ഹെലികോപ്ടര്‍ കോഴ വിവാദം: എസ്.പി ത്യാഗിക്കെതിരേ എഫ്ഐആര്‍ രജിസ്റര്‍ ചെയ്തു

March 13, 2013 ദേശീയം

ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ ഇടപാടിലെ കോഴ ആരോപണവുമായി ബന്ധപ്പെട്ട് വ്യോമസേനാ മുന്‍ മേധാവി എസ്.പി ത്യാഗി ഉള്‍പ്പെടെ 12 പേരെ പ്രതിചേര്‍ത്ത് സിബിഐ എഫ്ഐആര്‍ രജിസ്റര്‍ ചെയ്തു. മുന്‍ കേന്ദ്രമന്ത്രി സന്തോഷ് ബഗ്രോഡിയയുടെ സഹോദരന്‍ സതീഷ് ബഗ്രോഡിയയുടെ പേരും ത്യാഗിയുടെ മൂന്ന് ബന്ധുക്കളുടെ പേരും എഫ്ഐആറിലുണ്ട്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി, ഗുഡ്ഗാവ്, ചണ്ഡിഗഢ് എന്നിവിടങ്ങളിലായി 12 ഇടങ്ങളില്‍ സിബിഐ പരിശോധന നടത്തി. ത്യാഗിയുടെ ഡല്‍ഹിയിലെ വസതിയില്‍ ഉള്‍പ്പെടെയായിരുന്നു പരിശോധന. 2004 മുതല്‍ 2007 വരെയായിരുന്നു എസ്പി ത്യാഗി വ്യോമസേനയുടെ മേധാവിയായിരുന്നത്. വിഐപികള്‍ക്ക് സഞ്ചരിക്കാനായി അഗസ്ത്യവെസ്റ്ലാന്‍ഡ് ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള കരാറിലാണ് കോഴ ആരോപണമുയര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ പ്രതിരോധ സ്ഥാപനമായ ഫിന്‍മെക്കാനിക്കയുടെ മേധാവിയെ നേരത്തെ ഇറ്റാലിയന്‍ സര്‍ക്കാര്‍ അറസ്റ് ചെയ്തിരുന്നു. ഇതോടെയാണ് ഇന്ത്യയിലും ഇതേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും കോഴ വാങ്ങിയതിനുമാണ് ത്യാഗിക്കെതിരേ അന്വേഷണം നടക്കുന്നതെന്ന് സിബിഐ സ്ഥിരീകരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം