അന്താരാഷ്ട്ര ആര്‍ക്കൈവ്‌സ് വാരാഘോഷം സമാപിച്ചു

March 18, 2013 കേരളം

നെയ്യാറ്റിന്‍കര: സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 12 മുതല്‍ നെയ്യാറ്റിന്‍കരയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ആര്‍ക്കൈവ്‌സ് വാരാഘോഷത്തിന്റെ സമാപനസമ്മേളനം സാംസ്‌ക്കാരികവകുപ്പ് മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. പുരാവസ്തുക്കളും പുരാരേഖകളും ചരിത്രത്തിന്റെ ശേഷിപ്പുകളാണെന്നും നമ്മുടെ ചരിത്രം മനസിലാക്കാനും പൂര്‍വ്വികരെ അനുസ്മരിക്കാനും അവ സഹായകരമാണെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങളില്‍ പുരാരേഖകളെ സംബന്ധിച്ച അവബോധം സൃഷ്ടിക്കാനും അതിലൂടെ പുരാരേഖകളുടെ കണ്ടെത്തല്‍, ശേഖരണം, സംരക്ഷണം, അപഗ്രഥനം എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കാനുമാണ് വാരാചരണം സംഘടിപ്പിച്ചത്.

അന്താരാഷ്ട്ര ആര്‍ക്കൈവ്‌സ് വാരാഘോഷത്തിന്റെ സമാപനസമ്മേളനം നെയ്യാറ്റിന്‍കര പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസില്‍ സാംസ്‌കാരികവകുപ്പ്മന്ത്രി കെ.സി.ജോസഫ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

അന്താരാഷ്ട്ര ആര്‍ക്കൈവ്‌സ് വാരാഘോഷത്തിന്റെ സമാപനസമ്മേളനം നെയ്യാറ്റിന്‍കര പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസില്‍ സാംസ്‌കാരികവകുപ്പ്മന്ത്രി കെ.സി.ജോസഫ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

മൂന്ന് കോടിയിലധികം താളിയോലഗ്രന്ഥങ്ങളാണ് സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് സംരക്ഷിച്ചുവരുന്നതെന്നും, സ്വദേശാഭിമാനി രാമകൃഷ്ണപിളളയുടെ ജന്മഗൃഹം ഉചിതമായിപരിപാലിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. നമ്മുടെ മഹത്തായപാരമ്പര്യത്തിന്റെ ചരിത്ര പൈതൃകത്തെക്കുറിച്ചുളള അറിവ് പുതുതലമുറയിലേയ്ക്ക് പകരാന്‍ വാരാഘോഷവും ഇതോടൊപ്പമുളള പ്രദര്‍ശനങ്ങളും സഹായിക്കുമെന്ന് ചടങ്ങിന് അദ്ധ്യക്ഷതവഹിച്ച ആര്‍. സെല്‍വരാജ് എം.എല്‍.എ. അഭിപ്രായപ്പെട്ടു. നെയ്യാറ്റിന്‍കര പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ നടന്ന സമാപനചടങ്ങില്‍ നെയ്യാറ്റിന്‍കര നഗരസഭാചെയര്‍മാന്‍ എസ്.എസ്. ജയകുമാര്‍, ആര്‍ക്കൈവ്‌സ് ഡയറക്ടര്‍ രജികുമാര്‍, വില്‍പാട്ട് ആചാര്യന്‍ തലയല്‍ എസ്. കേശവന്‍ നായര്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ കക്ഷിനേതാക്കള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം