മൂന്നാംമുറ ഉപേക്ഷിച്ച് മര്യാദ പോലീസിന്റെ മുഖമുദ്രയാകണം -ജസ്റിസ് ജെ.ബി.കോശി

March 19, 2013 കേരളം

പത്തനംതിട്ട: പോലീസ് മൂന്നാംമുറ പ്രയോഗം ഉപേക്ഷിച്ച് ശാസ്ത്രീയമായ കുറ്റാന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റിസ് ജെ.ബി.കോശി നിര്‍ദ്ദേശിച്ചു. തെറി വിളി മാറ്റി മര്യാദ പോലീസിന്റെ മുഖമുദ്രയാകണമെന്ന് അദ്ദേഹം പറഞ്ഞു.

നിയമപാലകര്‍ക്ക് വേണ്ടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച ബോധവത്ക്കരണ സെമിനാര്‍ പത്തനംതിട്ട ഗവണ്‍മെന്റ് ഗസ്റ് ഹൌസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശം സംരക്ഷിക്കേണ്ട ചുമതലയുള്ള പോലീസ് പലപ്പോഴും മനുഷ്യാവകാശ ധ്വംസകരാകുന്നു. അതിക്രമങ്ങള്‍ കാണിക്കുന്നത് നീതീകരിക്കാന്‍ കഴിയില്ല. പോലീസും മനുഷ്യാവകാശ ലംഘനം നേരിടുന്നുണ്ട്. സിവില്‍ പോലീസ് ഓഫീസര്‍ക്ക് 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും സൌജന്യ വൈദ്യചികിത്സയും ഏര്‍പ്പെടുത്തണം. മനുഷ്യാവകാശ ലംഘനം നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളുമുണ്ട്. വേലിതന്നെ വിളവു തിന്നുന്ന ഈ അവസ്ഥ അവസാനിപ്പിച്ച് സ്വാര്‍ത്ഥലാഭമില്ലാതെ മനു ഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനം നടത്തണം. മാധ്യമങ്ങള്‍ നല്ല കാര്യങ്ങള്‍ക്ക് പ്രചാരണം നല്‍കണം.

മനുഷ്യാവകാശ ലംഘനങ്ങള്‍ തടയേണ്ട ബാധ്യത പോലീസിനുണ്ടെന്ന് നിയമപരിപാലനവും മനുഷ്യാവകാശ സംരക്ഷണവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയ ജയില്‍ ഡിജിപി ഡോ.അലക്സാണ്ടര്‍ ജേക്കബ്ബ് പറഞ്ഞു. മനുഷ്യാവകാശ ധ്വംസന കേസുകളില്‍ സ്വതന്ത്ര അന്വേഷണം സത്യസന്ധമായി നടത്തണം. അന്വേഷണം കൃത്യമായി നടത്താത്തപക്ഷം പ്രതി രക്ഷപ്പെടാനിടയാകും. ആകെയുള്ള 96 മനുഷ്യാവകാശങ്ങളില്‍ 22 അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ചുമതല പോലീസിനുണ്ട്. ജീവിക്കാനുള്ള അവകാശം ഗര്‍ഭത്തിലുള്ളപ്പോഴേ ആരംഭിക്കുന്നു. ഈ അവകാശം ലംഘിക്കുന്നതാണ് പെണ്‍ഭ്രൂണഹത്യ. ഗര്‍ഭത്തിലുള്ള കുഞ്ഞിന് ജനിക്കാനുള്ള അവകാശം ഉറപ്പാക്കണം.

സിസേറിയന്‍ പ്രസവം പ്രസവിക്കാനുള്ള സ്ത്രീയുടെ അവകാശം ലംഘിക്കുന്നു. വീടുകളില്‍ ഭാര്യാപീഡനം വ്യാപകമാണെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നത് ചുരുക്കമാണ്. അനാവശ്യ അറസ്റ് പരമാവധി നിയന്ത്രിക്കണം, അറസ്റ് നിയമാനുസൃതമാകണം. സുപ്രീംകോടതിയുടെ 12ഇന നിര്‍ദ്ദേശം പാലിയ്ക്കണം. സ്ത്രീപീഡന കേസുകളില്‍ വേഗം മെഡിക്കല്‍ ടെസ്റ് നടത്തി മൊഴി രേഖപ്പെടുത്തണം. ശാസ്ത്രീയമായ കേസന്വേഷണത്തിന് ആവശ്യമായ ഉപകരണങ്ങളുടെ പോരായ്മ നികത്തണം. മാധ്യമങ്ങള്‍ കേസന്വേഷണത്തിന് സഹായകമായി പ്രവര്‍ത്തിക്കണം.

കമ്മീഷന്‍ സെക്രട്ടറി ജി.എസ്.ഷൈലാമണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ പി.എം.ബിനുകുമാര്‍ സ്വാഗതവും സെക്ഷന്‍ ഓഫീസര്‍ സി.ഡി ശ്രീനിവാസ് നന്ദിയും പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം