എന്റെ ഗുരുദേവന്‍

March 11, 2013 സ്വാമിജിയെ അറിയുക

രാജന്‍ നായര്‍ അണ്ടൂര്‍ക്കോണം
സ്വാമിജി രാസാവെന്നു വിളിക്കുന്ന രാജന്‍ നായരാണ് ഈയുള്ളവന്‍. കഠിനംകുളം ശിവക്ഷേത്രത്തില്‍ ഈ ഭക്തന്‍ എല്ലാ മാസവും അവസാനം പോയി തൊഴാറുണ്ടായിരുന്നു. അന്നു ഞാന്‍ ശ്രീരമാദാസമിഷന്റെ സെക്രട്ടറിയായിരുന്നു. 1977 ആഗസ്റ്റുമാസം അവസാനം ഞാന്‍ കഠിനംകുളം ശിവക്ഷേത്രത്തില്‍ പോകാന്‍ ഇറങ്ങി. സമയത്തുപോകാന്‍ പറ്റിയില്ല. ആശ്രമത്തില്‍ കുറേ ജോലികള്‍ ഉണ്ടായിരുന്നു. ജോലിയെല്ലാം തീര്‍ന്നപ്പോള്‍ രാത്രി എട്ടുമണിയായി. സൈക്കിളെടുത്ത് അതില്‍ കയറി. സൈക്കിള്‍ നീങ്ങുന്നില്ല. രണ്ടു ടയറിലും കാറ്റില്ല. പഞ്ചറായിരുന്നു. എന്നാല്‍ 13 കി.മീ. നടക്കുക തന്നെ . നടന്നു കായല്‍ക്കരയിലെത്തി. കടത്തുകാരന്‍ പോയ്ക്കഴിഞ്ഞിരുന്നു. ഞാന്‍ പിന്‍വാങ്ങിയില്ല. രാത്രി കായല്‍ നീന്തിക്കടന്ന് അക്കരെ കടന്നു. നടന്നു വരവേ ഒരാള്‍ എതിരേ വരുന്നു. എന്നെ കടന്നു പോകവേ ആ ആള്‍ ചോദിച്ചു.

SS-നീ ഈ രാത്രി എവിടെപ്പോകുന്നു? ശിവന്‍ കോവിലില്‍ എന്നു പറഞ്ഞ് ഞാന്‍ നടന്നു. അഞ്ചാറു ചുവടുവച്ചു കഴിഞ്ഞപ്പോള്‍ ചോദിച്ച ആളിനെ ഞാന്‍ തിരിച്ചറിഞ്ഞു. സമാധിയായ ഗുരുപാദര്‍. ഞാന്‍ തിരിഞ്ഞുനോക്കി. ആളെക്കാണാനില്ല. എന്റെ മനസ്സ് മന്ത്രിച്ചു. പേടിക്കേണ്ട ഗുരുപാദരല്ലേ. ക്ഷേത്ര സമീപമെത്തിയപ്പോള്‍ രാത്രി പന്ത്രണ്ടു മണി. ക്ഷേത്രം സ്ഥിതിചെയ്യുന്ന മതില്‍ക്കെട്ടിനുള്ളില്‍ ഞാന്‍ മതില്‍ ചാടി. ഒരു തോര്‍ത്ത് വിരിച്ച് അവിടെ കിടന്നു. ഉറക്കത്തില്‍ ആരോ എന്നെ കമ്പ് കൊണ്ട് ഒന്നുകുത്തി. ഞാന്‍ കണ്ണു തുറന്നു. ഗുരുപാദര്‍ നില്‍ക്കുന്നു. അദ്ദേഹം പറഞ്ഞു. എഴുന്നേറ്റ് പുറത്ത് പോടാ. ഞാന്‍ ചാടി എഴുന്നേറ്റു. ആരെയും കാണാനില്ല. എനിക്കു തോന്നിയതാകും. ഞാന്‍ കരുതി. എന്നാല്‍ കുത്തുകൊണ്ടത് വേദനിക്കുന്നല്ലോ. ഏതായാലും കാര്യം പന്തിയല്ലെന്ന് എനിക്ക് ബോധ്യമായി. ഞാന്‍ ചാടിക്കടന്നതുപോലെ പുറത്തുചാടി. പുറം മതിലില്‍ ചാരിയിരുന്നു. രാവിലെ നട തുറന്നു. തൊഴുതു തിരിച്ചുപോന്നു. അടുത്ത ദിവസം സ്വാമിജിയോട് സംഭവിച്ച കാര്യം പറഞ്ഞു. സ്വാമിജി പറഞ്ഞു. ഗുരുപാദര്‍ നിന്നെ രക്ഷിച്ചതാണ്. അകത്തു കയറി കിടക്കാന്‍ പാടില്ല. കിടന്നിരുന്നെങ്കില്‍ രാത്രി നന്ദി കുത്തികൊല്ലുമായിരുന്നു.

സ്വാമിജി എന്റെ വയലില്‍ വെള്ളം നിറച്ചു

അണ്ടൂര്‍ക്കോണത്ത് ഈ രാസാവിന് വയലുണ്ട്. മകരം-കുംഭമാസത്തെ ചൂട്. ആശ്രമജോലി എല്ലാം കഴിഞ്ഞപ്പോള്‍ രാത്രി കുംഭമാസത്തെ ചൂട്. ആശ്രമജോലി എല്ലാം കഴിഞ്ഞപ്പോള്‍ രാത്രിയായി. ഇന്നും കൂടി ശകലം വെള്ളം വയലില്‍ തുറന്നു വിട്ടില്ലെങ്കില്‍ കൃഷി നശിച്ചതുതന്നെ. രണ്ടുമൂന്ന് മണിക്കൂര്‍ നിന്ന് തോട്ടിലെ വെള്ളം ചവിട്ടി വിടണം. അതിനുള്ള സംവിധാനം തരപ്പെടുത്തിയിട്ടുണ്ട്. പോകാന്‍ തുടങ്ങവേ സ്വാമിജി ചോദിച്ചു. എങ്ങോട്ട്. ഞാന്‍ പറഞ്ഞു. എനിക്ക് അണ്ടൂര്‍ക്കോണത്ത് പോകണം. വയലില്‍ വെള്ളം തുറന്ന് വിടാനുണ്ട്. നീ ഇപ്പോള്‍ പോയി വെള്ളമൊന്നും ഒഴിയ്ക്കണ്ട വേറെ ആവശ്യമുണ്ടെങ്കില്‍ പോയ്‌ക്കോ. ങ്‌ഹേ. വെള്ളം ഒഴിക്കണ്ടേ. സ്വാമിജി എന്തു പറയുന്നു. ഞാന്‍ മനസ്സാവിചാരിച്ചു സൈക്കിളില്‍ അണ്ടൂര്‍ക്കോണത്തെത്തി. രാത്രിയായി. വയലിലെ ഈര്‍പ്പസ്ഥിതി ഒന്നു മനസ്സിലാക്കാന്‍ ഞാന്‍ വയലിന്റെ അരികില്‍ ഒന്നിറങ്ങി. വയലില്‍ മുട്ടളവു വെള്ളം. എന്റെ വയലില്‍ മാത്രം വെള്ളം. എവിടെനിന്നാണ് ഈ വെള്ളം. പിറ്റേ ദിവസം ഞാന്‍ സ്വാമിജിയോട് കാര്യം പറഞ്ഞു. സ്വാമിജി ഒന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞു. ഞാന്‍ നിന്നോട് ഇന്നലെത്തന്നെ പറഞ്ഞല്ലോ. നീ വെള്ളം ഒഴിക്കേണ്ടായെന്ന്.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെക്കുറിച്ച് ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരിച്ച ശ്രീസത്യാനന്ദവിഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്ന്.

കൂടുതല്‍ വാര്‍ത്തകള്‍ - സ്വാമിജിയെ അറിയുക