പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് 25 കോടി: മുഖ്യമന്ത്രി

March 17, 2013 കേരളം

തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് നിര്‍മാണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാറിന്റെ എല്ലാ വകുപ്പുകളുടെയും പൂര്‍ണ പിന്തുണയുണ്ടാവുമെന്നും പാര്‍ക്കിന്റെ നിര്‍മാണത്തിന് വനം വകുപ്പ് ആവശ്യപ്പെട്ട 25 കോടി രൂപ ഇത്തവണത്തെ ബജറ്റില്‍ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒല്ലൂര്‍ മണ്ഡലത്തില്‍ ജോയിന്റ് വെരിഫിക്കേഷന്‍ കഴിഞ്ഞ എല്ലാ അപേക്ഷകളിലും അടിയന്തരമായി പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോയിന്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാകാത്ത കേസുകളില്‍ അത് അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് പ്രത്യേക അദാലത്ത് നടത്തുമെന്ന് മണ്ഡലത്തില്‍ പട്ടയം ലഭിക്കാത്തവര്‍ക്ക് ഉടന്‍ പട്ടയം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന എം.പി വിന്‍സന്റ് എം.എല്‍എയുടെ അഭ്യര്‍ഥനയ്ക്ക് മറുപടിയായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും രേഖകളും പ്രത്യേക വെബ്സൈറ്റ് തുടങ്ങി അതില്‍ ലഭ്യമാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വനം മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. പാര്‍ക്കിന്റെ വികസനത്തിന് 130 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭ്യമാവുമെന്നാണ് പ്രതീക്ഷ. അഞ്ച് ഏക്കര്‍ സ്ഥലം കൂടി പാര്‍ക്കിനായി ഏറ്റെടുക്കും. ഏഷ്യയിലെ തന്നെ ഏറ്റവും നല്ല മൃഗശാലയായി ഇതിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ മ്യൂസിയം – യുവജന ക്ഷേമ വകുപ്പ് മന്ത്രി പി.കെ ജയലക്ഷ്മി, പി.സി ചാക്കോ എം.പി, തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ, മേയര്‍ ഐ.പി പോള്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ദാസന്‍, ജില്ലാ കലക്ടര്‍ പി.എം ഫ്രാന്‍സിസ്, അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ സി.എസ് യാലാക്കി തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം