വരള്‍ച്ച: കേന്ദ്രസംഘം മാര്‍ച്ച് 20ന് പത്തനംതിട്ട സന്ദര്‍ശിക്കും

March 16, 2013 കേരളം

പത്തനംതിട്ട: വരള്‍ച്ച വിലയിരുത്താന്‍ കേന്ദ്ര സംഘം മാര്‍ച്ച് 20ന് പത്തനംതിട്ട ജില്ലയിലെ വിവിധ വരള്‍ച്ച ബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി നരേന്ദ്രഭൂഷന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടര്‍ സിധില്‍ ശശി, പുകയില വികസന ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടര്‍ കെ. മനോഹരന്‍, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ മാനേജര്‍ താമരി കണ്ണന്‍, എക്സ്പെന്‍ഡീച്ചര്‍ വകുപ്പിലെ ധനകാര്യ കമ്മീഷന്‍ ഡിവിഷനിലെ അസിസ്റന്റ് ഡയറക്ടര്‍ ബി.കെ. മിശ്ര എന്നിവര്‍ ഉള്‍പ്പെടുന്നു.

ഡോ. എച്ച്. വിജിത്താണ് കോ-ഓര്‍ഡിനേറ്റിംഗ് ഓഫീസര്‍. നരേന്ദ്രഭൂഷന്റെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളാണ് സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വരള്‍ച്ചാസ്ഥിതി വിലയിരുത്തുക. നരേന്ദ്രഭൂഷന്‍ ഉള്‍പ്പെടുന്ന സംഘം എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ സന്ദര്‍ശിക്കും. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിലെ ജോയിന്റ് കമ്മീഷണര്‍ ഡോ. കെ. വിജയ കുമാര്‍ ഉള്‍പ്പെടുന്ന സംഘം പാലക്കാട്, തൃശൂര്‍ ജില്ലകള്‍ സന്ദര്‍ശിക്കും. മാര്‍ച്ച് 18 മുതല്‍ 21 വരെയാണ് കേന്ദ്രസംഘം സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുക. 20ന് രാവിലെ 8.30ന് പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ജില്ല കളക്ടര്‍ വി.എന്‍. ജിതേന്ദ്രനുമായും കൃഷി, ജലസേചനം-ഭൂജല വകുപ്പുകളുടെയും ജല അതോറിറ്റിയുടെയും ജില്ലാ ഓഫീസര്‍മാരുമായും നടത്തുന്ന ചര്‍ച്ചയോടെ കേന്ദ്ര സംഘത്തിന്റെ പത്തനംതിട്ട ജില്ലയിലെ സന്ദര്‍ശനത്തിന് തുടക്കമാകും. വരള്‍ച്ച ബാധിതമായ വിവിധ സ്ഥലങ്ങള്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കും. ജനങ്ങളും ജനപ്രതിനിധികളുമായി കേന്ദ്ര സംഘം സംസാരിക്കും.

വൈകിട്ട് സംഘം തിരുവനന്തപുരത്തേക്ക് തിരിക്കും. മാര്‍ച്ച് 21ന് ഉച്ചകഴിഞ്ഞ് രണ്ടിന് കേന്ദ്ര സംഘം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തും. റവന്യു മന്ത്രി അടൂര്‍ പ്രകാശ്, ജലവിഭവമന്ത്രി പി.ജെ. ജോസഫ്, കൃഷി മന്ത്രി കെ.പി. മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം