എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഇന്ന് തുടക്കം

March 11, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി നിര്‍ണ്ണയിക്കുന്ന എസ്.എസ്.എല്‍.സി. പരീക്ഷ ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മാര്‍ച്ച് 23 വരെയാണ് പരീക്ഷ. ഉപരിപഠന യോഗ്യത നിശ്ചയിച്ച് ഒരു വിദ്യാര്‍ത്ഥി ഏതു മേഖല തിരഞ്ഞെടുക്കണം എന്നതില്‍ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് നിര്‍ണായക സ്ഥാനമാണ് ഉള്ളത്.

എല്ലാ ദിവസവും 1.30 ആകുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷാഹാളില്‍ ഹാജരാകണം. 1.45ന് പരീക്ഷ തുടങ്ങും. കൂള്‍ ഓഫ് ടൈമിനു ശേഷം രണ്ടു മണി മുതല്‍ പരീക്ഷ എഴുതിത്തുടങ്ങാം. ഉത്തരക്കടലാസിന്റെ മെയിന്‍ ഷീറ്റുകളിലും അഡീഷണല്‍ ഷീറ്റുകളിലും രജിസ്റ്റര്‍ നമ്പര്‍ എഴുതണം. അവസാനത്തെ ലോങ് ബെല്‍ വരെ ഉത്തരമെഴുതാം. അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു പോകാന്‍ വിലക്കുണ്ട്. എന്നാല്‍, ലേബലില്ലാത്ത കുപ്പികളില്‍ വെള്ളം കൊണ്ടുവരാന്‍ അനുമതിയുണ്ട്.

ഇന്നു തുടങ്ങി മാര്‍ച്ച് 23ന് അവസാനിക്കുന്ന പരീക്ഷയ്ക്ക് 4,79,650 പേരാണുള്ളത്. ഇതില്‍ 5740 പേര്‍ പ്രൈവറ്റായി പരീക്ഷ എഴുതുന്നു. തിരുവനന്തപുരം പട്ടം സെന്റ് മേരീസാണ് ഏറ്റവുമധികം പേരെ പരീക്ഷയ്ക്കിരുത്തുന്ന സ്‌കൂള്‍ -1559 പേര്‍. കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തുന്ന വിദ്യാഭ്യാസ ജില്ല തിരൂര്‍ -37060 പേര്‍. കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് -2530 പേര്‍ മാത്രം. 77496 പേര്‍ പരീക്ഷയെഴുതുന്ന മലപ്പുറം ജില്ലകളുടെ പട്ടികയില്‍ ഒന്നാമതുള്ളപ്പോള്‍ 13769 പേര്‍ മാത്രം പരീക്ഷയെഴുതുന്ന ഇടുക്കിയാണ് പട്ടികയില്‍ ഒടുവില്‍.

2800 കേന്ദ്രങ്ങളിലാണ് ഇത്തവണ എസ്.എസ്.എല്‍.സി. പരീക്ഷ നടക്കുക. 2782 കേന്ദ്രങ്ങള്‍ കേരളത്തില്‍ തന്നെയാണ്. ലക്ഷദ്വീപിലുള്ളത് ഒമ്പത് കേന്ദ്രങ്ങള്‍. ഗള്‍ഫിലും ഒമ്പത് പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 139 ബാങ്കുകളിലെയും 168 ട്രഷറികളിലെയും ലോക്കറുകളിലാണ് ചോദ്യക്കടലാസ്. പരീക്ഷാസമയത്ത് ഹാളിലെത്തിക്കുന്ന ചോദ്യക്കടലാസ് വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യത്തിലാണ് പൊട്ടിക്കുക. കെട്ട് നേരത്തേ പൊട്ടിച്ചിരുന്നില്ലെന്ന് പരീക്ഷാ ഹാളിലെ ഇന്‍വിജിലേറ്ററും രണ്ടു വിദ്യാര്‍ത്ഥികളും സാക്ഷ്യപ്പെടുത്തണം. ഇന്‍വിജിലേറ്റര്‍മാരായി 25,000 അദ്ധ്യാപകരാണുള്ളത്.

ഉത്തരക്കടലാസിന്റെ മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ഏപ്രില്‍ 1 മുതല്‍ 15 വരെ നടക്കും. 12500 അദ്ധ്യാപകരാണ് മൂല്യനിര്‍ണ്ണയം നടത്തുക. ഏപ്രില്‍ അവസാനവാരം എസ്.എസ്.എല്‍.സി. പരീക്ഷാഫലം അറിയാനാകും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍