പ്രപഞ്ചവും യോഗിയും

March 16, 2013 ഗുരുവാരം,പാദപൂജ

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

അധ്യായം 7

ചൈതന്യത്തെയും ജഡത്തെയും സമന്വയിപ്പിച്ചിരിക്കുന്ന അതിമഹത്തായ സൃഷ്ടിയാണ് പ്രപഞ്ചം. സൃഷ്ടിയും സൃഷ്ടികര്‍ത്താവും തമ്മിലുള്ള ബന്ധത്തെ പലരീതിയില്‍ വ്യാഖ്യാനിച്ചുകണ്ടെത്താന്‍ പലരും ശ്രമിച്ചിട്ടുണ്ട്. സൃഷ്ടികര്‍ത്താവിനെ കണ്ടെത്താനുള്ള പരിശ്രമമാണ് അനേകം ചിന്താപദ്ധതികളായി നിലകൊള്ളുന്നത്. അറിയാത്തതിനെ അറിയുന്നതിനുള്ള പരിശ്രമമാണല്ലോ ഇതിനുപിന്നിലുള്ളത്. അറിയുന്ന ജഡത്തെ അപഗ്രഥിച്ചും ആശ്രയിച്ചും അറിയാത്ത ഈശ്വരനെ അഥവാ ആത്മാവിനെ കണ്ടെത്തുക സാധ്യമല്ലെന്ന് ഭൗതികശാസ്ത്രം തന്നെ സമ്മതിച്ചു കഴിഞ്ഞു. അന്വേഷണങ്ങളുടെ പരിക്രമണബുദ്ധി അവസാനം അഭയം പ്രാപിക്കുന്നത് അവനവനില്‍തന്നെയാണ്.

നഗ്നനേത്രങ്ങള്‍കൊണ്ട് കാണാവുന്ന ജഡത്തിലൂടെ സമാരംഭിച്ച പരിശ്രമം, പരാജയപ്പെട്ടതിനെ തുടര്‍ന്ന് സൂക്ഷ്മതലത്തിലേക്ക് വ്യാപരിക്കുകയുണ്ടായി. ഈ പരിശ്രമം ബാഹ്യേന്ദ്രിയങ്ങളില്‍നിന്നു വളരെ വിദൂരമെന്നുതോന്നാവുന്ന സൂക്ഷ്മതലങ്ങളിലേക്കു കടന്നുചെന്നു. എന്നാല്‍ അവിടെയും ചലനം, ദൂരം, വസ്തുബോധം എന്നിങ്ങനെയുള്ള വിദൂരക്ഷണങ്ങള്‍ ഫലമില്ലാതായിത്തീര്‍ന്നു. വസ്തുവിനേയും ദൂരത്തേയും ആശ്രയിക്കാത്ത ഒരു തലത്തിലേയ്ക്കു വീണ്ടും അന്വേഷണം തിരിഞ്ഞു. ഒടുവില്‍ തന്നില്‍ത്തന്നെയാണ് സര്‍വവും നിക്ഷിപ്തമായിരിക്കുന്ന ബോധം ഉറച്ചതോടെ അന്വേഷണഫലവും സംതൃപ്തിയും ലഭ്യമായി. സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തുവാനും നല്‍കുവാനുമുള്ള കഴിവു സ്വയം സിദ്ധമായി. തന്നില്‍ നിന്നന്യമായി പ്രപഞ്ചമില്ലെന്നബോധം ആത്മദര്‍ശനമെന്ന വിശിഷ്ടസംജ്ഞതയിലൂടെ ഇന്നും പ്രകീര്‍ത്തിക്കപ്പെടുന്നു.

ആര്‍ഷദര്‍ശനം
ജ്ഞാനം, യോഗം, ഭക്തി തുടങ്ങിയ പ്രധാനവൈജ്ഞാനിക ശാഖകളിലൂടെ പ്രവര്‍ത്തിച്ച് ഏകലക്ഷ്യത്തിലെത്തിയ അനുഭവമാണ് അവസാനമായി യോഗത്തിനുലഭിച്ചത്. ഏകത്വത്തില്‍ വൈവിധ്യവും വൈവിധ്യത്തില്‍ ഏകത്വവും ഓതപ്രോതങ്ങളെന്നോണം നിബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നുമനസ്സിലായ അനേകകോടിവര്‍ഷങ്ങള്‍ ഇതിനകം കടന്നു പോയി. അനുസ്യൂതം സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമ വ്യവസ്ഥകള്‍ക്കും ചംക്രമണത്തിനും പുതിയനിയമനങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത വണ്ണം വഴിമുട്ടിനില്‍ക്കുന്ന ധാരാളം ചിന്താപദ്ധതികള്‍ ഇന്നുമുണ്ട്. പ്രചരണങ്ങള്‍കൊണ്ടും പ്രലോഭനം കൊണ്ടും അവയെ സത്യമെന്നു തെളിയിക്കാനുള്ള പ്രകമ്പനങ്ങള്‍ ഇന്നും ധാരാളം നടക്കുന്നുണ്ട്. സ്വാര്‍ത്ഥതയും വിവേകശൂന്യതയും തജ്ജന്യമായ വികാരങ്ങളും വിതച്ചുവളര്‍ത്തി വിളവെടുപ്പ് നടത്തുകയല്ലാതെ ഇക്കൂട്ടര്‍ക്ക് മറ്റൊന്നും സാദ്ധ്യമായിട്ടില്ല. എന്നാല്‍ ആര്‍ഷഭൂമിയായ ഭാരതത്തിന്റെ ദാര്‍ശനികസിദ്ധാന്തം പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിലയഭാവങ്ങളെ വിശദമായി ചര്‍ച്ച ചെയ്ത് സത്യം കണ്ടെത്തുന്നതില്‍ വിജയിച്ചിരിക്കുന്നു.

നിശ്ചലത്വത്തില്‍നിന്ന് ഉദ്ഭൂതമാകുന്ന ചലനവും ചലനപ്രക്രിയവികസിച്ച് ഗുണഭാവങ്ങളായി മാറുന്നതും തുടങ്ങി പ്രപഞ്ചത്തിന്റെ അതീവബൃഹത്തായ ഒരു ആവിഷ്‌കരണമാണ് ഭാരതീയാചാര്യന്മാര്‍ നടത്തിയിട്ടുള്ളത്. സൂക്ഷ്മത്തില്‍ നിന്ന് സ്ഥൂലത്തിലേയ്ക്കും സ്ഥൂലത്തില്‍നിന്ന് സൂക്ഷ്മത്തിലേക്കുമുള്ള ചംക്രമണം സൃഷ്ടിക്കുന്ന പ്രപഞ്ചവ്യാപാരം അതിമനോഹരമായ ഭാഷയില്‍ അവര്‍ സമൂഹത്തിന് പകര്‍ത്തിക്കൊടുത്തിട്ടുണ്ട്.

ഇതിനുവിപരീതമായി പാശ്ചാത്യദര്‍ശനം പ്രപഞ്ചത്തിനെ തങ്ങളുടെ ഉപഭോഗവസ്തുവെന്നു ചിന്തിക്കുകയും അതിനനുസൃതമായി തത്ത്വശാസ്ത്രങ്ങള്‍ രൂപപ്പെടുത്തിയെടുക്കുകയുമാണ് ചെയ്യുന്നത്. മനുഷ്യന്റെ സ്വാഭാവിക പരിമിതികളെ താല്ക്കാലികമായെങ്കിലും മറന്നാണ്  ഈ സാഹസത്തിനു മുതിരുന്നത്. പ്രപഞഞ്ചരഹസ്യങ്ങളുടെ ഒരു ചെറിയ അംശംപോലും മനസ്സിലാക്കാനോ പ്രപഞ്ചപരിമാണം അനുമാനിച്ച് നിശ്ചയിക്കാനോ അതുള്‍ക്കൊള്ളുവാന്‍ പോലുമോ അപര്യാപ്തമായ മനുഷ്യബുദ്ധി, ഈ കാര്യപ്രപഞ്ചത്തിന്റെ കേന്ദ്രമായ കാരണത്തില്‍നിന്ന് പുറംതിരിഞ്ഞോടുകയാണ്. ഏത് കാര്യത്തിനും ഒരു കാരണമുണ്ടാകുമല്ലോ. ഈ കാരണം അന്വേഷിക്കാനിറങ്ങുമ്പോള്‍ ആദ്യംതന്നെ അന്വേഷിക്കേണ്ടത് അന്വേഷകനായ തന്നെയാണ്. അന്വേഷകനും ഇതില്‍നിന്നന്യമല്ലല്ലോ. ഈ കാരണാന്വേഷണമാണ് അഥവാ ”ആത്മപരിശോധന” യാണ് ഭാരതീയതത്ത്വശാസ്ത്രങ്ങൡ മിക്കതിന്റേയും അടിസ്ഥാനം. സൃഷ്ടിസ്ഥിതി ലയനാവസ്ഥകളേയും പുനഃസൃഷ്ടിയേയും എന്നല്ല, എല്ലാ പ്രാപഞ്ചികപ്രതിഭാസങ്ങളേയും വ്യക്തമാക്കാന്‍ പോന്നവയാണ് ഭാരതീയദര്‍ശനങ്ങള്‍. പിണ്ഡാണ്ഡത്തിന്റെ സ്വഭാവം മനസ്സിലാക്കി ബ്രഹ്മാണ്ഡത്തെ അറിയുന്ന തത്ത്വം- ജീവപരിണാമപ്രക്രിയയില്‍നിന്ന് പ്രപഞ്ച പരിണാമക്രമം മനസ്സിലാക്കുന്ന ചിന്താപദ്ധതി ആധുനികഭൗതികശാസ്ത്രം ഇന്ന് ഭാരതത്തില്‍ നിന്ന് കടം കൊണ്ടിട്ടുണ്ട്.

ഇതിന്റെയെല്ലാം കേന്ദ്രബിന്ദുവായി പ്രവര്‍ത്തിക്കുന്ന ജീവന്‍ പരമാണുസിദ്ധാന്തത്തിലും സജീവമായ പങ്കുവഹിക്കുന്നു. ജീവനെക്കൂടാതെ വസ്തു വസ്തുവിനോട് ചേര്‍ന്നു സുഖദുഃഖങ്ങള്‍ അനുഭവിച്ചതായോ പങ്കിട്ടതായോ ഉള്ള സിദ്ധാന്തങ്ങള്‍ ചമച്ചുവെയ്ക്കാന്‍ സാദ്ധ്യമല്ല. ഇങ്ങനെ സുഖദുഃഖമിശ്രമായ ജീവാത്മാവിനും അവയില്‍നിന്ന് മുക്തമായ ആത്മസങ്കല്പത്തിനുമുള്ള സ്വഭാവാന്തരം ആണ് വിശാലമായ പ്രപഞ്ചമായി നമുക്ക് തോന്നുന്നത്. ജീവനെ അടിസ്ഥാനമാക്കി നില്‍ക്കുന്ന വസ്തുപരത സൃഷ്ടിക്കുന്ന ചലനങ്ങള്‍ ജീവനെ ഉപേക്ഷിച്ച് ഭാവപരതയിലേയ്ക്ക് വളരുന്നില്ല.

പ്രപഞ്ചത്തിനാകമാനമുള്ള അടിസ്ഥാനസത്തയെ കേന്ദ്രീകരിച്ചാണ് എല്ലാ വ്യക്തിത്വവും ഉണ്ടാവുകയും നിലനില്‍ക്കുകയും വിലയിക്കുകയും ചെയ്യുന്നത്. വളരെ വിശാലമായിത്തോന്നുന്ന പ്രപഞ്ചത്തിന്റെ സ്ഥിതി ബ്രഹ്മാണ്ഡഘടനയില്‍ സൂചിമുനയോളം വലിപ്പമില്ലെന്നുകണ്ടുപിടിച്ച ആധുനികശാസ്ത്രം ഇന്നു ഭാരതത്തിന്റെ ദര്‍ശനശാസ്ത്രത്തെ അംഗീകരിച്ചു കഴിഞ്ഞു. ചെറുതെന്നും വലുതെന്നും തോന്നുന്ന വ്യത്യാസങ്ങള്‍ സ്ഥിരമായ ഒരു സത്തയില്‍ വേരൂന്നിനില്‍ക്കുന്ന താരതമ്യപഠനത്തെ ആസ്പദിച്ചാണുണ്ടാകുന്നത്. സ്ഥൂലം, സൂക്ഷ്മം, കാരണമെന്നിങ്ങനെ വ്യവഹരിക്കുന്ന വസ്തുസിദ്ധാന്തം ജീവനെ കേന്ദ്രീകരിച്ചല്ലാതെ നിലനില്‍ക്കുന്നില്ല. ഭൗതികശാസ്ത്രസിദ്ധാന്തമണ്ഡലങ്ങളിലൊന്നിനും മേല്പറഞ്ഞ അടിസ്ഥാനസിദ്ധാന്തത്തെ അതിജീവിക്കുവാന്‍ സാധ്യമല്ല. ഇല്ലെന്നുപറയുന്നത് ഉള്ളതുകൊണ്ടാണെന്ന് ഇതിനാല്‍ സമര്‍ത്ഥിക്കേണ്ടിവരുന്നു. ഇവിടെ ആത്മസത്തയെ കേന്ദ്രീകരിച്ചുനില്‍ക്കുന്ന വ്യക്തിത്വവും പ്രപഞ്ചവും വസ്തുസിദ്ധാന്തംകൊണ്ടും തത്ത്വസങ്കല്പം കൊണ്ടും ഒരേ പ്രമാണത്തിനു വിധേയമാണ്. പ്രകൃതിക്കും വ്യക്തിക്കും സമാനത്വം കല്പിച്ചുകൊണ്ടുനിലനില്‍ക്കുന്ന വൈവിധ്യം ഏകത്വത്തെ ആശ്രയിക്കുന്നുവെന്നു ഭാരതീയാചാര്യന്മാര്‍ തെളിയിച്ചിട്ടുണ്ട്. വസ്തുക്കളുടെ സൂക്ഷ്മപരിണാമപ്രക്രിയയിലേക്കു കടന്നുചെല്ലുന്ന ജീവന്റെ പ്രക്രിയയെയാണ് ‘തപസ്സെന്ന്’ തത്ത്വശാസ്ത്രം വ്യാഖ്യാനിക്കുന്നത്.

വസ്തുഘടനയെ നിയന്ത്രിക്കുന്ന ജീവശക്തിയും ജീവശക്തിയെ അടിമപ്പെടുത്തുന്ന വസ്തുഘടനയുമുണ്ട്. ആദ്യത്തേത് അധ്യാത്മികവും രണ്ടാമത്തേത് ഭൗതികവുമാണ്. അധ്യാത്മത്തെ വിഗണിച്ച് ഭൗതികത്തിനു നിലനില്പില്ലെന്ന് മാക്‌സ്പ്ലാങ്ക്, ഐന്‍സ്റ്റീന്‍ തുടങ്ങിയ ശാസ്ത്രജ്ഞന്മാര്‍ തെളിയിച്ചിട്ടുണ്ട്. ജീവനില്‍ നിക്ഷിപ്തമായിരിക്കുന്ന വസ്തുസ്വഭാവം കൊണ്ട് അനുഭവിക്കേണ്ടിവരുന്ന ദുഃഖങ്ങള്‍ക്ക് പരിഹാരം കാണാന്‍ വസ്തുക്കളെ സ്വാധീനിക്കുകയും പരിഹരിക്കുകുയം ചെയ്യുന്ന ശക്തി ജീവനെ ആശ്രയിച്ചുണ്ടാകേണ്ടതാണ്. വളരെ സൂക്ഷ്മതയുള്ള ഭൗതികോപകരണങ്ങള്‍ക്കൊന്നിനും ഇക്കാര്യം നിര്‍വഹിക്കുന്നതിനുള്ള കാര്യക്ഷമതയില്ല. അതുകൊണ്ട് അധ്യാത്മശാസ്ത്രം വിധിക്കുന്ന മാര്‍ഗം ഇന്നും അഗ്രഗണ്യമായിത്തന്നെ നിലകൊള്ളുന്നു. വിവേകമില്ലാത്തവന്‍ പരിഷ്‌കരണത്തിന് അധികാരിയല്ലാത്തതുകൊണ്ട് അത്തരക്കാരുടെ അഭിപ്രായം ആധികാരികമല്ല.

കൂടുതല്‍ വാര്‍ത്തകള്‍ - ഗുരുവാരം