യോഗാഭ്യാസപാഠങ്ങള്‍ – 16

March 18, 2013 സനാതനം

യോഗാചാര്യ എന്‍ . വിജയരാഘവന്‍
യോഗനിദ്ര പരിശീലിക്കേണ്ട വിധം – 1

യോഗനിദ്ര ആരംഭിക്കുന്നതിനുമുമ്പ് ശരീരത്തെയും മനസ്സിനെയും അതിനായി ഒരുക്കണം. പതുക്കെ മലര്‍ന്നു കിടക്കുക. ശവാസനത്തില്‍ കിടക്കുന്നതുപോലെ കിടക്കണം. കാലുകള്‍ അല്പം വിട്ടുവെയ്ക്കുക. കൈകള്‍ ശരീരത്തില്‍നിന്ന് അല്പം അകര്‍റ്റി മലര്‍ത്തി വെയ്ക്കുക. ശരീരത്തിന്റെ ഇപ്പോഴുള്ള അവസ്ഥയില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ അതിപ്പോള്‍ ചെയ്യുക. ശരീരത്തില്‍ എവിടെയും മുറുക്കമോ വേദനയോ തോന്നാത്ത രീതിയിലായിരിക്കണം കിടക്കേണ്ടത്. യോഗനിദ്രാ സമയത്ത് നിര്‍ദ്ദേശകന്‍ പറയുന്നതുവരെ ശരീരം ചലിപ്പിക്കുവാനോ കണ്ണുതുറക്കുവാനോ പാടില്ല. കണ്ണ് പതുക്കെ അടയ്ക്കുക. ഇനിയൊരു നിര്‍ദ്ദേശമുണ്ടാകുന്നതുവരെ കണ്ണ് തുറക്കുവാന്‍ പാടില്ല. ദീര്‍ഘമായ ഒരു ശ്വാസം എടുത്തു വിടുന്നതോടുകൂടി നിങ്ങളിലുള്ള എല്ലാവിഷമതകളും നിങ്ങളില്‍നിന്ന് പുറത്തേക്കു ഇല്ലാതാകുന്നതായി സങ്കല്‍പ്പിക്കുക. നിങ്ങളുടെ ശരീരം മുഴുവന്‍ അയഞ്ഞുകിടക്കട്ടെ. ഉറക്കത്തിനുമുമ്പുള്ള അനുഭവം പോലെയായിരിക്കണം നിങ്ങളുടെ അവസ്ഥ. ‘ഞാന്‍ ഈ യോഗനിദ്രാപരിശീലനം അവസാനിക്കുന്നതുവരെ ഉറങ്ങാതെ ഉണര്‍ന്നിരിക്കും’ എന്നു മനസ്സില്‍ സങ്കല്‍പ്പിക്കുക. ഇപ്രകാരം സ്വല്പനിമിഷം സ്വയം ഒരുങ്ങിയതിനുശേഷം മാത്രമേ യോഗനിദ്രയിലേക്ക് കടക്കാവൂ.

(നിര്‍ദ്ദേശങ്ങളുടെ രീതി ശരിക്കും മനസ്സിലാക്കിയാല്‍ സ്വയം തന്നെ മനസ്സില്‍ ചെയ്താല്‍ മതി)

വിശ്രമം
ശരീരം മുഴുവന്‍ വിശ്രമാവസ്ഥയിലാണെന്ന് മനസ്സിലാക്കുക. ശരീരത്തില്‍ തല മുതല്‍ കാല്‍വരെയുള്ള എല്ലാ ഭാഗങ്ങളെയും ഓരോന്നായി അയച്ചിടുക. മനസ്സില്‍ ‘ഓം’ എന്നു പറയുക. ‘യോഗനിദ്ര ചെയ്യാന്‍ പോകുന്ന ഞാന്‍ പൂര്‍ണ്ണ ബോധവാനാണ്’ എന്ന് മനസ്സില്‍ ആവര്‍ത്തിച്ച് പറയുക. ഇനി യോഗനിദ്രാപരിശീലനം ആരംഭിക്കാം.

സങ്കല്‍പ വാചകം
ഇനി നിങ്ങള്‍ നിങ്ങളുടെ സങ്കല്‍പവാചകം തിരഞ്ഞെടുക്കുക. ചെറുതും, ലളിതവും, നന്മ നിറഞ്ഞതുമായ ഈ സങ്കല്‍പ വാചകം മൂന്നുപ്രാവശ്യം വളരെ ബോധപൂര്‍വ്വം, ഗുരുവിനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് മനസ്സിനെ തൊട്ടുണര്‍ത്തുന്നവിധം മനസ്സില്‍ ചൊല്ലുക. നിങ്ങള്‍ യോഗനിദ്രാപരിശീലന സമയത്ത് ചൊല്ലിയ ഈ വാചകം നിങ്ങളുടെ ജീവിതത്തില്‍ തീര്‍ച്ചയായും യാഥാര്‍ത്ഥ്യമായിവരും.

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ മനസ്സിനെ നയിക്കുക. നിങ്ങള്‍ മനസ്സിനെ ശരീരത്തിന്റെ ഒരു ഭാഗത്തുനിന്നു മറ്റൊരു ഭാഗത്തേക്ക് എന്നക്രമത്തില്‍ വേഗത്തില്‍ കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ഈ സമയത്ത് നിങ്ങള്‍ പൂര്‍ണ്ണ ബോധവാനായിരിക്കണം. എന്നാല്‍ കൂടുതല്‍ ഏകാഗ്രമാക്കാന്‍ ശ്രമിക്കേണ്ട.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം