ഗൗരിയമ്മയ്ക്കെതിരായ പരാമര്‍ശം; പി.സി.ജോര്‍ജ് ഖേദം പ്രകടിപ്പിച്ചു

March 14, 2013 കേരളം

തിരുവനന്തപുരം: കെ.ആര്‍.ഗൗരിയമ്മയ്ക്കും ടി.വി. തോമസിനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് ഖേദം പ്രകടിപ്പിച്ചു. നിയമസഭ സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് ജോര്‍ജ് ഖേദപ്രകടനം നടത്തിയത്. സിപിഐ നിയമസഭാകക്ഷി നേതാവ് സി.ദിവാകരനാണ് യോഗത്തില്‍ വിഷയം ഉന്നയിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജോര്‍ജ് തുടര്‍ന്നാല്‍ തുടര്‍ നടപടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. താന്‍ സ്വകാര്യമായി പറഞ്ഞത് വാര്‍ത്തയാക്കിയ മാധ്യമപ്രവര്‍ത്തകരുടെ നടപടി മര്യാദകേടാണെന്ന് പി.സി.ജോര്‍ജ് കുറ്റപ്പെടുത്തി. തന്നെക്കുറിച്ച് ഗൗരിയമ്മ നടത്തിയ അടിസ്ഥാനരഹിതമായ ആരോപണത്തില്‍ മനംനൊന്ത് പ്രതികരിച്ചു പോയതാണെന്നും ചീഫ് വിപ്പ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം