കൂട്ടകോപ്പിയടി: സ്വാശ്രയ ഡെന്റല്‍ കോളേജിലെ പരീക്ഷാഫലം റദ്ദാക്കി

March 13, 2013 കേരളം

തിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ ഡെന്റല്‍ കോളേജിലെ 28 വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം കൂട്ടകോപ്പിയടിയെ തുടര്‍ന്ന് റദ്ദാക്കി. വട്ടപ്പാറ  പിഎംഎസ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലമാണ് റദ്ദാക്കിയത്. കഴിഞ്ഞ വര്‍ഷം നടന്ന അവസാന വര്‍ഷ ബിഡിഎസ് പരീക്ഷയിലാണ് കൂട്ടക്കോപ്പിയടി നടന്നത്. 34 വിദ്യാര്‍ത്ഥികളില്‍ 28 പേരുടെ ഉത്തരക്കടലാസുകള്‍ സമാനമായിരുന്നു. മൂല്യനിര്‍ണയം നടത്തിയ അധ്യാപകന്‍ ക്രമക്കേട് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് സര്‍വ്വകലാശാലയുടെ അച്ചടക്കസമിതി അന്വേഷണം തുടങ്ങി.

അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് സിന്‍ഡിക്കേറ്റ് നടപടി. വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത ഒരു വര്‍ഷം പരീക്ഷയെഴുതാന്‍ കഴിയില്ല. പ്രിന്‍സിപ്പലില്‍ നിന്നും വിശദീകരണം തേടും. മാനേജ്‌മെന്റില്‍ നിന്ന് പിഴ ഈടാക്കാനും തീരുമാനമായി. പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരെ ഡ്യൂട്ടിയില്‍ നിന്നും വിലക്കാനും ധാരണയായി.

നേരത്തെ ഇതേ കോളേജിലെ വിദ്യാര്‍ത്ഥി ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം