ബേക്കറി ജംഗ്ഷനിലെ സംഭവം: സ്ഥലത്തുണ്ടായിരുന്ന ആള്‍ക്കാരില്‍നിന്നു പോലീസ് മൊഴിയെടുക്കും

March 11, 2013 കേരളം

തിരുവനന്തപുരം: തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ രാത്രിഭക്ഷണം കഴിക്കാനെത്തിയ പെണ്‍കുട്ടി തന്നോടു മോശമായി പെരുമാറിയവരെ തല്ലിയോടിച്ച സംഭവവുമായി ബന്ധപ്പെട്ട് ആ സമയത്ത് അവിടെയുണ്ടായിരുന്നവരില്‍നിന്നു പോലീ സ് മൊഴിയെടുക്കും.

ഓള്‍ സെയിന്റ്സ് കോളജ് വിദ്യാര്‍ഥിനിയായ അമൃതയെ ശല്യപ്പെടുത്തിയവരെ മര്‍ദിച്ചത് ഒപ്പമുണ്ടായിരുന്ന പുരുഷന്മാരാണെന്നതിനു തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണു പുതുതായി മൊഴി രേഖപ്പെടുത്തുന്നത്. സംഭവസ്ഥലത്തെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണു തെളിവായി പോലീസ് ശേഖരിച്ചത്.

ബേക്കറി ജംഗ്ഷനിലെ പോലീസിന്റെ നിരീക്ഷണകാമറ കഴിഞ്ഞ 14നു രാത്രി 10.35നു റിക്കാര്‍ഡ് ചെയ്ത ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 14 ന് രാത്രിസുഹൃത്തുക്കള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ അസഭ്യച്ചുവയോടെ വര്‍ത്തമാനം പറഞ്ഞ യുവാക്കളെ താന്‍ തല്ലിയോടിച്ചെ ന്നായിരുന്നു അമൃത പറഞ്ഞിരുന്നത്. എന്നാല്‍ ഇവരെ തല്ലുന്നത് രണ്ടു പുരുഷന്മാരാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നു. ഇവര്‍ ആരാണെന്നു തിരിച്ചറിയാന്‍ തക്ക വ്യക്തത ദൃശ്യങ്ങള്‍ക്കില്ല. അമൃതയുടെ പിതാവും സുഹൃത്തുക്കളില്‍ ഒരാളുമാണ് ഇതെന്നാണു പോലീസിന്റെ നിഗമനം.

അമൃതയോടു മോശമായി പെരുമാറിയതിന്റെ പേരില്‍ ഐടി അറ്റ് സ്കൂള്‍ വിഭാഗത്തിലെ കരാര്‍ ജീവനക്കാരായ മനോജ്, അനൂപ് എന്നിവരെ പിരിച്ചുവിട്ടിരുന്നു. മര്‍ദനമേറ്റ അനൂപ് നല്‍കിയ ഹര്‍ജിയില്‍ അമൃതയ്ക്കും പിതാവിനുമെതിരേ കേസെടുക്കാനും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പ്രതികള്‍ക്ക് അനുകൂലമായി നിലപാടെടുത്തുവെന്ന് ആക്ഷേപം നേരിട്ടതിനാല്‍ ഉത്തരവു പുറപ്പെടുവിച്ച ജഡ്ജിയെ സ്ഥലംമാറ്റി.

ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സംഭവത്തിന്റെ കാമറാ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ കാമറാദൃശ്യങ്ങള്‍ കൂടി പരിഗണിച്ചാണ് അന്വേഷണം നടത്തുകയെന്നു സിറ്റി പോലീസ് കമ്മീഷണര്‍ പി. വിജയന്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം