ലോകം ഒരു കുടുംബം

March 10, 2013 ഉത്തിഷ്ഠത ജാഗ്രത

സത്യാനന്ദപ്രകാശം-9 (ഹനുമത്പ്രഭാവനായ സ്വാമി വിവേകാനന്ദന്‍)
ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍
ഭാരതത്തില്‍ നിന്നുവന്ന ഒരു ചെറുപ്പക്കാരന്‍ അനേകം നാടുകളില്‍നിന്നും ജനസമൂഹങ്ങളില്‍നിന്നും വന്നുചേര്‍ന്ന പ്രതിനിധികളെയും അമേരിക്കന്‍ ജനസമൂഹത്തെയും സഹോദരീ സഹോദരന്മാരേയെന്നു സംബോധനചെയ്യുന്നു. വര്‍ഗ്ഗ-വര്‍ണ്ണ-രാഷ്ട-ഭാഷാ ഭേദമന്യേ ഏവരും ആനന്ദനൃത്തത്താല്‍ അതിനെ അഭിനന്ദിച്ചു സ്വാഗതമോതുന്നു. സ്വാര്‍ത്ഥചിന്തകളും അജ്ഞതയും അക്കാലംവരെ മതില്‍കെട്ടി വേര്‍തിരിച്ചു നിര്‍ത്തിയിരുന്ന മനുഷ്യമനസ്സുകള്‍ പ്രതിബന്ധങ്ങളെല്ലാം തട്ടിത്തകര്‍ത്ത് സാഹോദര്യമനുഭവിക്കുകയായിരുന്നു. ജീവനുള്‌ലതും ജീവനില്ലാത്തതുമായി ഈ ലോകത്തു കാണപ്പെടുന്നതെല്ലാം ഒരേയൊരു  ഈശനാല്‍ അകവും പുറവും നിറഞ്ഞിരിക്കുന്നു; ഈശനല്ലാതെ ഇവിടെ രണ്ടാമതൊരുവസ്തുവില്ല എന്നു ഈശാവാസ്യോപനിഷത് പ്രഖ്യാപിച്ചിരിക്കുന്ന മഹാസത്യമാണ് ഇവിടെ സ്വാമിജി ഒരു ലഘുസംബോധനയിലൂടെ പരിചയപ്പെടുത്തിത്തന്നിരിക്കുന്നത്. (ഈശാവാസ്യമിദംസര്‍വം യത്കിചെജഗത്യാംജഗത്) ആയിരത്താണ്ടുകള്‍ക്കു മുമ്പുനിന്നു ഒഴുകിയെത്തുന്ന ഉപനിഷത്തുകളുടെ അനുരണനം കേള്‍ക്കാന്‍ വേണ്ടുന്ന ശേഷി ഉള്ളിലെ  കാതുകള്‍ക്കു കൈവരുമ്പോള്‍ വിവേകാനന്ദസ്വാമികളുടെ സംബോധന ഉള്‍ക്കൊള്ളുന്ന ഗാംഭീര്യം അനുഭവപ്പെട്ടുതുടങ്ങും.

ഭേദങ്ങളെല്ലാം ശരീരമാകുന്ന പുറന്തോടില്‍ മാത്രം. ഉള്ളില്‍ ഏവരും ഒരേ ചൈതന്യത്തിന്റെ ആവിഷ്‌കാരങ്ങള്‍. അതാണു സഹോദരീസഹോദരഭാവം. രാജ്യങ്ങളും ഭൂഖണ്ഡങ്ങളും ശരീരത്തിന്റെ നാനാഭേദവും നിറഭേദവും ആഹാരരീതികളും ജീവിതക്രമങ്ങളും ഭാഷയും സംസ്‌കാരവും എന്തെല്ലാം വൈവിദ്ധ്യങ്ങള്‍ പുലര്‍ത്തിയാലും നാമെല്ലാം ഒന്നാണ്. സഹോദരീ സഹോദരന്മാരാണ്. ഇതാണ് ആദ്യം മുഴങ്ങുന്ന അര്‍ത്ഥാനുഭവം.
പ്രപഞ്ചത്തെ മുഴുവന്‍ ഒരു കുടുംബമായും ചരാചരങ്ങളെ കുടുംബാംഗങ്ങളായും കാണുന്നത് ഭാരതത്തിന്റെ പ്രത്യേകതയാണ്. ‘യത്രവിശ്വം ഭവത്യേകനീഡം’ യാതൊരു സത്യദര്‍ശനത്തിലാണോ ലോകം മുഴുവന്‍ ഒരൊറ്റ നീഡമായി – കിളിക്കൂടായി വോറൊരു വിധത്തില്‍ പറഞ്ഞാല്‍ വീടായി – അനുഭവപ്പെടുന്നത് ആ ദര്‍ശനമാണ് ഈ രാജ്യത്തിന്റെ ആത്മാവ്. ആ ദര്‍ശനമാണ് ഈ നാടിനെ എക്കാലവും നയിച്ചിട്ടുള്ളത്. ‘വസുധൈവ കുടുംബകം’ ലോകം തന്നെയാണു കുടുംബം എന്ന പ്രസിദ്ധവാക്യവും അതുതന്നെ പ്രകാശിപ്പിക്കുന്നു. കാലാകാലങ്ങളില്‍ ഈ ദേശത്തെ പ്രവര്‍ത്തിപ്പിച്ചവരെല്ലാം മുഖ്യ ആദര്‍ശമായി പഠിപ്പിച്ചതും ഇതുതന്നെയായിരുന്നു. സ്വാമി വിവേകാനന്ദന്റെ കാലശേഷം ഭാരതത്തെ മുന്നോട്ടു നയിച്ച മഹാത്മജി ഇതിനു പ്രകാശപൂര്‍ണ്ണമായ ദൃഷ്ടാന്തമാകുന്നു. എന്റെ ഗുരുനാഥന്‍ എന്ന കവിതയില്‍ മഹാത്മജിയെപ്പറ്റി വള്ളത്തോള്‍ പാടിത്തുടങ്ങുന്നതുപോലും ഇങ്ങനെയാണ്.

ലോകമേ തറവാടു
തനിക്കീച്ചെടികളും
പുല്‍കളും പുഴുക്കളും
കൂടിത്തന്‍ കുടുംബക്കാര്‍;
ത്യാഗമെന്നതേ നേട്ടം
താഴ്മതാനഭ്യൂന്നതി
യോഗവിത്തേവം ജയി-
ക്കുന്നിതെന്‍ ഗുരുനാഥന്‍.’

മഹാത്മജിയുടെ പ്രസംഗങ്ങളിലും ലേഖനങ്ങളിലുമെല്ലാം ഈ വികാരം തന്നെ തുടികൊട്ടുന്നത് ആര്‍ക്കും മനസ്സിലാകും. ലോകം ഒരു കുടുംബമെന്ന ഉപനിഷത് സന്ദേശമാണ് സാഹോദര്യത്തിന്റെ സംബോധനയായി സ്വാമി വിവേകാനന്ദനിലൂടെ കേട്ടത്.

വിശ്വസാഹോദര്യസന്ദേശം സര്‍വസമത്വാദര്‍ശത്തെ തന്നോടൊപ്പം ആനയിക്കുന്നു. സഹോദരങ്ങള്‍ തമ്മില്‍ തുല്യതയല്ലാതെ മര്‍ദ്ദക മര്‍ദ്ദിത ഭാവം സാദ്ധ്യമാവുകയില്ല. ഭേദചിന്തകളേതുമില്ലാതെ എല്ലാ നാട്ടിലെ ജനങ്ങളും തുല്യമായ അവകാശങ്ങളോടെയും തുല്യമായ അവസരങ്ങളോടെയും പരസ്പരം സഹകരിച്ചും പരസ്പരം സഹായിച്ചും ജീവിക്കുന്ന ഉത്തമ ലോക വ്യവസ്ഥയാണത്. അതു മനുഷ്യമഹത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. വിപരീതഘടകങ്ങളെ ഒഴിവാക്കുന്നു. സ്വാര്‍ത്ഥമോഹങ്ങളുടെയും പരപീഡന വ്യഗ്രതകളുടെയും ബന്ധനങ്ങളില്‍ നിന്നു മനുഷ്യമനസ്സുകളെ സ്വതന്ത്രമാക്കുന്നു. സാഹോദര്യബോധം ഹൃദയത്തിലുറച്ചു കഴിഞ്ഞാല്‍ പിന്നെ ആക്രമണവും അടിത്തമര്‍ത്തലും ചൂഷണവും സാദ്ധ്യമാവുകയില്ല. അതാണു സ്വാതന്ത്ര്യത്തിലേക്കുള്ള പ്രവേശനകവാടം. അസ്വാതന്ത്ര്യം സ്വാര്‍ത്ഥതയുടെ പരിണതഫലമാണ്. നിസ്വാര്‍ത്ഥരായ ജനങ്ങളെയോ അത്തരക്കാര്‍ വസിക്കുന്ന നാടിനെയോ അടിമപ്പെടുത്താന്‍ ലോകത്താര്‍ക്കും സാധിക്കുകയില്ല. ഭാരതത്തിലേക്കു അടിമത്തം കയറിവന്ന വഴി വിചിന്തനം ചെയ്താല്‍ ഇതെല്ലാം വ്യക്തമായിത്തീരും. ഏതു നാടിന്റെ ചരിത്രം പരിശോധിച്ചാലും അതുതന്നെ തെളിഞ്ഞുകാണും. എങ്ങനെ ഒരുനാളും മാറ്റമില്ലാത്ത സത്യമാണത്. അതിനാല്‍ സാഹോദര്യമാണു സമത്വം. സാഹോദര്യമാണു മനുഷ്യത്വം. സാഹോദര്യത്തിന്റെ ഉത്പന്നമാണു നിസ്സ്വാര്‍ത്ഥത. സാഹോദര്യമാണു സ്വാതന്ത്ര്യനിദാനം. അതിനാല്‍ സാഹോദര്യത്തെ ഉപാസിക്കുവിന്‍. ഇതാണു സ്വാമിജിയുടെ സന്ദേശം. ആദ്യം മനുഷ്യമനസ്സിലും തുടര്‍ന്നു ഭൗതികജഗത്തിലും അതിനു വരുത്താനാകുന്ന ലോകോപകാരപ്രദമായ മാറ്റങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള സമര്‍ത്ഥമായ സംബോധനയായിരുന്നു അത്. ഏതെങ്കിലും ഒരു കാലഘട്ടത്തിനു മാത്രമായോ ഏതെങ്കിലും ഒരു ദേശത്തിനു മാത്രമായോ ഏതെങ്കിലും ഒരു ജനസമൂഹത്തിനു മാത്രമായോ നല്‍കപ്പെട്ട ഉപദേശമല്ലിത്. സാര്‍വകാലികവും സാര്‍വലൗകികവുമായ പ്രസക്തിയാണ് അതിന്റെ അദ്ഭുതമഹത്വം. വിവേകാനന്ദവചസ്സുകളെ പിന്‍തുടരുന്നവര്‍ ഒരിക്കലും ഇരുട്ടില്‍ പതിക്കുന്നില്ല. എന്തെന്നാല്‍ അതു വിവേകപൂര്‍ണ്ണമായ സാഹോദര്യ സൂര്യോദയമാകുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ഉത്തിഷ്ഠത ജാഗ്രത