പാദപൂജ – ഭാരതത്തിലെ ഗുരു സങ്കല്‌പം

November 14, 2010 സനാതനം

ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതി
അധ്യായം – 1
ഗുരു പ്രണാമം
കാമക്രുധാദ്യഖിലദോഷമപാസ്യ രാമ-
നാമാക്ഷരാമൃതകണൈര്‍ഹൃദയം നിഷിഞ്ചന്‍
യഃ സാധ്വനുഗ്രഹപഥേന ദിവം വിവേശ
തം നീലകണ്‌ഠഗുരുപാദമനുസ്‌മരാമി.
കാമം, ക്രോധം, ലോഭം, മോഹം, മദം, മത്സരം തുടങ്ങിയ ഷഡ്‌വികാരങ്ങളെയും ഡംഭ്‌, അസൂയ തുടങ്ങിയ അവയുടെ ദോഷഫലങ്ങളെയും ദൂരീകരിച്ച്‌ രാമനാമാക്ഷരമാകുന്ന അമൃതബിന്ദുക്കളാല്‍ ഹൃദയം നിറച്ച്‌ യാതൊരാളാണോ (യോഗിക്ക്‌) യുക്തമായ സാധനാപഥത്തിലൂടെ ദൈവീകതലത്തെ പ്രാപിച്ചത്‌, ആ നീലകണ്‌ഠഗുരുപാദരെ ഞാന്‍ അനുസ്‌മരിക്കുന്നു.
“സദാശിവ സമാരംഭാം
ശങ്കരാചാര്യ മധ്യമാം
അസ്‌മദാചാര്യപര്യന്താം
വന്ദേ ഗുരുപരമ്പരാം”
സാക്ഷാല്‍ സദാശിവനില്‍ നിന്നാരംഭിച്ചതും ശങ്കരാചാര്യാദി മഹാ ഗുരുക്കന്മാരിലൂടെ തുടര്‍ന്നതും ഞങ്ങളുടെ ആചാര്യനോളം എത്തിനില്‍ക്കുന്നതുമായ ഗുരുപരമ്പരയെ ഞാന്‍ വന്ദിക്കുന്നു.
ഗുരുരേവ പരംബ്രഹ്മഃ ഗുരുരേവ പരാഗതിഃ
ഗുരുരേവ പരാവിദ്യാ ഗുരുരേവ പരായണം.
ഗുരുരേവ പരാകാഷ്‌ഠാ ഗുരുരേവ പരാധനം
യസ്‌മാത്തദുപദേഷ്‌ടാസൗ തസ്‌മാത്‌ ഗുരുതരോ ഗുരു.

ഗുരുതന്നെയാണ്‌ പരബ്രഹ്മം. ഗുരു തന്നെയാണ്‌ മോക്ഷസ്ഥാനം. ഗുരു തന്നെയാണ്‌ ബ്രഹ്മവിദ്യ. ഗുരു തന്നെയാണ്‌ ആശ്രയസ്ഥാനം. ഗുരു തന്നെയാണ്‌ പരമമായ കാന്തിധാമം. ഗുരു തന്നെയാണ്‌ പരമമായ ധനം (അധ്യാത്മസമ്പത്ത്‌). അതുകൊണ്ട്‌ ആ ഗുരു ഉപദേഷ്‌ടാവും ശ്രേഷ്‌ഠരില്‍ ശ്രേഷ്‌ഠനുമാണ്‌.
ഭാരതത്തിലെ ഗുരു സങ്കല്‌പം
വ്യക്തികള്‍, കുടുംബങ്ങള്‍, സ്ഥാപനങ്ങള്‍, വിദ്യാകേന്ദ്രങ്ങള്‍ (കലാശാലകള്‍), തൊഴില്‍മേഖലകള്‍ തുടങ്ങി ഭാരതത്തിലെ സാമൂഹ്യജീവിതത്തിലാകമാനം സ്വാധീനം ചെലുത്തി അത്യുല്‍കൃഷ്‌ടപദവിയില്‍ പ്രതിഷ്‌ഠിതമായിരിക്കുന്ന പൂജനീയസങ്കല്‌പമാണ്‌ ഗുരുവിനുള്ളത്‌. സമൂഹത്തിലെ വിവിധഘടകങ്ങളെ കോര്‍ത്തിണക്കുവാനും കര്‍മോജ്ജ്വലമാക്കുവാനും തുടക്കംകുറിക്കുന്നത്‌ ഗുരുസങ്കല്‌പത്തോടെയാണ്‌. പ്രപഞ്ചത്തിന്റെ മുഴുവന്‍ നിലനില്‍പും ഗുരുത്വത്തിനവകാശപ്പെടാവുന്ന ശാസ്‌ത്രസിദ്ധാന്തത്തെ ആസ്‌പദിച്ചാകുന്നു. വ്യക്തിയുടെ നശ്വരമായ വികാരചേഷ്‌ടകളില്‍ നിന്നും അനശ്വരമായ അമൃതത്വത്തിലേക്ക്‌ വളരുന്നതിനുള്ള ശക്തിയും വിരക്തിയും ഗുരുവിനെ ആശ്രയിച്ചാണ്‌ നിലകൊള്ളുന്നത്‌. ശരീരവും ജീവനും തമ്മിലുള്ള ബന്ധത്തില്‍ കര്‍മങ്ങളെ ത്വരിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും ഗുരുത്വമാകുന്നു. പഞ്ചഭൂതങ്ങളെ സൃഷ്‌ടിക്കുപയുക്തമാക്കത്തക്കവണ്ണം, അനുപാതികമായി കോര്‍ത്തിണക്കുന്നതും ഗുരുത്വത്തിന്റെ സര്‍ഗശേഷിയാണ്‌. തേജോഗോളങ്ങളും ഭൂമിയും ഇതരഗ്രഹങ്ങളും തമ്മിലുള്ള ബന്ധത്തെ നിജപ്പെടുത്തുന്നതും ഗുരുത്വമെന്ന മഹാസങ്കല്‌പമാണ്‌. ഉള്‍ക്കൊള്ളാനും ഉത്തേജിപ്പിക്കാനുമുള്ള ഉള്‍ക്കരുത്തും ഉഷ്‌മളഭാവവും ഗുരു കല്‌പിതങ്ങളാണ്‌. സമൂഹത്തില്‍ ഗുരുവും, പ്രപഞ്ചത്തിലാകെ ഗുരുത്വവും ഒരേ സത്യത്തിന്റെ ധര്‍മകേന്ദ്രങ്ങളാണ്‌. സൃഷ്‌ടിസ്ഥിതിലയഭാവങ്ങളെ നിയന്ത്രിച്ചും നിഷ്‌കര്‍ഷിച്ചും നിയമവിധേയമാക്കിയും നിലനിര്‍ത്തുന്നത്‌ ഗുരുത്വമാണെന്നുള്ളതിന്‌ സംശയമില്ല. കര്‍മവൈവിധ്യങ്ങളെ സൃഷ്‌ടിച്ചും കൂട്ടിയിണക്കിയും കാലനിര്‍ണയം ചെയ്യുന്നതും ഗുരുത്വസങ്കല്‌പംതന്നെയാണ്‌.
“അണോരണീയാന്‍ മഹതോ മഹീയാന്‍
ആത്മസ്യ ജന്തോര്‍നിഹിതോ ഗുഹായാം”
ഈ ആത്മാവ്‌ ചെറുതിലും ചെറുതും വലുതിലും വലുതുമാകുന്നു. അത്‌ സര്‍വപ്രാണികളുടെയും അന്തര്‍ഭാഗത്ത്‌ ഹൃദയമാകുന്ന ഗുഹയില്‍ നിവസിക്കുന്ന – എന്ന ഉപനിഷദ്‌വാക്യം വിശകലനം ചെയ്‌താല്‍ കണ്ടെത്താന്‍ കഴിയുന്ന കര്‍മചലനങ്ങളുടെ അധിഷ്‌ഠാനം ഗുരുസങ്കല്‌പമാണെന്ന്‌ മനസ്സിലാക്കാം.
“അണുവിലും ആരിലും ആദിമൂലപ്രകൃതി-
യിലും പൊരുളാര്‍ന്നൊരാത്മതത്ത്വം” – എന്ന്‌ ആത്മ ഗുരുവിനെ – ബ്രഹ്മശ്രീ നീലകണ്‌ഠഗുരുപാദരെ-സ്‌തുതിക്കാന്‍ തോന്നിയത്‌ ഈ മഹാസത്യത്തിന്റെ പ്രേരണമൂലമാകുന്നു. അവതാരവരിഷ്‌ടനായ ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ ശിഷ്യസ്ഥാനീയനായ ആഞ്‌ജനേയന്‌ നൂറ്റിയെട്ട്‌ ഉപനിഷത്തുകള്‍ ഉപദേശിച്ചശേഷം അരുളിച്ചെയ്യുന്ന സാരഗര്‍ഭങ്ങളായ വാക്കുകള്‍ ഗുരുവിന്റേയും അവതാരസങ്കല്‌പത്തിന്റേയും അദൃശ്യപദവിയിലെ ഏകത്വം വിളിച്ചോതുന്നു. “അഹം ബ്രഹ്മാസ്‌മി” എന്ന ആത്മസങ്കല്‌പം അവതാരപുരുഷനായ രാമന്‍ ഗുരുസ്ഥാനീയനായി വിളംബരം ചെയ്യുകയാണ്‌. ഗുരുശിഷ്യബന്ധത്തിലെ അതിമഹത്തും അനുകരണീയവുമായ ഉപദേശങ്ങളുടെ അര്‍ഹത ഇവിടെ രാമന്റെ വാക്കുകളില്‍ പ്രകടമായി കാണാം.
“ഗുരൂപദിഷ്‌ടമാര്‍ഗേണ ധ്യായന്‍ മദ്രുപമവ്യയം
മത്സായൂജ്യം ദ്വിജഃ സമ്യഗ്‌ഭജേത്‌ ഭ്രമരകീടവത്‌”.
ജ്ഞാനസമ്പന്നനായ അധ്യാത്മഗുരുവിന്റെ ഉപദേശം മാര്‍ഗമായി സ്വീകരിച്ച്‌ അവ്യയമായ എന്റെ രൂപത്തെ (ഗുരുസ്വരൂപത്തെ അഥവാ ആത്മ സ്വരൂപത്തെ – ഇവിടെ അമനെന്ന ആത്മസ്വരൂപത്തെ) ദൃ ധ്യാനിച്ചുകൊണ്ട്‌ ബ്രാഹ്മണന്‍, ഭ്രമരകീടന്യായേന സായൂജ്യത്തെ പ്രാപിക്കുന്നു. ഇവിടെ ഭ്രമരകീടം വേട്ടാളന്‍ കൂട്ടിനുള്ളില്‍ സൂക്ഷിക്കുന്ന കീടമാണ്‌. വേട്ടാളന്റെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കീടത്തെ ശബ്‌ദപ്രയോഗംകൊണ്ടും സമാധ്യവസ്ഥകൊണ്ടും തന്റെ സ്വരൂപമാക്കി മാറ്റുകയാണ്‌ വേട്ടാളന്‍ ചെയ്യുന്നത്‌. ഇതുപോലെ ഭഗവദ്‌സ്വരൂപത്തെ മാത്രം ധ്യാനിക്കുന്നതുകൊണ്ടുള്ള മാറ്റവും കാട്ടാളനെ മഹാമനീഷിയാക്കാനും മാനവനെ ദാനവനാക്കാനും, ദാനവനെ വാനവനാക്കാനും, വാനവനെ ബ്രഹ്മര്‍ഷിപദത്തിലേക്കുയര്‍ത്താനും തിര്യക്കുകള്‍ക്ക്‌ സായൂജ്യം നല്‍കാനും പ്രയോജകമായിട്ടുണ്ട്‌. രാമന്റെ അനുഗ്രഹം നേടിയവരും രാമന്‌ ശരവ്യരായവരുമെല്ലാം രാക്ഷസവൃത്തിയില്‍നിന്ന്‌ ദേവസങ്കല്‌പത്തിലേക്ക്‌ ഉയര്‍ത്തപ്പെട്ടവരും സായൂജ്യപദവി ലഭ്യമായി അനുഗ്രഹിക്കപ്പെട്ടവരുമാണ്‌. ഈ മാറ്റം ഗുരൂപദേശത്തിന്റെ മഹിമ എടുത്തുകാട്ടുന്നു. അവതാരസങ്കല്‌പംകൊണ്ട്‌ ഉദ്ദേശിക്കപ്പെട്ട ദുഷ്‌ടനിഗ്രഹം, കേവലം കൊലപാതകമല്ലെന്നും അധര്‍മിയെ ധര്‍മമാര്‍ഗത്തിലേക്ക്‌ തിരിച്ചുവിട്ട്‌ പുനഃസംസ്‌കരണത്തിലൂടെ അധ്യാത്മപദവിയിലേക്കുയുര്‍ത്തുന്ന പ്രക്രിയയാണെന്നും അറിയേണ്ടതാണ്‌. അവതാരസങ്കല്‌പത്തിലും ഗുരുസങ്കല്‌പത്തിലും അനന്യഭാവേന പ്രസന്നമായി കാണുന്ന ആത്മതത്വം സായൂജ്യപദവിക്ക്‌ ഒരേപോലെ പ്രയോജനപ്പെടുന്നതായി കാണാം. “മത്‌സായൂജ്യം” എന്ന പ്രയോഗത്തിലെ ആത്മദര്‍ശനം ഗുരുവിനുമാത്രം അവകാശപ്പെടാന്‍ കഴിയുന്നതാണ്‌. ബ്രാഹ്മണന്‍ സായൂജ്യത്തെ പ്രാപിക്കുന്നു എന്ന പ്രയോഗത്തില്‍ “ബ്രഹ്മജ്ഞാനീതി ബ്രാഹ്മണഃ” എന്ന സങ്കല്‌പത്തിലെ ബ്രഹ്മത്വമാണ്‌ അര്‍ഹതയായി നിലകൊള്ളുന്നത്‌.
ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ വായുപുത്രനും ശിഷ്യനുമായ ആഞ്‌ജനേയന്‌ ഉപദേശിച്ച ഉപനിഷത്തും ഉപനിഷത്‌രഹസ്യങ്ങളും അറിഞ്ഞും അറിയാതെയും പഠിക്കുന്നവര്‍ക്ക്‌ ജന്മജരാമരണാദികളില്‍ നിന്നുള്ള മോചനം ലഭിക്കുമെന്ന്‌ ഉപനിഷത്‌വാക്യം തന്നെയുണ്ട്‌. എന്നാല്‍ അഭിലാഷപൂര്‍ത്തിക്ക്‌ ധനമോ രാജ്യമോ ദാനം ചെയ്‌താലും അനര്‍ഹനും അനധികാരിക്കും (നാസ്‌തികനും കൃതഘ്‌നനും ദുരാചാരതല്‌പരനും ഭക്തിവിഹീനനും ശാസ്‌ത്രഗര്‍വിതനും ഗുരുഭക്തിയില്ലാത്തവനും) ഒരിക്കലും ആത്മവിദ്യ ഉപദേശിക്കരുതെന്നാണ്‌ അഭിജ്ഞമതം.
“ഇദം തേ നാതപസ്‌കായ നാഭക്തായ കദാചന
ന ചാശുശ്രൂഷവേ വാച്യം ന ച മാം യോളഭ്യസൂയതി”
സംസാരമോചനത്തിനായി ഞാനുപദേശിച്ച ഈ ഗീതാതത്ത്വം തപോരഹിതനും സ്വധര്‍മാനുഷ്‌ഠാനവിഹീനനും ഒരിക്കലും നീ ഉപദേശിക്കരുത്‌. തപസ്വിയായാല്‍കൂടി ഗുരുഭക്തിയില്ലാത്തവന്‌ ഒരവസ്ഥയിലും ഈ മഹദ്‌തത്ത്വം ഉപദേശിക്കപ്പെടരുത്‌. പ്രാകൃതമായ മനുഷ്യത്വമാരോപിച്ചും ആത്മപ്രശംസാദോഷത്തെ കണ്ടെത്തിയും നിന്ദിക്കുന്നവനും എന്റെ ഈശ്വരത്വത്തില്‍ അവിശ്വാസമുള്ളവനും ഗീതാതത്ത്വോപദേശത്തിന്‌ അയോഗ്യനാകുന്നു. സകലഗുണസമ്പന്നനായാലും അസൂയാലുവിന്‌ ഈ തത്ത്വം ശ്രോതവ്യമല്ല. “….. മത്ഭക്തിഹീനന്മാരായ്‌ മേവീടും
നരന്മാരോടു പറഞ്ഞറിയിക്കരുതെടോ”.
എന്ന്‌ അധ്യാത്മരാമായണം തന്നെ ഉപദേശിക്കുന്നുണ്ട്‌.
വിദേഹമുക്തി അഥവാ കൈവല്യമുക്തി എന്ന്‌ പ്രസിദ്ധമായ നിര്‍വൃതി, ഗുരുവിനെ ഉപഹാരാദികളോടുകൂടി സ്വീകരിച്ച്‌ യഥാവിധി ബഹുമാനിച്ച്‌ ഉപനിഷദ്‌പാഠങ്ങള്‍ അഭ്യസിക്കുന്നതില്‍നിന്ന്‌ ലഭിക്കുമെന്നാണ്‌ ഉപനിഷദ്‌വചനത്തില്‍ കാണുന്നത്‌. സാധനാചതുഷ്‌ടയസമ്പന്നരായ ജിജ്ഞാസുക്കള്‍ സമീപിക്കുന്ന ഗുരു, ശ്രദ്ധാലുവും കുലീനനും ശ്രോത്രിയനും ശാസ്‌ത്രപാരംഗതനും സദ്‌ഗുണവാനും ഋജുബുദ്ധിയും സര്‍വഭൂതഹിതതല്‌പരനും ദയാവാരിധിയും ആയിരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.
“മുമുക്ഷവ: പുരുഷാ: സാധനാചതുഷ്‌ടയസമ്പന്നാ: ശ്രദ്ധാവന്ത: സദ്‌കുലഭവം ശ്രോത്രിയം ശാസ്‌ത്രവാത്സല്യഗുണവന്തം അകുടിലം സര്‍വഭൂതഹിതേരതം ദയാസമുദ്രം സദ്‌ഗുരും” എന്നാണ്‌ ഉപനിഷദ്വാക്യത്തില്‍ സദ്‌ഗുരുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്‌.
ആചാര്യവര്യനായ യോഗി അഥവാ സന്യാസിയെപ്പറ്റി നിരാലംബോപനിഷത്ത്‌ പ്രകീര്‍ത്തിക്കുന്നതും അതീവശ്രദ്ധേയമാണ്‌.
“സര്‍വ്വധര്‍മാന്‍ പരിത്യജ്യ നിര്‍മമോ നിരഹംകാരോ ഭൂത്വാ
ബ്രഹ്മേഷ്‌ടം ശരണമുപഗമ്യ `തത്ത്വമസി’ `അഹം ബ്രഹ്മാസ്‌മി’ `സര്‍വം ഖല്വിദം ബ്രഹ്മ’ `നേഹ നാനാസ്‌തി കിഞ്ച’ നേത്യാദിമഹാവാക്യാര്‍ത്ഥാനു ഭവജ്ഞാനാദ്‌ `ബ്രഹ്മൈവാഹമ’ സ്‌മീതി നിശ്ചിത്യ നിര്‍വികല്‌പസമാധിനാ സ്വതന്ത്രോ യതിശ്ചരതി സ സന്യാസീസോ വധൂത: സ ബ്രാഹ്മണ:”.
സര്‍വ്വധര്‍മനിവൃത്തിയിലും കര്‍മങ്ങളെ പരിത്യജിച്ചവനും അഹന്ത, മമത എന്നിവ നശിച്ചവനും മഹാവാക്യാര്‍ത്ഥങ്ങളുടെ അനുഭവജ്ഞാനംമൂലം (തത്ത്വമസി, പ്രജ്ഞാനം ബ്രഹ്മ, അയമാത്മ ബ്രഹ്മ, അഹം ബ്രഹ്മാസ്‌മി) നിര്‍വികല്‌പസമാധിയെ പ്രാപിച്ചവനും സര്‍വമുക്തനും സര്‍വതന്ത്രസ്വതന്ത്രനും സംപൂജ്യനും ആയ യോഗി പരമഹംസനാണ്‌. അവധൂതനാണ്‌. ആ മഹാത്മാവ്‌ തന്നെയാണ്‌ ബ്രാഹ്മണനും. ശിഷ്യന്‍ ശ്രവണമനനനിദിധ്യാസനങ്ങളിലൂടെ പ്രാരബ്‌ധക്ഷയം വന്നവനായിരിക്കണമെന്നും വ്യവസ്ഥ ചെയ്‌തിരിക്കുന്നു. ഗുരുശിഷ്യബന്ധത്തിന്റെ മഹിമ കര്‍ത്തവ്യാനുഷ്‌ഠാനത്തിനും തത്തുല്യമായ കര്‍മനിര്‍വഹണത്തിനും പ്രാധാന്യം നല്‍കിയിരിക്കുന്നു.

(തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം