ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം നടത്തിയത് ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍

March 11, 2013 കേരളം

ആലുവ: പഞ്ചാക്ഷരീ മന്ത്രമുഖരിതമായ അന്തരീക്ഷത്തില് ബലിയര്‍പ്പിക്കാനെത്തിയത് ലക്ഷക്കണക്കിന് ഭക്തജനങ്ങളായിരുന്നു. ശിവക്ഷേത്രത്തില്‍ രാത്രി പന്ത്രണ്ടുമണിയോടെ നടന്ന ശിവരാത്രി വിളക്കോടെയാണ് പിതൃക്കള്‍ക്ക് മോക്ഷമേകുന്ന ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് തുടക്കമായത്. അവധി ദിവസത്തില്‍ ശിവരാത്രി ദിനത്തില്‍ അഭൂതപൂര്‍വമായ തിരക്കാണ് മണപ്പുറത്ത് അനുഭവപ്പെട്ടത്.

ആലുവ മണപ്പുറത്ത് പിതൃതര്‍പ്പണം നടത്തുന്ന ഭക്തജനങ്ങള്‍.

ആലുവ മണപ്പുറത്ത് പിതൃതര്‍പ്പണം നടത്തുന്ന ഭക്തജനങ്ങള്‍.

ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി മുല്ലപ്പിള്ളി സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്ഷേത്രത്തിലെ ചടങ്ങുകള്‍ നടന്നത്. തിങ്കളാഴ്ച കറുത്തവാവ് ദിവസമായതിനാല്‍ അന്നും ബലിയിടാനായി ധാരാളം തീര്‍ത്ഥാടകരെത്തും. 250-ഓളം ബലിത്തറകളിലായി അഞ്ഞൂറോളം പുരോഹിതരാണ് കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

മണപ്പുറത്തും ആലുവയിലെ വിവിധ ഇടങ്ങളിലും കനത്ത സുരക്ഷാ സംവിധാനമാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. 15 ഡിവൈ.എസ്.പി.മാര്‍, 45 സി.ഐ. മാര്‍ എന്നിവരുള്‍പ്പെട്ട രണ്ടായിരത്തി അറുന്നൂറ് പോലീസുകാരാണ് ഇവിടെ ഡ്യൂട്ടിക്കായി എത്തിയത്. 250 വനിതാ പോലീസും രംഗത്തുണ്ടായിരുന്നു. രാവിലെ പത്തിന് മണപ്പുറത്തെ താത്കാലിക കണ്‍ട്രോള്‍ റൂം റൂറല്‍ എസ്.പി. എസ്. സതീഷ് ബിനോ ഉദ്ഘാടനം ചെയ്തു. മണപ്പുറത്തിന്റെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള 33 സി.സി. ടി.വി. ക്യാമറകളില്‍ പതിയുന്ന ദ്യശ്യങ്ങള്‍, അപ്പപ്പോള്‍ തന്നെ കണ്‍ട്രോള്‍ റൂമിലിരുന്ന് പോലീസുകാര്‍ നിരീക്ഷിച്ചു. പോക്കറ്റടിക്കാരേയും പിടിച്ചുപറിക്കാരേയും മറ്റും നിരീക്ഷിക്കാന്‍ മഫ്തി പോലീസിന്റെ പ്രത്യേക സ്‌ക്വാഡും രൂപവത്കരിച്ചിരുന്നു. എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ്, ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് എന്നിവരുടെ പ്രത്യേക സംഘവും മണപ്പുറത്ത് പരിശോധന നടത്തി. ഫയര്‍ ഫോഴ്‌സിന്റെ മുങ്ങല്‍ വിദഗ്ദ്ധരും ബോട്ടില്‍ പെരിയാറിന്റെ തീരങ്ങളില്‍ ക്യാമ്പ് ചെയ്തു. സേവാഭാരതിയുടെ അഞ്ഞൂറ് വളന്റിയര്‍മാരും മണപ്പുറത്ത് സേവനത്തിനുണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം