ശശീന്ദ്രന്റെ മരണം: വ്യവസായി രാധാകൃഷ്ണനെ അറസ്റ്റു ചെയ്തു

March 20, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

പാലക്കാട്: മലബാര്‍ സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും രണ്ടു മക്കളുടെയും ദുരൂഹ മരണവുമായി ബന്ധപ്പെട്ടു വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്‍ എന്ന വി.എം. രാധാകൃഷ്ണനെ സിബിഐ അറസ്റ് ചെയ്തു. തുടര്‍ന്നു സിബിഐയുടെ കൊച്ചി ആസ്ഥാനത്തേക്കു കൂടുതല്‍ ചോദ്യം ചെയ്യാനായി കൊണ്ടുപോയി. ശശീന്ദ്രന്റെ മരണം അന്വേഷിക്കുന്ന സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണു പാലക്കാട് റസ്റ്ഹൌസിലേക്കു ചോദ്യം ചെയ്യാനെന്നു ധരിപ്പിച്ചു വിളിച്ചുവരുത്തി രാധാകൃഷ്ണനെ അറസ്റ് ചെയ്തത്. കേസിന്റെ തുടക്കത്തില്‍ മൂന്നാം പ്രതിയായിരുന്ന രാധാകൃഷ്ണനെ അവസാനഘട്ടത്തില്‍ ഒന്നാം പ്രതിയാക്കിയാണു സിബിഐ അറസ്റ് ചെയ്തത്. ഇതു ശശീന്ദ്രന്‍ കേസിനെ വഴിത്തിരിവിലെത്തിച്ചിരിക്കുകയാണ്. രാധാകൃഷ്ണന്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന ശശീന്ദ്രന്റെ ഭാര്യ ടീനയുടെ മൊഴിയും മലബാര്‍ സിമന്റ്സ് അഴിമതിക്കേസും ശശീന്ദ്രന്റെ മരണവും തമ്മിലുള്ള ബന്ധവും കോര്‍ത്തിണക്കിയാണു സിബിഐ ഇയാളെ ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. രണ്ടുവര്‍ഷം നീണ്ട സിബിഐ അന്വേഷണത്തിനൊടുവിലാണ് ഇന്നലെ രാധാകൃഷ്ണന്‍ അറസ്റിലായത്. 2004-06 കാലഘട്ടത്തില്‍ മലബാര്‍ സിമന്റ്സില്‍ നടന്ന വ്യാപകമായ അഴിമതിക്കെതിരേ ശക്തമായ നിലപാടു സ്വീകരിച്ചയാളാണു ശശീന്ദ്രന്‍. ഈ അഴിമതിയില്‍ വി.എം രാധാകൃഷ്ണനു സുപ്രധാനമായ പങ്കുണ്െടന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച അന്വേഷണം നടന്നുകൊണ്ടിരിക്കെയാണു ശശീന്ദ്രനെയും രണ്ടു മക്കളെയും ദുരൂഹസാഹചര്യത്തില്‍ വീട്ടില്‍ മരിച്ചനിലയില്‍ കണ്െടത്തിയത്. ശശീന്ദ്രന്റെ ഭാര്യയുടെ അപേക്ഷ പ്രകാരമാണു ഹൈക്കോടതി കേസ് സിബിഐക്കു കൈമാറിയത്. കേസന്വേഷണം പെട്ടെന്നു തീര്‍ക്കണമെന്നാവശ്യപ്പെട്ടു ശശീന്ദ്രന്റെ സഹോദരന്‍ ഈയിടെ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 2011 ജനുവരി 11നായിരുന്നു കഞ്ചിക്കോട്ടെ വീട്ടില്‍ ശശീന്ദ്രനും മക്കളായ വിവേകും വ്യാസനും തൂങ്ങി മരിച്ച നിലയില്‍ കണ്െടത്തിയത്. ഷൊര്‍ണ്ണൂരില്‍ ജോലിയുണ്ടായിരുന്ന ഭാര്യ ടീന ജോലി കഴിഞ്ഞു വൈകിട്ട് എത്തിയപ്പോഴാണു മരണവിവരം അറിയുന്നത്. ആദ്യം ലോക്കല്‍ പോലീസാണു കേസ് അന്വേഷണം നടത്തിയത്. തെളിവുകളില്ലെന്നു പറഞ്ഞു കേസ് തള്ളികളയാനൊരുങ്ങിയപ്പോഴാണു ഭാര്യ ടീന ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയത്. തുടര്‍ന്നാണു സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസിലെ മൂന്നാം പ്രതിയായിരുന്നു രാധാകൃഷ്ണന്‍. മലബാര്‍ സിമന്റ്സ് അഴിമതി സംബന്ധിച്ചു നിലവിലുള്ള നിരവധി വിജിലന്‍സ് കേസുകളിലെ പ്രതികൂടിയാണു സൂര്യ ഗ്രൂപ്പ് മേധാവിയായ രാധാകൃഷ്ണന്‍. ഇതില്‍ ഒരു കേസില്‍ രാധാകൃഷ്ണനു ജാമ്യം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സിബിഐ യൂണിറ്റിലെ എസ്പി ജോസ് തോമസും ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷണം നടത്തി വരുന്നത്. രാധാകൃഷ്ണനെ സിബിഐ രണ്ടു തവണ ചോദ്യം ചെയ്യുകയും എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. രാധാകൃഷ്ണന്റെ ഓഫീസുകളിലും പല തവണ സിബിഐ റെയ്ഡ് നടത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം