മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചു

March 16, 2013 കേരളം

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് ഉള്‍പ്പെടെ സെക്രട്ടറേയറ്റിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. പി.ആര്‍.ഡിയില്‍ നിന്നും പാസ് ലഭ്യമായിട്ടുള്ള പത്ര മാധ്യമ പ്രവര്‍ത്തരെ മാത്രമേ സെക്രട്ടേറിയറ്റില്‍ പ്രവേശിപ്പിക്കുകയുള്ളൂയെന്ന് വ്യക്തമാക്കി പൊതുഭരണ സെക്രട്ടറി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

സര്‍ക്കാര്‍ മുന്‍കൂട്ടി അറിയിച്ചിട്ടുള്ള പരിപാടികളില്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍/പ്രൈവറ്റ് സെക്രട്ടറി, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍, പ്രസ് സെക്രട്ടറി എന്നിവരുടെ രേഖാമൂലമുള്ള നിര്‍ദ്ദേശമില്ലാതെ പത്രമാധ്യമ പ്രവര്‍ത്തകരെ ഒരു കാരണവശാലും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ബ്ളോക്കിലേക്ക് കടക്കാന്‍ അനുവദിക്കില്ല. മറ്റു സാഹചര്യങ്ങളില്‍ സെക്രട്ടേറിയറ്റിലേയ്ക്ക് പാസുള്ള മാധ്യമപ്രവര്‍ത്തകരെ കടത്തിവിടുമെങ്കിലും ക്യാമറ / വീഡിയോ ക്യാമറ എന്നിവ കൊണ്ടുപോകാന്‍ അനുവദിക്കില്ല. ആഭ്യന്തര സുരക്ഷ മുന്‍നിറുത്തിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ സുരക്ഷാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത്. നിലവിലുള്ള സുരക്ഷാ, സെക്യൂരിറ്റി സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ചാണ് നടപടി.

മുഖ്യമന്ത്രിയുടെ ഓഫീസ് പരിസരത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചു. സ്ത്രീകളുള്‍പ്പെടെയുള്ള സന്ദര്‍ശകരുടെ ബാഗുകളും മൊബൈല്‍ ഫോണുകളും മുഖ്യമന്ത്രിയുടെ ഓഫീസ് കവാടത്തിനരികില്‍ സജ്ജമാക്കിയിരിക്കുന്ന കൌണ്ടറില്‍ നല്‍കി ടോക്കണ്‍ വാങ്ങി സൂക്ഷിക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം