വിവര വിനിമയരംഗം `വയര്‍ലെസിന്‌’ വഴിമാറുന്നു

November 14, 2010 മറ്റുവാര്‍ത്തകള്‍

ലാല്‍ജിത്‌ വെങ്ങാനൂര്‍
വിവരവിനിമയ രംഗത്ത്‌ വയര്‍ലെസ്‌ സാങ്കേതികവിദ്യയുടെ അതിപ്രസരം ശ്രദ്ധേയമായ മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. മൊബൈല്‍ ഫോണുകളിലും പേഴ്‌സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റുകളിലും പലതരത്തിലുള്ള വയര്‍ലെസ്‌ സാങ്കേതികവിദ്യകള്‍ ഇന്ന്‌ രംഗത്തെത്തിക്കഴിഞ്ഞു. വൈ-ഫൈ, ഹൈപ്പര്‍ലാന്‍, ബ്ലൂടൂത്ത്‌, അള്‍ട്രാവൈഡ്‌ബാന്‍ഡ്‌, വയര്‍ലെസ്‌ യൂ.എസ്‌.ബി, സിഗ്‌ബി, ഹോം RF, വൈഡ്‌ ഏരിയാ വയര്‍ലെസ്‌ ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റ്‌ നല്‍കുന്ന `വൈമാക്‌സ്‌’ സാങ്കേതികവിദ്യ തുടങ്ങി ഈ മേഖല അനുദിനം വികസിക്കുകയും പ്രചാരംകൂടുകയും ചെയ്യുന്നു. മേല്‍പറഞ്ഞ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി വയറുകളുടെ നൂലാമാലകളില്‍ നിന്നും സ്വതന്ത്രമായ ഒരു വയര്‍ലെസ്‌ ലോകം നമുക്കുമുന്നില്‍ തുറക്കുന്നു.
ബ്ലൂടൂത്ത്‌: മൊബൈല്‍ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍, ഡിജിറ്റല്‍ ക്യാമറകള്‍ എന്നിവ തമ്മില്‍ വയറുകളില്ലാതെ ബന്ധപ്പെടുത്താനും ഡാറ്റാ ട്രാന്‍സ്‌ഫര്‍ ചെയ്യാനും ഈ സാങ്കേതികവിദ്യയിലൂടെ കഴിയും. പത്താം നൂറ്റാണ്ടില്‍ ഡെന്‍മാര്‍ക്ക്‌ ഭരിച്ചിരുന്ന ഹാറോള്‍ഡ്‌ ബ്ലൂടൂത്ത്‌ എന്ന രാജാവിന്റെ പേരില്‍നിന്നും കടമെടുത്തതാണ്‌ `ബ്ലൂടുത്ത്‌’ എന്ന സാങ്കേതികവിദ്യാനാമം. വളരെ കുറച്ച്‌ പവര്‍ ഉപയോഗിച്ചുകൊണ്ട്‌ കുറഞ്ഞപരിധിയില്‍ വയര്‍ലെസ്‌ കമ്യൂണിക്കേഷന്‍ നടത്താന്‍ പാകത്തിനാണ്‌ ബ്ലൂടുത്ത്‌ തയാറാക്കിയിട്ടുള്ളത്‌. ദൂരപരിധിയും പവര്‍ ഉപയോഗവും അടിസ്ഥാനമാക്കി ഇതിനെ ക്ലാസ്‌-1, ക്ലാസ്‌-2, ക്ലാസ്‌-3 എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്‌. പവര്‍ക്ലാസ്‌ അനുസരിച്ച്‌ 1,10,100 എന്നിങ്ങനെയാണ്‌ ബ്ലൂടൂത്തിന്റെ മീറ്ററിലുള്ള പരിധി. പവര്‍ ഉപയോഗം യഥാക്രമം 100 മില്ലീവാട്ട്‌, 2.5 മില്ലീവാട്ട്‌, 1 മില്ലീവാട്ട്‌ എന്നിങ്ങനെയാണ്‌.
ബ്ലൂടുത്ത്‌ ആദ്യമായി വികസിപ്പിച്ചത്‌ പ്രമുഖടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ എറിക്‌സണ്‍ ആണ്‌. ഇതിനുശേഷം ഐ.ബി.എം, ഇന്റല്‍, സോണിഎറിക്‌സണ്‍, തോഷിബ, നോക്കിയ തുടങ്ങിയവര്‍ ചേര്‍ന്ന്‌ ബ്ലൂടുത്ത്‌ സാങ്കേതികവിദ്യയുടെ സമഗ്രമായ വികസനത്തിനും ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കുമായി ബ്ലൂടുത്ത്‌ സ്‌പെഷ്യല്‍ ഇന്ററസ്റ്റ്‌ ഗ്രൂപ്പ്‌(SIG) രൂപീകരിച്ചു.
ബ്ലൂടൂത്ത്‌ 1.0, 1.0B, 1.1, 1.2, 2.0 എന്നിവയാണ്‌ നിലവിലുള്ള പ്രധാന പതിപ്പുകള്‍. എന്‍ക്രിപ്‌റ്റ്‌ ചെയ്യുന്ന ഡാറ്റാചാനലുകള്‍ക്കുള്ള പിന്തുണയാണ്‌. 1.1ന്റെ പ്രത്യേകത. ഇന്റര്‍ഫെറന്‍സിനെ തടയുന്ന അഡാപ്‌റ്റീവ്‌ ഫ്രീക്വന്‍സി ഹോപ്പിംഗ്‌ സ്‌പ്രെഡ്‌ സ്‌പെക്‌ട്രം, കൂടിയ ട്രാന്‍സ്‌ഫര്‍സ്‌പീഡ്‌, ഹോസ്‌റ്റ്‌ കണ്‍ട്രോളര്‍ ഇന്റര്‍ഫേസ്‌, ഹോസ്റ്റ്‌ ടൈമിംഗ്‌ ഇന്‍ഫര്‍മേഷന്‍ എന്നിവയാണ്‌ 1.2 പതിപ്പിന്റെ സവിശേഷതകള്‍. പുതിയ 2.0 പതിപ്പിന്‌ 2.1 മെഗാബിറ്റ്‌/സെക്കന്റ്‌ വരെ ഡാറ്റാ ട്രാന്‍സ്‌ഫര്‍ റേറ്റ്‌ കൈവരിക്കാനാകും. 56 Kbps മുതല്‍ 721 Kbps വരെ സ്‌പീഡ്‌ മാത്രമേ ബ്ലൂടുത്തിന്റെ പഴയ പതിപ്പുകള്‍ക്ക്‌ ഉണ്ടായിരുന്നുള്ളൂ. 2.45 ഫ്രീക്വന്‍സിയിലാണ്‌ ബ്ലൂടുത്ത്‌ പ്രവര്‍ത്തിക്കുന്നത്‌. പരിധിയില്‍ വരുന്ന ഉപകരണങ്ങളുമായി നേരിട്ട്‌ ബന്ധം പുലര്‍ത്തുവാനുള്ള വിവേചനബുദ്ധി ബ്ലുടൂത്തിനുണ്ട്‌. ഒരു ബ്ലൂടൂത്ത്‌ ശൃംഖലയില്‍ മാസ്റ്റര്‍ ഉപരണത്തിനുപുറമേ ഏഴോളം ഉപകരണങ്ങള്‍ കൂടി ഘടിപ്പിക്കാം.
ഡെസ്‌ക്‌ടോപ്പുകളും ലാപ്‌ടോപ്പുകളും തമ്മിലുള്ള വയര്‍ലെസ്‌ നെറ്റ്വര്‍ക്കിംഗ്‌, വയര്‍ലെസ്‌ പ്രിന്ററുകള്‍, വയര്‍ലെസ്‌ സ്‌കാനറുകള്‍, മൗസ്‌, കീബോര്‍ഡ്‌ എന്നിവ പി.,സിയുമായി ബന്ധിപ്പിക്കാന്‍ സെല്‍ഫോണില്‍ ഹാന്‍സ്‌ഫ്രീ പ്രവര്‍ത്തിപ്പിക്കാന്‍ ചില എംപിത്രീ പ്ലെയറുകളിലേക്ക്‌ മ്യൂസിക്‌ഫയല്‍ ട്രാന്‍സ്‌ഫര്‍ ചെയ്യാന്‍ പിസി യില്‍ മൊബൈലിലേക്കും തിരിച്ചും ഫയലുകള്‍ കൈമാറ്റം ചെയ്യാന്‍ എന്തിനേറെ ചില പോര്‍ട്ടബിള്‍ ഗെയിം കളിക്കാന്‍ വരെയുള്ള നിരവധി ഉപയോഗങ്ങളാണ്‌ ബ്ലൂടുത്ത്‌ നമുക്ക്‌ സാധ്യമാക്കുന്നത്‌. സ്‌മാര്‍ട്ട്‌ ഫോണുകളുടെ വരവ്‌ ഈ പുത്തന്‍ സാങ്കേതികവിദ്യക്ക്‌ മാറ്റുകൂട്ടുന്നു. എന്നാല്‍ 721 Kbps ഡാറ്റാറേറ്റ്‌ ഉണ്ടെങ്കിലും താരതമ്യേന ചെറിയ ഉപകരണങ്ങളിലാണ്‌ വ്യാപകമായി ഉപയോഗിക്കുന്നത്‌.
അള്‍ട്രാവൈഡ്‌ ബാന്‍ഡ്‌(UWB): ഉയര്‍ന്ന ബാന്‍ഡ്‌വിഡ്‌ത്തുള്ള വയര്‍ലെസ്‌ പേഴ്‌സണല്‍ ഏരിയാ നെറ്റുവര്‍ക്ക്‌ സാങ്കേതികവിദ്യയാണ്‌ അള്‍ട്രാവൈഡ്‌ ബാന്‍ഡ്‌. ബ്ലൂടുത്ത്‌ പോലെ തന്നെ ഒരു ഷോട്ട്‌റേഞ്ച്‌ റേഡിയോ ടെക്‌നോളജിയാണ്‌ UWB യും. വീഡിയോ ഓഡിയോ ഫയലുകള്‍ അനായാസം കൈമാറ്റം ചെയ്യാന്‍ ഇതിലൂടെ അനായാസം സാധിക്കും. 10 മീറ്റര്‍ വരെയാണ്‌ പരിധിയെങ്കിലും ബ്ലൂടുത്തിനെ അപേക്ഷിച്ച്‌ കൂടുതല്‍ ഉയര്‍ന്ന വേഗതയാണ്‌ UWB യുടെസവിശേഷത. അതിനാല്‍ വേഗതയേറിയ ഷോര്‍ട്ട്‌റേഞ്ച്‌ ഉപയോഗങ്ങള്‍ക്ക്‌ ഇത്‌ തികച്ചും അനുയോജ്യം തന്നെ.
3.1 GHz മുതല്‍ 10.6 GHz വരെയുള്ള ഫ്രീക്വന്‍സി സ്‌പെക്‌ട്രത്തിലാണ്‌ അള്‍ട്രാവൈഡ്‌ ബാന്‍ഡ്‌ പ്രവര്‍ത്തിക്കുന്നത്‌. 480 മെഗാബിറ്റ്‌സ്‌/സെക്കന്റ്‌ ഡാറ്റാട്രാന്‍സ്‌ഫര്‍ സ്‌പീഡ്‌ വരെ 10മീറ്റര്‍ പരിധിക്കുള്ളില്‍ നല്‍കാന്‍ ഈ സാങ്കേതികവിദ്യയിലൂടെ സാധ്യമാകും. ഡിവിഡി പ്ലെയറുകള്‍ വയറുകളില്ലാതെ ഇതിലൂടെ ടിവിയുമായി ഘടിപ്പിക്കാം. അതുപോലെ യൂഎസ്‌ബിയുമായും ആള്‍ട്രാവൈഡ്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കും. ബ്ലൂടുത്തുമായി സാമ്യമുള്ളതിനാല്‍ ഭാവിയില്‍ ബ്ലൂടുത്തിന്റെ ഭാഗമായി അള്‍ട്രാവൈഡ്‌ ബാന്‍ഡ്‌ മാറുമെന്നും വിദഗ്‌ദ്ധര്‍ അനുമാനിക്കുന്നു.
സിഗ്‌ബീ: ബ്ലൂടുത്തിനോട്‌ ഏറെ സമാനത പുലര്‍ത്തുന്ന ഒരു ചെറുദൂര വയര്‍ലെസ്‌ സാങ്കേതികവിദ്യയാണ്‌ പുതുതായി വികസിപ്പിക്കപ്പെട്ട സിഗ്‌ബീ(Zigbee). 10 മുതല്‍ 15 മീറ്റര്‍ വരെയാണ്‌ സിഗ്‌ബീയുടെ പരിധി. 128 Kbps ആണ്‌ ഡാറ്റാ ട്രാന്‍സ്‌ഫര്‍ സ്‌പീഡ്‌. യൂറോപ്പില്‍ 808 MHz, അമേരിക്കയില്‍ 915MHz, മറ്റിടങ്ങളില്‍ 2.4GHz ബാന്‍ഡുകളിലാണ്‌ സിഗ്‌ബീ പ്രവര്‍ത്തിക്കുന്നത്‌.
ഒരു സിഗ്‌ബീ ഉപകരണത്തിന്‌ `നോഡ്‌’ ആയോ കോ-ഓര്‍ഡിേനറ്റര്‍ ആയോ പ്രവര്‍ത്തിക്കാം. നോഡിനെ ഒരു കമ്പ്യൂട്ടര്‍ ശൃംഖലയിലെ ക്ലൈന്റിനോഡും കോ-ഓര്‍ഡിനേറ്ററിനെ സെര്‍വറിനോടും താരതമ്യം ചെയ്യാം. ഒരു കോ-ഓര്‍ഡിനേറ്ററിന്‌ ഒരേസമയം 255 നോഡുകളെ വരെ നിയന്ത്രിക്കാന്‍ കഴിയും. ഉപകണങ്ങള്‍ക്ക്‌ പരസ്‌പരം ബന്ധം സ്ഥാപിക്കാന്‍ ബ്ലൂടൂത്തില്‍ 30 സെക്കന്റ്‌ ആവശ്യമായിരിക്കെ സിഗ്‌ബീയില്‍ ഇതിന്‌ 30 മില്ലീസെക്കന്റേ ആവശ്യമുള്ളൂ. വിശ്രമവേളകളില്‍ സ്ലീപ്‌മോഡില്‍ പ്രവര്‍ത്തിച്ച്‌ ഊര്‍ജ്ജലാഭമുണ്ടാക്കാനും ഇതിലൂടെ കഴിയും. ബ്ലൂടുത്തില്‍ ആശയവിനിമയത്തിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കുമ്പോള്‍ സിഗ്‌ബീയില്‍ റിമോട്‌കണ്‍ട്രോള്‍ അഥവാ വിദൂരനിയ്രന്തണത്തിനാണ്‌ പ്രാധാന്യം. ഇത്തരത്തില്‍ ഈ സാങ്കേതികവിദ്യ ഇപ്പോള്‍ വയര്‍ലെസ്‌ മൗസ്‌, വയര്‍ലെസ്‌ കീബോര്‍ഡ്‌,ആരോഗ്യപരിപാലന രംഗത്തെ ഉപകരണങ്ങള്‍ എന്നിവയില്‍ സ്ഥാനം നേടിക്കഴിഞ്ഞു.
ഇന്‍ഫ്രാറെഡ്‌: 850 നാനോമീറ്ററിനും 900നാനോമീറ്ററിനും ഇടയില്‍ തരംഗദൈര്‍ഘ്യമുള്ള ഇന്‍ഫ്രാറെഡ്‌ രശ്‌മികളാണ്‌ IrDA സാങ്കേതികവിദ്യയില്‍ വയര്‍ലെസ്‌ കമ്മ്യൂണിക്കേഷനുവേണ്ടി പ്രയോജനപ്പെടുത്തുന്നത്‌. ഇന്‍ഫ്രാറെഡ്‌ ഡാറ്റാ അസോസിയേഷന്‍ എന്നാണ്‌ IrDA യുടെ പൂര്‍ണരൂപം. ടിവിയുടെ റിമോടട്‌ണ്‍ട്രോളിലും മറ്റും ഉപയോഗിക്കുന്ന സാങ്കേതികവിദ്യയല്ല ഇത്‌. അതിനെ അപേക്ഷിച്ച്‌ കൂടുതല്‍ ഡാറ്റാട്രാന്‍സ്‌ഫര്‍സ്‌പീഡും പ്രവത്തനമികവും IrDA യ്‌ക്കുണ്ട്‌.
IrDA സ്റ്റാന്റേര്‍ഡിനെ രണ്ടായി തിരിക്കാം. IrDA Data, IrDA Control എന്നിവയാണവ. ഇതില്‍ ആദ്യത്തേത്‌ ഉപകരണങ്ങളുമായി സംവദിക്കാനും വിവരവിനിമയം നടത്തുന്നതിനുമായി പ്രയോജനപ്പെടുത്തുന്നതാണ്‌. IrDA Control സ്റ്റാന്‍ഡേര്‍ഡകള്‍ പ്രധാനമായും കീബോര്‍ഡ്‌, മൗസ്‌ തുടങ്ങിയ കണ്‍ട്രോള്‍ ഡിവൈസുകളില്‍ ഉപയോഗിക്കുന്നതാണ്‌. IrDA Control ന്റെ പരമാവധി സ്‌പീഡ്‌ 75Kbps മാത്രമാണ്‌. IrDA Data യുടെ ഉപവിഭാഗങ്ങളാണ്‌ IrDA 1.0 യും. ഇവ യഥാക്രമം IR(SIR) ഫാസ്റ്റ്‌ IR(FIR) എന്നും അറിയപ്പെടുന്നു. SIR ന്‌ 9600 ബൈറ്റ്‌/സെക്കന്റ്‌ മുതല്‍ 115200 Kbps വരെ സ്‌പീഡ്‌ നല്‍കാനാകും. 4Mbps വരെയാണ്‌ ഫാസ്റ്റ്‌ IRന്റെ സ്‌പീഡ്‌. വെരിഫാസ്റ്റ്‌ IR എന്നപേരില്‍ 16Mbps സ്‌പീഡ്‌ നല്‍കാന്‍ ശേഷിയുള്ള ഒരു ഇന്‍ഫ്രാറെഡ്‌ സ്റ്റാന്റേര്‍ഡും നിലവിലുണ്ട്‌. മൊബൈല്‍ ഫോണുകളും പി.സി.എ.കളും ഈ സാങ്കേതികവിദ്യ കാര്യമായി ഉപയോഗിക്കുന്നുണ്ട്‌. വയര്‍ലെസ്‌ കീബോര്‍ഡുകളിലും മറ്റും നേര്‍രേഖയില്‍ മാത്രമുള്ളമികച്ച പ്രവര്‍ത്തനവും ഇവയുടെ പ്രധാനകുറവുകളാണ്‌.
വിവരവിനിമയത്തിന്‌ വയറുകളുടെ ആവശ്യമില്ലാത്തലോകത്തിലേക്കാണ്‌ നാം പ്രവേശിച്ചുകൊണ്ടിരിക്കുന്നത്‌. അതിന്റെ തുടക്കമായി ഇത്തരം വയര്‍ലെസ്‌ സാങ്കേതികവിദ്യയുടെ വ്യാപനത്തെ കാണാം. സാങ്കേതികരംഗത്തെ ഈ മുന്നേറ്റം എല്ലാമേഖലകള്‍ക്കും ഒരു മുതല്‍ക്കൂട്ടായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍