ഡല്‍ഹി കൂട്ടമാനഭംഗം: മുഖ്യപ്രതി ജയിലില്‍ മരിച്ച നിലയില്‍

March 11, 2013 പ്രധാന വാര്‍ത്തകള്‍

ഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ മുഖ്യപ്രതി 32 കാരനായ റാം സിംഗിനെ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നു കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ഇയാള്‍ ജീവനൊടുക്കിയത്. പുലര്‍ച്ചെ അഞ്ചുമണിയോടെ റാം സിംഗിനെ പാര്‍പ്പിച്ചിരുന്ന അഞ്ചാം വാര്‍ഡിലെ മൂന്നാം നമ്പര്‍ ജയില്‍ മുറിയില്‍ ഉടുത്തിരുന്ന തുണിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുറിയിലെ ജനലിലാണ് ഇയാള്‍ തൂങ്ങിമരിച്ചത്. പോസ്റുമോര്‍ട്ടത്തിനു ശേഷം മാത്രമെ ഇതു സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ കഴിയുകയുള്ളുവെന്ന നിലപാടിലാണ് ജയില്‍ അധികൃതര്‍. മൃതദേഹം ദീന്‍ദയാല്‍ ആശുപത്രിയിലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട മാനസീക സംഘര്‍ഷമാണ് ഇയാള്‍ ജീവനൊടുക്കാന്‍ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം ഇത്ര കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതിയെ ജയിലില്‍ സൂക്ഷിക്കുന്നതില്‍ ഗുരുതരമായ വീഴ്ചയുണ്ടായെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ജയില്‍ അധികൃതരുടെ ഭാഗത്തുനിന്നും വേണ്ടത്ര ശ്രദ്ധ ഈ സെല്ലിലേക്ക് ഉണ്ടായില്ലെന്നാണ് ആക്ഷേപം. സിസിടിവി പോലെ ആധുനീക നിരീക്ഷണ സംവിധാനങ്ങളും ഈ സെല്ലില്‍ ഉണ്ടായിരുന്നില്ലെന്നാണ് ജയില്‍ അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം. പോസ്റുമോര്‍ട്ടത്തിനു ശേഷം ഇന്നുതന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു. ഫോറന്‍സിക് വിഭാഗവും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമടക്കം ഉന്നത പോലീസ് സംഘം ജയിലില്‍ എത്തി. ജയില്‍ ജീവനക്കാരില്‍ നിന്നും ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തെക്കുറിച്ച് മജിസ്ട്രേറ്റ്തല അന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ബസിന്റെ ഡ്രൈവറായിരുന്നു രാം സിംഗ്. ഇയാളുടെ സഹോദരന്‍ മുകേഷും കേസില്‍ പ്രതിയാണ്. സംഭവസമയത്ത് മുകേഷായിരുന്നു ബസ് ഓടിച്ചിരുന്നത്. റാം സിംഗ് അടക്കം ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ അഞ്ച് പ്രതികളായിരുന്നു തിഹാര്‍ ജയിലില്‍ വിചാരണ തടവുകാരായി കഴിഞ്ഞിരുന്നത്. റാം സിംഗിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന ആരോപണവുമായി പ്രതിയുടെ അഭിഭാഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. റാം സിംഗ് അടക്കമുള്ള പ്രതികളെ സഹതടവുകാര്‍ മര്‍ദിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍