വരള്‍ച്ച: കേന്ദ്ര സംഘം പര്യടനം തുടങ്ങി, സ്ഥിതി അതീവ ഗുരുതരമെന്ന് കണക്കുകള്‍

March 18, 2013 പ്രധാന വാര്‍ത്തകള്‍

കൊച്ചി: കൊടും വേനലിലൂടെയാണ് കേരളം കടന്നു പോകുന്നതെന്ന് വിവിധ ജില്ലകളില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ വരള്‍ച്ചാ സ്ഥിതിവിശേഷം വിലയിരുത്തുന്നതിനെത്തിയ ഉന്നതതല കേന്ദ്ര സംഘത്തിന് മുന്നിലാണ് വിവിധ വകുപ്പുകളില്‍ നിന്നും സമാഹരിച്ച സ്ഥിതിവിവരക്കണക്കുകള്‍ അവതരിപ്പിച്ചത്.

വരള്‍ച്ചയും വിള നഷ്ടവുമായി ബന്ധപ്പെട്ട് നൂറു കണക്കിന് പേജുകളുള്ള റിപ്പോര്‍ട്ടുകളാണ് ഓരോ ജില്ലയില്‍ നിന്നും സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. ഇവ ക്രോഡീകരിച്ച് നല്കിയ റിപ്പോര്‍ട്ടിന് മുന്നൂറോളം പേജുകളുണ്ട്. കാലവര്‍ഷവും തുലാവര്‍ഷവും കനിയാതിരുന്നതോടെ ഏറ്റവും ജലസമൃദ്ധമായിരുന്ന പ്രദേശങ്ങള്‍ പോലും വരണ്ടുണങ്ങുന്നു. ഉപരിതല ജലശേഖരം വറ്റിവരളുമ്പോള്‍ ഭൂഗര്‍ഭ ജല വ്യാപനത്തിന്റെ രീതികളിലും പ്രവചനതീതമായ വ്യത്യാസങ്ങളാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അന്തരീക്ഷത്തിലെ ജലാംശം കുറഞ്ഞ് സംസ്ഥാനത്തെ പല പ്രദേശങ്ങളും പാലക്കാടിന് സമാനമായ വരണ്ട കാലാവസ്ഥയെ അഭിമുഖീകരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി നരേന്ദ്രഭൂഷന്റെ നേതൃത്വത്തിലുള്ള സംഘം രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് ഇന്നലെയാണ് വരള്‍ച്ചബാധിത മേഖലകളില്‍ സന്ദര്‍ശനം തുടങ്ങിയത്. സന്ദര്‍ശനത്തിന് മുമ്പ് കൊച്ചിയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ സംസ്ഥാന വരള്‍ച്ചാ നിരീക്ഷണ സമിതിയുടെ നോഡല്‍ ഓഫീസര്‍ ഡോ. ശേഖര്‍.എല്‍. കുര്യാക്കോസും കൃഷി വകുപ്പ് ഡയറക്ടര്‍ ആര്‍. അജിത് കുമാറും വരള്‍ച്ച മൂലമുണ്ടായ നഷ്ടവും സംസ്ഥാനത്തെ കാലാവസ്ഥ വ്യതിയാനവും സംഘത്തിന് മുന്നില്‍ അവതരിപ്പിച്ചു. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ബി. രാമചന്ദ്രന്‍, ഡപ്യൂട്ടി കളക്ടര്‍ സി.സി. ജോസഫ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

വരള്‍ച്ച മൂലം ഇതുവരെ 7888 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് ജില്ലകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. 1,15,731 കര്‍ഷകര്‍ കൃഷിനാശം മൂലം ദുരിതത്തിലാണ്. മൂന്ന് ലക്ഷം ഹെക്ടര്‍ കൃഷിഭൂമി വരണ്ടുണങ്ങി. വിള നഷ്ടം മാത്രം 5810.66 കോടി രൂപ വരും. തെങ്ങ്, നെല്ല്, കുരുമുളക്, റബര്‍ തുടങ്ങിയവയടക്കം മിക്കവാറും വിളകളെയും ഫലവൃക്ഷങ്ങളെയും വരള്‍ച ബാധിച്ചു. വിളനഷ്ടം അമ്പത് ശതമാനത്തോളമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവ് മഴയാണ് ഈ വര്‍ഷം സംസ്ഥാനത്ത് പെയ്തത്. മൊത്തം മഴയുടെ കുറവ് 26 ശതമാനം വരും. തെക്കു പടിഞ്ഞാറന്‍ വര്‍ഷപാതത്തില്‍ 24 ശതമാനവും വടക്കു കിഴക്കന്‍ വര്‍ഷപാതത്തില്‍ 35 ശതമാനത്തിന്റെയും കുറവാണ് രേഖപ്പെടുത്തിയത്. മഴയില്‍ ഏറ്റവും കുറവുണ്ടായത് വയനാട് ജില്ലയിലാണ് – 47.1 ശതമാനം. പത്തനംതിട്ടയില്‍ 45.4 ശതമാനമാണ് മഴയുടെ കുറവ്. 982 വില്ലേജുകള്‍ കൊടും വരള്‍ച്ചയുടെ പിടിയിലാണ്. 524 വില്ലേജുകളെയും വരള്‍ച്ച ബാധിച്ചു തുടങ്ങി. 75 വില്ലേജുകളില്‍ മാത്രമാണ് ആവശ്യത്തിന് ജലലഭ്യതയുള്ളത്. അണക്കെട്ടുകളും വരുണങ്ങുന്നു.

ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കിയില്‍ ഒരു മാസത്തേക്കുള്ള വെള്ളമേയുള്ളൂ. ഒന്നോ രണ്ടോ ദിവസം വേനല്‍ മഴ ലഭിച്ചതു കൊണ്ട് മാത്രം സംസ്ഥാനത്തെ സ്ഥിതി മെച്ചപ്പെടില്ലെന്ന് ഡോ. ശേഖര്‍ പറഞ്ഞു. മലനിരകളില്‍ നിന്നുള്ള വെള്ളം അറബിക്കടലില്‍ എത്തിച്ചേരാന്‍ കേവലം എട്ടു മണിക്കൂര്‍ മതി. ദിവസങ്ങളോളം മഴ നിന്നു പെയ്‌തെങ്കില്‍ മാത്രമേ ഉപരിതല ജലശേഖരം മെച്ചപ്പെടൂ. മഴയുടെ കുറവ് മൂലം മണ്ണിലെ അമ്ലാംശം വര്‍ദ്ധിച്ചിട്ടുണ്ട്. ഓരുജല ഭീഷണി കൂടിയായതോടെ വിളനാശം തടുത്തുനിര്‍ത്താനാവാത്ത സാഹചര്യമാണ്. വരള്‍ച്ചാ ദുരിതാശ്വാസ നടപടികള്‍ക്കു കഴിഞ്ഞ സെപ്തംബറില്‍ തന്നെ സര്‍ക്കാര്‍ തുടക്കമിട്ടതായി സംസ്ഥാനം കേന്ദ്ര സംഘത്തിന് മുന്നില്‍ വ്യക്തമാക്കി.

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, വയനാട് ജില്ലകളെ സെപ്തംബറില്‍ വരള്‍ച്ച ബാധിതമായി പ്രഖ്യാപിച്ചു. വടക്ക് കിഴക്കന്‍ വര്‍ഷപാതവും ചതിച്ചതോടെ മറ്റ് ജില്ലകളെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തി. ജനുവരിയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം അടിയന്തിര നടപടികള്‍ക്ക് ജില്ല കളക്ടര്‍മാരെ ചുമതപ്പെടുത്തി. കളക്ടര്‍മാര്‍ നല്കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ വിവിധ ജില്ലകളില്‍ നടക്കുന്നത്. 85 കോടി രൂപയാണ് ഇതിനായി ജില്ലകള്‍ക്ക് നല്കിയത്.

കാര്‍ഷിക വായ്പകള്‍ക്ക് പലിശ ഇളവ് നല്കാന്‍ ബാങ്കുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. യോഗത്തിന് ശേഷം കേന്ദ്ര സംഘം രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് സ്ഥല സന്ദര്‍ശനം തുടങ്ങി. കേന്ദ്ര ജോയിന്റ് സെക്രട്ടറി നരേന്ദ്രഭൂഷന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളം ജില്ലയിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.  ഇന്ന് കോട്ടയം ജില്ലയിലെ വൈക്കം, വെച്ചൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. നാളെ പത്തനംതിട്ട, കൊല്ലം ജില്ലകളിലും പര്യടനം നടത്തും. കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് ജോയിന്റ് കമ്മീഷണര്‍ ഡോ. കെ. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത്.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ജോയിന്റ് ഡയറക്ടര്‍ സിദില്‍ ശശി, കെ. മനോഹരന്‍, ഫുഡ് കോര്പ്പ റേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ മാനേജര്‍ തമാരി കണ്ണന്‍, ആസൂത്രണ കമ്മീഷന്‍ ഡയറക്ടര്‍ എച്ച്.പി. ശര്‍മ്മ, വി.കെ. ബാത്തിയ, സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ സൂപ്രിങ് എഞ്ചിനീയര്‍ ആര്‍. സുന്ദരമൂര്‍ത്തി എന്നിവരാണ് കേന്ദ്ര സംഘത്തിലെ മറ്റ് അംഗങ്ങള്‍. സന്ദര്‍ശനത്തിന് ശേഷം സംഘം വ്യാഴാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍