എസ്എസ്എല്‍സി പരീക്ഷ നാളെ ആരംഭിക്കും

March 10, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ നാളെ ആരംഭിക്കും. 4,70,000 കുട്ടികള്‍ പരീക്ഷയെഴുതും. കനത്ത സുരക്ഷയിലാണ് പരീക്ഷ നടത്തുന്നത്. പരീക്ഷാ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ അവസാനം ഫലം പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

2,800 കേന്ദ്രങ്ങളിലായി 4,79,650 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. മലയാളത്തില്‍ തുടങ്ങി ഐടിയില്‍ തീരും വിധമാണ് ടൈംടേബിള്‍ തീരുമാനിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ പട്ടം സെന്റ് മേരീസ് സ്്കൂളാണ് ഏറ്റവും അധികം കുട്ടികളെ പരീക്ഷക്കിരുത്തുന്ന സ്‌കൂള്‍, 1,559 കുട്ടികള്‍. ഏറ്റവും കുറവ് കുട്ടികള്‍ ഇടുക്കിയില്‍ നിന്നാണ്. 13,769 പേര്‍ മാത്രമാണ് ഈ ജില്ലയില്‍ നിന്നു പരീക്ഷക്കെത്തുന്നത്. കുട്ടനാടാണ് ഏറ്റവും കുറവ് പരീക്ഷാര്‍ത്ഥികളുള്ള വിദ്യാഭ്യാസ ഉപജില്ല, 2,530 പേര്‍ മാത്രം. ചോദ്യപേപ്പറുകള്‍ ബാങ്ക് ലോക്കറുകളിലും ട്രഷറികളിലും സൂക്ഷിച്ചിരിക്കുകയാണ്. പരീക്ഷാ ദിവസം രാവിലെ അതത് സെന്ററുകളില്‍ എത്തിക്കും.

25,000 അധ്യാപകര്‍ പരീക്ഷാ ഡ്യൂട്ടിക്കുണ്ടാവും. 54 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ 12,500 അധ്യാപകര്‍ മൂല്യനിര്‍ണ്ണയം നടത്തും. ഏപ്രില്‍ അവസാനം ഫലം പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം