രാജ രാജിവെച്ചു

November 15, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: സ്‌പെക്ട്രം കുംഭകോണത്തില്‍ ആരോപണവിധേയനായ കേന്ദ്ര ടെലികോം മന്ത്രി എ.രാജ രാജിവെച്ചു. അഴിമതിയില്‍ രാജയുടെ നേരിട്ടുള്ള പങ്ക്‌ വ്യക്തമാക്കുന്ന സിഎജി റിപ്പോര്‍ട്ട്‌ പാര്‍ലമെന്റില്‍ വെക്കാനിരിക്കെയാണ്‌ രാജി. ഇന്നലെ രാത്രി ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ രാജ രാജി സമര്‍പ്പിക്കുകയായിരുന്നു.
നേരത്തെ തമിഴ്‌നാട്‌ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കരുണാനിധിയുമായി മാരത്തോണ്‍ ചര്‍ച്ച നടത്തിയ രാജ രാജി നിര്‍ദേശത്തിന്‌ ഒടുവില്‍ വഴിപ്പെടുകയായിരുന്നു. ചെന്നൈയില്‍ ഇന്നലെ രണ്ടുതവണ കരുണാനിധിയെ കണ്ടെങ്കിലും രാജി വയ്‌ക്കുന്ന പ്രശ്‌നമേയില്ലെന്നായിരുന്നു രാജയുടെ നിലപാട്‌. 2 ജി സ്‌പെക്ട്രം ഇടപാടില്‍ 1,76,700 കോടിയോളം രൂപയുടെ നഷ്ടം സര്‍ക്കാര്‍ ഖജനാവിന്‌ വരുത്തിവെച്ചതില്‍ രാജയ്‌ക്ക്‌നേരിട്ട്‌ പങ്കുണ്ടെന്ന സിഎജി റിപ്പോര്‍ട്ട്‌ പുറത്തുവന്നതോടെ പാര്‍ലമെന്റിനകത്തും പുറത്തും രാജിക്ക്‌ വേണ്ടിയുള്ള മുറവിളി ശക്തമായിരുന്നു.
എല്ലാ ഇടപാടുകളും സുതാര്യമാണെന്നും പ്രധാനമന്ത്രയിയുടെ അറിവോടെയാണെന്നുമായിരുന്നു ഡിഎംകെയും രാജയും നേരത്തെ സ്വീകരിച്ചിരുന്ന നിലപാട്‌. രാജയെ ഇനിയും മന്ത്രിസഭയില്‍ നിലനിര്‍ത്തുന്നത്‌ പ്രധാനമന്ത്രിയുടെ പങ്ക്‌ മറയ്‌ക്കാനാണെന്ന ആരോപണം ശക്തമാകുമെന്നതിനാല്‍ രാജി കോണ്‍ഗ്രസ്‌ കോര്‍ ഗ്രൂപ്പ്‌ യോഗം ആവശ്യപ്പെടുകയായിരുന്നുവെന്നാണ്‌ അറിയുന്നത്‌. കോണ്‍ഗ്രസ്‌ കോര്‍ഗ്രൂപ്പ്‌ യോഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌, സോണിയാഗാന്ധി, പ്രണബ്‌ മുഖര്‍ജി, അഹമ്മദ്‌ പട്ടേല്‍ തുടങ്ങിയവരാണ്‌ യോഗത്തില്‍ പങ്കെടുത്തത്‌. രാജി കരുണാനിധിയുടെ ആവശ്യപ്രകാരമാണെന്നാണ്‌ രാജയുടെ ആദ്യ പ്രകടനം. അതേസമയം ജനാധിപത്യത്തിനുവേണ്ടിയുള്ള പ്രതിപക്ഷസമരത്തിന്റെ വിജയമാണിതെന്ന്‌ ബിജെപി വക്താവ്‌ പ്രകാശ്‌ ജാവദേക്കര്‍ ദല്‍ഹിയില്‍ പ്രതികരിച്ചു.
24 മണിക്കൂറിനുള്ളില്‍ രണ്ടുതവണ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം.കരുണാനിധിയുമായി ചര്‍ച്ച നടത്തിയ രാജ രാജിവെക്കുന്ന പ്രശ്‌നമേയില്ലെന്നാണ്‌ ചെന്നൈയില്‍ പ്രതികരിച്ചത്‌. അത്തരമൊരാവശ്യം കരുണാനിധിയുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ലെന്നും ചെന്നൈയിലുള്ളപ്പോഴെല്ലാം ദിവസം രണ്ടുനേരം അദ്ദേഹത്തെ സന്ദര്‍ശിക്കുന്നത്‌ തന്റെ പതിവാണെന്നുമായിരുന്നു രാജയുടെ വിശദീകരണം.
എന്നാല്‍ രാജയെക്കുറിച്ച്‌ പറയാനുള്ളതെല്ലാം പാര്‍ലമെന്റിനുള്ളില്‍ പറയേണ്ട ആവശ്യമേയുള്ളൂവെന്ന്‌ കേന്ദ്ര ധനമന്ത്രി പ്രണബ്‌ മുഖര്‍ജിയും നേരത്തെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന്‌ ഒഴിഞ്ഞുമാറിയിരുന്നു. രാജയുടെ സന്ദര്‍ശനത്തെക്കുറിച്ച്‌ പ്രശ്‌നത്തില്‍ ‘മധ്യസ്ഥനായി നേരത്തെ ദല്‍ഹിക്കയച്ച ദുരൈ മുരുകനെ ഡിഎംകെ ഉച്ചയോടെ തിരിച്ചുവിളിച്ചു. അതിനുശേഷമാണ്‌ രാജ ചെന്നൈയില്‍ കരുണാനിധിയെ കണ്ടത്‌. രാജക്കെതിരെ മുന്‍ ടെലികോം സെക്രട്ടറി ഡി.എസ്‌.മാത്തൂര്‍ നടത്തിയ ശക്തമായ വെളിപ്പെടുത്തലുകളും രാജിക്കുള്ള പ്രതിപക്ഷ ആവശ്യത്തിന്‌ ആക്കം കൂട്ടിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം