ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല മന്‍ഷീനിക്ക് നയതന്ത്ര പരിരക്ഷയില്ലെന്ന് സുപ്രീംകോടതി

March 18, 2013 പ്രധാന വാര്‍ത്തകള്‍

SupremeCourtIndiaന്യുഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ തിരിച്ചുകൊണ്ടുവരുമെന്ന ഉറപ്പ് ലംഘിച്ച ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല മന്‍ഷീനിക്ക് നയതന്ത്ര പരിരക്ഷയില്ലെന്ന് സുപ്രീംകോടതി. ഉറപ്പ് ലംഘിച്ച സ്ഥാനപതിയുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ല. ഇറ്റാലിയന്‍ സ്ഥാനപതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കോടതി പറഞ്ഞു. ഇനിയുത്തരവ് ഉണ്ടാകുന്നതുവരെ സ്ഥാനപതി രാജ്യം വിടരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് ഏപ്രില്‍ രണ്ടിന് വീണ്ടും പരിഗണിക്കും. ഇത് രണ്ടാം തവണയാണ് ഇറ്റാലിയന്‍ സ്ഥാനപതി രാജ്യം വിട്ടു പോകരുതെന്ന് കോടതി ഉത്തരവിടുന്നത്. നേരത്തെ ഈ മാസം 18 വരെ രാജ്യം വിട്ടുപോകരുതെന്നാണ് കോടതി ഉത്തരവിട്ടിരുന്നത്.

എന്നാല്‍ സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷയുണ്ടെന്ന് ഇറ്റലിയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ മുകുല്‍ രോഹ്ത്തഗി വാദിച്ചു. സര്‍ക്കാരിന് വേണ്ടിയാണ് സ്ഥാനപതി ഉറപ്പ് നല്‍കിയതെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇതേസമയം സമയ പരിധി കഴിഞ്ഞാല്‍ നാവികരെ തിരിച്ചുകൊണ്ടുവരണമെന്ന് ഉറപ്പ് ലംഘിച്ചതെന്തുകൊണ്ടെന്ന് വിശദീകരിച്ച് സത്യവാങ് മൂലം നല്‍കാന്‍ ഇറ്റലി തയ്യാറായിട്ടില്ല. ഇന്ന് സത്യവാങ് മൂലം നല്‍കണമെന്നായിരുന്നു വെള്ളിയാഴ്ച്ച കേസ് പരിഗണിച്ചപ്പോള്‍ കോടതി ഉത്തരവിട്ടിരുന്നത്. നാവികരെ ഇന്ത്യയില്‍ തിരിച്ചു കൊണ്ടുവരില്ലെന്നും പ്രശ്‌നം പരിഹരിക്കേണ്ടത് അന്താരാഷ്ട്ര കോടതിയാണെന്നാണ് ഇറ്റലിയുടെ നിലപാട്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍