ചിന്താവിപ്ലവം

March 17, 2013 ഉത്തിഷ്ഠത ജാഗ്രത

സത്യാനന്ദപ്രകാശം-10 (ഹനുമത്പ്രഭാവനായ സ്വാമി വിവേകാനന്ദന്‍)
ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍
ചിന്താവിപ്ലവം

മാനവചിന്താമണ്ഡലത്തില്‍ ദൂരവ്യാപകമായ ശക്തിപ്രസരിപ്പിച്ചു അഭികാമ്യമായ പരിവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച അഭിസംബോധനയായിരുന്നു അത്. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളുടെ വിശ്വചരിത്രം പരിശോധിക്കുമ്പോഴാണ് അതിന്റെ പ്രശാന്തമായ കരുത്തും സ്വാധീനശക്തിയും വ്യക്തമായിത്തീരുക, ആധുനിക ഭൗതികശാസ്ത്രത്തിന്റെ വികാസത്തോടെ മാനവരാശിയുടെ നിലനില്പിനെ ചോദ്യം ചെയ്തു തുടങ്ങിയ സര്‍വസംഹാരകമായ പടക്കോപ്പുകളുടെയും ആയുധക്കൂമ്പാരങ്ങളുടെയും സൈനിക സന്നാഹങ്ങളുടെയും അധികാരമത്സരങ്ങളുടെയും ഭീഷണികളെ നിഷ്പ്രഭമാക്കുന്ന സാഹോദര്യത്തിന്റെയും  സ്‌നേഹത്തിന്റെയും കരുത്ത് സ്വാമിജിയിലൂടെ ആന്നു മാനവഹൃദയത്തില്‍ പ്രവേശിച്ചു.

vivekandaആരോടും പരിഭവപ്പെടാതെയും ആരെയും വിദ്വേഷിക്കാതെയും ഏതെങ്കിലും പക്ഷം പിടിക്കാതെയും സര്‍വാനുഗ്രഹകാരമകമായി അതു നല്‍കപ്പെട്ട സമ്പ്രദായമായിരുന്നു അദ്ഭുതകരം. ഋഷിമാര്‍ക്കു മാത്രം സാധ്യമാകുന്ന ഉപദേശക്രമമമാണത്. അതിക്രമങ്ങളെ അതിക്രമം കൊണ്ടു ചെറുക്കുന്ന പഴഞ്ചന്‍ ഭൗതികസമ്പ്രദായങ്ങളെ വെടിഞ്ഞ് അതിക്രമങ്ങളെ സ്‌നേഹപൂര്‍ണ്ണമായ അഹിംസകൊണ്ട് അഭിമുഖീകരിക്കുന്ന ഭാരതീയ അദ്ധ്യാത്മവിദ്യയുടെ ഈ കര്‍മ്മപദ്ധതി ലോകത്തിനു പുതിയ അനുഭവമായിരുന്നു. ഹൃദയാന്തരഭാഗങ്ങളില്‍ ഉറങ്ങിക്കിടന്നിരുന്ന സാഹോദര്യപ്രേരിതമായ അഹിംസയുടെ സങ്കല്പങ്ങള്‍ ഉണര്‍ന്നു കരുത്താര്‍ജ്ജിക്കുന്നത് ലോകജനത ക്രമേണ അനുഭവിച്ചു. ഭാരത സ്വാതന്ത്ര്യസമരത്തിലൂടെ അതിന്റെ പ്രായോഗികത മഹാത്മജി ലോകത്തിനു തെളിയിച്ചുകൊടുക്കുകയും ചെയ്തു. ആര്‍പ്പും ആരവവുമില്ലാതെയാണ് കഴിഞ്ഞ നൂറ്റി ഇരുപതോളം വര്‍ഷങ്ങളിലൂടെ വിവേകവാണി മാനവമനസ്സുകളില്‍ തരംഗമാലകളെ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. അതിക്രമങ്ങള്‍ ഇന്നും ധാരാളമില്ലെന്നല്ല. പക്ഷേ അതു തെറ്റാണെന്ന് സ്‌നേഹമസൃമമായി പഠിപ്പിച്ച് അഹിംസാബോധത്തെ  വളര്‍ത്തുന്ന തിരിച്ചറിവ് പണ്ടില്ലാത്തവിധം നാള്‍തോറും കരുത്താര്‍ജ്ജിച്ചുകൊണ്ടിരിക്കുന്നു എന്നതു പകല്‍പോലെ വ്യക്തമാണ്. മാനവസംസ്‌കാരത്തെയും ചരിത്രഗതിയെയും രൂപപ്പെടുത്തുന്നതില്‍ മറ്റെന്തിനെക്കാളും അതു മുഖ്യശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്നു. അചിരേണ അതു പൂര്‍ണ്ണഫലത്തില്‍ എത്തിച്ചേരുകയും ചെയ്യും.

കൂടുതല്‍ വാര്‍ത്തകള്‍ - ഉത്തിഷ്ഠത ജാഗ്രത