കലാമണ്ഡലത്തെ അഭിമാന സ്ഥാപനമായി വളര്‍ത്തും – മുഖ്യമന്ത്രി

March 17, 2013 കേരളം

തൃശൂര്‍: കലാമണ്ഡലത്തെ നാടിന്റെ അഭിമാനസ്ഥാപനമായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു. കലാമണ്ഡലത്തിന്റെ പുരോഗതിയ്ക്ക് പ്രത്യേക പരിഗണനയാണ് സാംസ്കാരിക വകുപ്പ് നല്‍കുന്നത്. ഈ വര്‍ഷത്തെ ബജറ്റില്‍ 12 . 5 കോടി രൂപ കലാമണ്ഡലത്തിന് അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ പാരമ്പര്യകലകള്‍ക്ക് കലാപുരസ്കാര സമര്‍പ്പണം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക സര്‍വ്വകലാശാല എന്ന നിലയില്‍ ലോകപ്രശസ്തമായ സ്ഥാപനമായി കലാമണ്ഡലത്തെ വളര്‍ത്തുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. മലയാളത്തിന് അഭിമാനമായ വളര്‍ച്ചയുണ്ടാകും. മലയാളത്തിന് ക്ളാസിക്കല്‍ പദവി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.കെ. ബിജു എം.പി , കെ. രാധാകൃഷ്ണന്‍ എം.എല്‍.എ, പി.എ മാധവന്‍ എം.എല്‍.എ. , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍, വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. സുലൈമാന്‍ , മായ ഉദയന്‍ , കലാമണ്ഡലം സത്യഭാമ, മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി, വാസന്തി മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. കലാമണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പന്തളം സുധാകരന്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ. സുരേശന്‍ നന്ദിയും പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. പി.എന്‍. സുരേഷ് പുരസ്കാരം നേടിയവരെ പരിചയപ്പെടുത്തി. മുഖ്യമന്ത്രിയില്‍ നിന്ന് പുസസ്കാരം നേടിയ കലാമണ്ഡലം വാസു പിഷാരടി (കഥകളി) പെരുവനം കുട്ടന്‍ മാരാര്‍ (വാദ്യം) , കലാമണ്ഡലം സരസ്വതി (നൃത്തം) എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

കലാമണ്ഡലത്തില്‍ അനുവദിച്ച പി.ജി. കോഴ്സുകളുടെയും പുതുതായി നിര്‍മ്മിച്ച ലൈബ്രറി മന്ദിരത്തിന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ചെണ്ട, മൃദംഗം, കര്‍ണാടക സംഗീതം എന്നിവയാലാണ് പി.ജി. കോഴ്സുകള്‍ തുടങ്ങുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം