല. പന്നിയങ്കര എസ്‌ഐ അനില്‍ കുമാറിനെ സസ്‌പെന്റ് ചെയ്യണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. തുടര്‍ന്ന് രാത്രി 12 മണിയോടെ സിറ്റി പോലീസ് കമ്മീഷണറും എംഎല്‍എ പ്രദീപ് കുമാറും സ്ഥലത്തെത്തിയ ശേഷം മാത്രമാണ് പിരിഞ്ഞുപോകാന്‍ നാട്ടുകാര്‍ തയ്യാറായത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം