ഇറ്റലി ഇത്ര നെറികെട്ട രാഷ്ട്രമോ ?

March 13, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

ഒരു പരമാധികാര രാഷ്ട്രം എങ്ങനെ പെരുമാറരുത് എന്നു ചോദിച്ചാല്‍ അത് ഇറ്റലിയെ പോലെ ആകരുത് എന്ന് ഉത്തരം പറയാം. രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഭാരതത്തിന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ വച്ച് വെടിവച്ചുകൊന്ന രണ്ട് ഇറ്റാലിയന്‍ നാവികരെ തിരികെ ഭാരതത്തിലേക്ക് അയക്കില്ലെന്ന അറിയിപ്പ് ഭാരതത്തോടുള്ള വെല്ലുവിളിയാണ്. നാവികര്‍ക്ക് വോട്ടുരേഖപ്പെടുത്തുന്നതിനായി സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനാലാണ് അവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ കഴിഞ്ഞത്. ഇറ്റാലിയന്‍ അംബാസഡര്‍ നല്‍കിയ ഉറപ്പിന്‍മേലാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്. ആ ഉറപ്പാണ് ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ ഇറ്റലിയുമായുള്ള നയതന്ത്രബന്ധത്തിന് യാതൊരു വിലയുമില്ലെന്ന് ആ രാഷ്ട്രം തെളിയിച്ചിരിക്കയാണ്.

ഭാരതത്തിന്റെ ഔന്നത്യത്തിനുമുന്നില്‍ ഇറ്റലി എന്ന രാഷ്ട്രം ഒന്നുമല്ല. ഭാരതത്തിന്റേതുപോലെ സാംസ്‌കാരിക മൂല്യങ്ങളോ ധാര്‍മികതയോ ഒന്നും ഉയര്‍ത്തിപ്പിടിക്കാന്‍ ആ രാഷ്ട്രത്തിനില്ല. എന്നാല്‍ സഹിഷ്ണുതയുടെയും വിശാലമായ കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തില്‍ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാരാഷ്ട്രങ്ങളെയും ഒരേപോലെ കാണുന്ന ദാര്‍ശനികമായ കാഴ്ചപ്പാട് ഭാരതത്തിന്റെ പൈതൃകമാണ്. അതിനാലാണ് ആദ്യം ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കെടുക്കാനും രണ്ടാമത് സമ്മതിദാനാവകാശം രേഖപ്പെടുത്താനും കൊലയാളികളായിരുന്നിട്ടുകൂടി രാജ്യംവിടാന്‍ അനുമതി നല്‍കിയത്. ഭാരതത്തിന്റെ പരമോന്നത നീതിപീഠം ഹൃദയവിശാലതയോടെ അനുവദിച്ച ഇളവുകള്‍ക്കാണ് ഒരുവിലയും കല്‍പ്പിക്കാതെ ഇറ്റലി ചവിട്ടിയരച്ചിരിക്കുന്നത്.

ഇറ്റലി എന്ന രാഷ്ട്രത്തിന്റെ മനഃശാസ്ത്രം മനസിലാക്കിയിരുന്നെങ്കില്‍ ഈ നാവികരെ ഒരിക്കലും കേസ് പൂര്‍ത്തിയാക്കുകയും ശിക്ഷയുണ്ടെങ്കില്‍ അതിന്റെ കാലാവധി കഴിയുകയും ചെയ്യാതെ രാജ്യംവിടാന്‍ അനുവദിക്കില്ലായിരുന്നു. മുസ്സോളിനിയെ പോലുള്ള ഏകാധിപതികള്‍ ഉദയംചെയ്ത നാടാണ് ഇറ്റലി. ഭാരതത്തിന്റെ പരമാധികാരത്തെ ചോദ്യംചെയ്തുകൊണ്ട് ധാര്‍ഷ്ട്യത്തോടെയുള്ള നിലപാടുകളാണ് ഈ വിഷയത്തില്‍ തുടക്കം മുതല്‍ ഇറ്റലി സ്വീകരിച്ചത്. പലപ്പോഴും ഇതിനു സഹായകരമായ നിലപാട് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായി. ഇറ്റലിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത് സോണിയയുടെ ഇറ്റാലിയന്‍ ബന്ധമാണെന്ന് ആരെങ്കിലും  സംശയിച്ചാല്‍ അത് തള്ളിക്കളയാനുമാവില്ല.

ഭാരതത്തിന്റെ പരമോന്നത നീതിപീഠത്തിന് നല്‍കിയ ഉറപ്പ് ലംഘിക്കുക എന്നുവച്ചാല്‍ ഭാരതത്തിന്റെ പരമാധികാരത്തെ ചോദ്യംചെയ്യുന്നതില്‍ കുറഞ്ഞൊന്നുമല്ല. ഇത് ഭാരതത്തിന്റെ അഭിമാനത്തിന്റെ പ്രശ്‌നമാണ്. ലോകശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഭാരതത്തെ താഴ്ത്തിക്കെട്ടുക എന്ന പാശ്ചാത്യന്റെ മനോവികാരവും ഒരുപക്ഷേ ഈ വെല്ലുവിളിക്കു പുറകിലുണ്ടാകാം. സുപ്രീംകോടതി നല്‍കിയ ഉറപ്പ് പാലിക്കുക എന്നതില്‍ കുറഞ്ഞ് ഒരു ഒത്തുതീര്‍പ്പിനും ഭാരതം തയാറാകരുത്. ഭാരതത്തിലെ രണ്ടുപൗരന്‍മാരെ അരുകൊല ചെയ്ത ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്ത് കല്‍തുറുങ്കിലടയ്ക്കാന്‍ ഏതറ്റംവരെയും പോകാന്‍ ഭാരതം തയാറാകണം. അതിലൂടെ മാത്രമേ ഭാരതത്തിന്റെ വ്രണപ്പെട്ട അഭിമാനം വീണ്ടെടുക്കാനാകൂ.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍