സംസ്ഥാനത്ത് പുതുതായി എട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങും – വി.എസ്. ശിവകുമാര്‍

March 15, 2013 കേരളം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലടക്കം സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ പുതുതായി എട്ട് മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. പട്ടം താണുപിള്ള മെമ്മോറിയല്‍ ഗവ.ജില്ലാ ഹോമിയോ ആശുപത്രിയുടെ പുതിയ ഒ.പി. ബ്ളോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നെയ്യാറ്റിന്‍കരയിലും പൂന്തുറയിലും പുതുതായി ആയുഷ് ഹോളിസ്റിക് സെന്റര്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഹോമിയോ ആശുപത്രിയില്‍ രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് അനുവദിച്ച തുക 24ല്‍ നിന്നും 35 രൂപയാക്കി വര്‍ദ്ധിപ്പിക്കും. സ്ത്രീകളുടെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് കൌണ്‍സിലിങ്ങും ചികിത്സയും നല്‍കുന്ന സീതാലയം ക്ളിനിക്കുകള്‍ വിപുലീകരിക്കും. ആയുര്‍വേദം, ഹോമിയോ, സിദ്ധ, പ്രകൃതി ചികിത്സ തുടങ്ങി വിവിധ ചികിത്സാ സമ്പ്രദായങ്ങളിലൂടെ ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിച്ച് രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രി ചികിത്സാ സൌകര്യങ്ങള്‍ക്കും അടിസ്ഥാന സൌകര്യ വികസനത്തിനും പ്രാധാന്യം നല്‍കി പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രമണി പി.നായര്‍ അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അന്‍ സാജിതാ റസല്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റൂഫസ് ഡാനിയല്‍, പൊതുമരാമത്ത് സ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാകുമാരി, വികസനകാര്യ സ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീഗം നബീസ, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ.ബീന എം.പി. തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം